റെയ്മണ്ട് ഗ്രൂപ്പ് മുൻ ചെയർമാൻ വിജയ്പത് സിംഘാനിയ അന്തരിച്ചു

മുംബൈ: രാജ്യത്തെ പ്രമുഖ വസ്ത്രവ്യാപാര ശൃംഖലയായ റെയ്മണ്ട് ഗ്രൂപ്പിന്റെ മുൻ ചെയർമാനും പത്മഭൂഷൻ ജേതാവുമായ വിജയ്പത് സിംഘാനിയ അന്തരിച്ചു. 87 വയസായിരുന്നു. ശനിയാഴ്ച വൈകുന്നേരം മുംബൈയിലായിരുന്നു അന്ത്യം. 1980 മുതൽ 2000 വരെ റേയ്മണ്ട് ഗ്രൂപ്പിന്റെ തലവനായിരുന്നു ​അദ്ദേഹം. വിജയ്പത് സിംഘാനിയയുടെ മകനും നിലവിലെ ചെയർമാനുമായ ഗൗതം സിംഘാനിയയാണ് എക്സിലൂടെ മരണവിവരം പുറത്തുവിട്ടത്. ഉച്ചകഴിഞ്ഞ് മൂന്നുമണിക്ക് ചന്ദൻവാടി ശ്മശാനത്തിലാണ് സംസ്കാരം.

റെയ്മണ്ട് ഗ്രൂപ്പിനെ ലോകനിലവാരത്തിലുള്ള വസ്ത്ര ബ്രാൻഡായി ഉയർത്താൻ നിർണായക പങ്കു​വഹിച്ച വ്യക്തിയാണ് വിജയ്പത്. തന്റെ ഭരണകാലത്ത് റെയ്മണ്ട് ഗ്രൂപ്പിനെ സ്യൂട്ട് തുണിത്തരങ്ങളിലും പുരുഷ വസ്ത്രങ്ങളിലും ആഗോളതലത്തിൽ അംഗീകരിക്കപ്പെട്ട ഒരു ബ്രാൻഡാക്കി മാറ്റി. നിർമ്മാണം, ചില്ലറ വിൽപ്പന, കയറ്റുമതി എന്നിവയിൽ ശ്രദ്ധകേന്ദ്രീകരിക്കുന്നതിന് നേതൃത്വം നൽകി. സ്ഥാനമൊഴിഞ്ഞ ശേഷം നേതൃത്വം മകൻ ഗൗതം സിംഘാനിയക്ക് കൈമാറുകയായിരുന്നു. കൂടാതെ കമ്പനിയിലെ തന്റെ 37 ശതമാനം ഓഹരിയും മകന് കൈമാറി.

ബിസിനസ്സിനപ്പുറം വിമാനയാത്രകളിലും സാഹസികതയിലുമുള്ള അഭിനിവേശത്തിന് അദ്ദേഹം പ്രശസ്തനായിരുന്നു. പരിശീലനം ലഭിച്ച പൈലറ്റും ഓണററി എയർ കൊമ്മഡോറുമായിരുന്നു അദ്ദേഹം. നിരവധി വ്യോമയാന, ബലൂൺ സാഹസിക റെക്കോർഡുകൾ അദ്ദേഹം സ്ഥാപിച്ചു. ലോകത്തിലെ മുൻനിര ബലൂണിസ്റ്റുകളിൽ ഒരാളെന്ന അംഗീകാരം നേടി. 67-ാം വയസ്സിൽ ഹോട്ട് എയർ ബലൂണിൽ ഏറ്റവും ഉയർന്ന ഉയരത്തിൽ പറന്നതിന്റെ ലോക റെക്കോഡ് സ്വന്തമാക്കിയിരുന്നു. വ്യവസായത്തിനും സമൂഹത്തിനും നൽകിയ സംഭാവനകളെ മാനിച്ച് ഇന്ത്യയിലെ മൂന്നാമത്തെ ഉയർന്ന സിവിലിയൻ ബഹുമതിയായ പത്മഭൂഷൺ അദ്ദേഹത്തിന് നൽകി ആദരിച്ചിരുന്നു. 

Tags:    
News Summary - Former Raymond chairman Vijaypat Singhania dies at 87 in Mumbai

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.