മുംബൈ: വില റെക്കോഡ് തകർത്ത് മുന്നേറുന്നതിനിടെ രാജ്യത്ത് സ്വർണക്കടത്തിൽ വൻ വർധനവുണ്ടായതായി റിപ്പോർട്ട്. ദീപാവലി ആഘോഷത്തിലേക്ക് നീങ്ങുന്നതിനിടെയാണ് സ്വർണക്കടത്തിൽ കനത്ത വർധന രേഖപ്പെടുത്തിയതെന്ന് കസ്റ്റംസ് ഉദ്യോഗസ്ഥരെ ഉദ്ധരിച്ച് റോയിട്ടേസ് റിപ്പോർട്ട് ചെയ്തു. ദീപാവലി ആഘോഷ കാലത്ത് സ്വർണം വാങ്ങുന്നത് ഐശ്വര്യമാണെന്ന വിശ്വാസം ആഭ്യന്തര വിപണിയിൽ ഡിമാൻഡ് ഇരട്ടിയാക്കിയിട്ടുണ്ട്.
ലോകത്തെ ഏറ്റവും വലിയ രണ്ടാമത്തെ സ്വർണ ഉപഭോക്താവാണ് ഇന്ത്യ. രാജ്യത്തെ വിമാനത്താവളങ്ങൾ വഴിയുള്ള സ്വർണക്കടത്ത് പല തവണ പിടിക്കപ്പെട്ടിട്ടുണ്ട്. എങ്കിലും പൂർണമായും നിയന്ത്രിക്കാൻ കഴിഞ്ഞിട്ടില്ല. നേരത്തെ, നികുതി വെട്ടിച്ച് കടത്തിയ സ്വർണം വിൽക്കുന്നത് കടുത്ത വെല്ലുവിളിയായിരുന്നു. ഏറെ സമയമെടുക്കുകയും ചെയ്തിരുന്നു. എന്നാൽ, ഡിമാൻഡ് വർധിച്ചതും ലഭ്യത കുറഞ്ഞതും കാരണം മണിക്കൂറുകൾക്കം സ്വർണം വിറ്റ് കാശാക്കാൻ കള്ളക്കടത്തുകാർക്ക് കഴിയുന്നുണ്ടെന്ന് ചെന്നൈയിലെ ഡീലർ പറഞ്ഞു.
ആറ് ശതമാനം ഇറക്കുമതി നികുതിയും മൂന്ന് ശതമാനം വിൽപന നികുതിയും വെട്ടിച്ചാണ് ഇവർ സ്വർണം കരിഞ്ചന്തയിൽ വിൽക്കുന്നത്. നിലവിൽ ഒരു പവൻ സ്വർണം വാങ്ങാൻ 97,000 രൂപയിലേറെ നൽകണം. വില ഇത്രയേറെ ഉയർന്നതിനാൽ സ്വർണക്കടത്തുകാർക്ക് വലിയ നേട്ടമാണ് നൽകുന്നത്. പിടിക്കപ്പെട്ടില്ലെങ്കിൽ ലക്ഷങ്ങളുടെ ലാഭമുണ്ടാക്കാമെന്നതാണ് സ്വർണക്കടത്തിന് പ്രേരണ നൽകുന്നതെന്നും മുംബൈയിലെ മുതിർന്ന സ്വർണ വ്യാപാരി വ്യക്തമാക്കി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.