സ്വർണം വാങ്ങിയതിന് രേഖയുണ്ടോ?; ഇല്ലെങ്കിൽ വൻ നികുതി നൽകണം

റോം: അന്താരാഷ്ട്ര വിപണിയിൽ സ്വർണത്തിന്റെ വില സർവകാല റെക്കോഡിലേക്ക് ഉയർന്നപ്പോൾ നേട്ടമാക്കാൻ ഇറ്റലി സർക്കാർ തയാറാക്കിയ പദ്ധതി ലോകത്ത് വലിയ ചർച്ചയാണ്. പ്രധാനമന്ത്രി ജോർജിയ മെലോനിയുടെ നേതൃത്വത്തിലുള്ള വലത് സഖ്യകക്ഷി സർക്കാറാണ് വികസന പദ്ധതികൾക്ക് പണം സമാഹരിക്കാൻ പുതിയ വഴി കണ്ടെത്തിയത്. പദ്ധതി വിജയിച്ചാൽ രണ്ട് ബില്ല്യൻ യൂറോ അഥവ 20,440 കോടി രൂപ സമാഹരിക്കാമെന്നാണ് സർക്കാർ കണക്കുകൂട്ടുന്നത്.

ചെറിയ അളവിൽ സ്വർണ നാണയങ്ങളും ആഭരണങ്ങളും ബാറുകളും വീടുകളിൽ സൂക്ഷിക്കുന്നവരാണ് ഇറ്റലിക്കാർ. ഇതിൽ ഭൂരിഭാഗവും മാതാപിതാക്കളിൽനിന്നോ മുത്തശ്ശിമാരിൽനിന്നോ പാരമ്പര്യമായി ലഭിക്കുന്നതാണ്. ഇറ്റലിയുടെ ഔദ്യോഗിക കറൻസിയായിരുന്ന ലിറയേക്കാൾ സുരക്ഷിതമെന്ന നിലക്കാണ് വർഷങ്ങൾക്ക് മുമ്പ് അവർ നിക്ഷേപമായി സ്വർണം വാങ്ങി സൂക്ഷിച്ചിരുന്നത്. കുട്ടികൾക്കും പേരക്കുട്ടികൾക്കും സ്വർണം സമ്മാനമായി നൽകുന്നത് ഇറ്റലിയിലെ പരമ്പരാഗത സമ്പ്രദായമാണ്. പക്ഷെ, ഈ സ്വർണം വാങ്ങിയതിന് ഔദ്യോഗിക ​രേഖകളുണ്ടാകാറില്ല.

നിലവിൽ രാജ്യത്ത് രേഖകളില്ലാതെ സൂക്ഷിക്കുന്ന ഇത്തരം സ്വർണ നാണയങ്ങളും ആഭരണങ്ങളും ബാറുകളും വിൽക്കുകയാണെങ്കിൽ 26 ശതമാനം നികുതി നൽകണം. എന്നാൽ, രേഖകളില്ലെന്ന് ​വെളിപ്പെടുത്തിയാൽ നികുതി 12.5 ശതമാനം നൽകിയാൽ മതിയെന്നാണ് ഇറ്റാലിയൻ സർക്കാർ പറയുന്നത്. സ്വർണത്തിന് നിയമപരമായ രേഖകൾ ലഭ്യമാക്കുന്ന പദ്ധതി അടുത്ത വർഷത്തോടെ നടപ്പാക്കാനാണ് തീരുമാനം.

ജനങ്ങൾ സൂക്ഷിച്ചുവെക്കുന്ന സ്വർണം വിൽക്കാൻ പ്രോത്സാഹിപ്പിക്കുന്നതാണ് പദ്ധതിയെന്ന് സർക്കാർ നയത്തെ പിന്തുണക്കുന്ന ഫോർസ ഇറ്റാലിയ പാർട്ടി അംഗവും സെനറ്ററുമായ ദാരിയോ ദമിയാനി പറഞ്ഞു. ഭാവിയിൽ രേഖകളില്ലാത്ത സ്വർണം വിൽക്കുമ്പോൾ വൻ നികുതി നൽകുന്നതിൽനിന്ന് സർക്കാർ പദ്ധതി ആശ്വാസമാകുമെന്ന് സാമ്പത്തിക വിദഗ്ധരും അഭിപ്രായപ്പെട്ടു. എന്നാൽ, പദ്ധതിയിലൂടെ രണ്ട് ബില്ല്യൻ യൂറോ​ സമാഹരിക്കാൻ കഴിയുമോയെന്ന കാര്യം സംശയമാണെന്ന് ധനകാര്യ മന്ത്രാലയത്തിലെ വക്താവ് പറഞ്ഞു.

അതേസമയം, രാജ്യത്ത് വൻ ചർച്ചയായ പദ്ധതിക്കെതിരെ വിമർശനവും ഉയർന്നു. പണം എങ്ങനെ സമാഹരിക്കണമെന്ന് സർക്കാറിന് അറിയില്ലെന്ന് പ്രതിപക്ഷമായ ഫൈവ് സ്റ്റാർ പാർട്ടിയുടെ പാർലമെന്റ് അംഗവും പാർലമെന്റ് ബജറ്റ് കമ്മീഷൻ വൈസ് പ്രസിഡന്റുമായ ഗിയൻമാറോ ഡെൽഒലിയോ കുറ്റപ്പെടുത്തി. ബജറ്റിലെ ജനപ്രിയമല്ലാത്ത പദ്ധതികൾ റദ്ദാക്കി മധ്യവർഗത്തിന് നികുതി ഇളവ് നൽകാനാണ്  സർക്കാർ നീക്കം. കുടുംബത്തിന് പാരമ്പര്യമായി കിട്ടിയ സ്വർണാഭരണങ്ങളും മറ്റും ആര് വിൽക്കാനാണെന്നും അദ്ദേഹം ചോദിച്ചു.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.