ചെന്നൈ: അമേരിക്കൻ കാർ നിർമാതാക്കളായ ഫോർഡ് മോട്ടോർ ഇന്ത്യയിലെ ഫാക്ടറി വീണ്ടും തുറക്കാൻ ഒരുങ്ങുന്നതായി റിപ്പോർട്ട്. തമിഴ്നാട്ടിലെ മറമലൈ നഗറിലുള്ള ഫാക്ടറിയാണ് തുറക്കുന്നത്. നാല് വർഷം മുമ്പ് പൂട്ടിയ ഫാക്ടറിയിൽ 3250 കോടി രൂപ നിക്ഷേപം നടത്താനാണ് ഫോർഡ് നീക്കം. ബ്ലൂംബർഗാണ് ഇതു സംബന്ധിച്ച വാർത്ത റിപ്പോർട്ട് ചെയ്തത്. ഈ ഫാക്ടറിയിൽനിന്ന് വർഷം രണ്ട് ലക്ഷം വാഹന എൻജിനുകൾ പുറത്തിറക്കാനാണ് ലക്ഷ്യമിടുന്നത്.
ആഭ്യന്തര വിപണിയിൽ കാർ നിർമാണം പുനരാരംഭിക്കുന്നതിന് പുറമെ, യു.എസ് ഒഴികെയുള്ള അന്താരാഷ്ട്ര വിപണിയിലേക്ക് എൻജിൻ കയറ്റുമതി ചെയ്യാനും പദ്ധതിയുണ്ട്. ഇതു സംബന്ധിച്ച് ഒരാഴ്ചക്കം കമ്പനി പ്രഖ്യാപനം നടത്തുമെന്നും റിപ്പോർട്ട് പറയുന്നു. അഞ്ച് വർഷം മുമ്പാണ് കമ്പനി ഇന്ത്യയിൽ കാർ നിർമാണം നിർത്തിവെച്ചത്. അതേസമയം, ബ്ലൂംബർഗ് റിപ്പോർട്ടിനോട് ഫോർഡ് പ്രതികരിച്ചിട്ടില്ല.
ഇന്ത്യയിൽ കാർ ഉത്പാദനം പുനരാരംഭിക്കുമെന്ന് ഒരു വർഷം മുമ്പ് ഫോർഡ് സൂചന നൽകിയിരുന്നു. യു.എസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ് ഇന്ത്യക്കെതിരെ 50 ശതമാനം കയറ്റുമതി നികുതി പ്രഖ്യാപിച്ച പശ്ചാത്തലത്തിലാണ് ആഭ്യന്തര വിപണിയിൽ ഫോർഡ് വൻ നിക്ഷേപം നടത്താൻ ഒരുങ്ങുന്നത്.
യു.എസ് വിപണിയിൽ കാർ നിർമാണം പ്രോത്സാഹിപ്പിക്കുകയാണ് ട്രംപിന്റെ നിലപാട്. നേരത്തെ ഇന്ത്യയടക്കമുള്ള രാജ്യങ്ങളിലെ പദ്ധതിയുടെ പേരിൽ ഫോർഡിനെതിരെ ട്രംപ് കടുത്ത വിമർശനം ഉന്നയിച്ചിരുന്നു. എന്നാൽ, യു.എസിൽ കാർ ഉത്പാദനം ശക്തമാക്കാൻ ഫോർഡ് ഈയിടെ പ്രഖ്യാപിച്ച പദ്ധതിയിൽ ട്രംപ് സംതൃപ്തനാണ്.
കാർ ഉത്പാദനത്തിന്റെ ആസ്ഥാനം എന്ന നിലക്ക് ഇന്ത്യ നൽകുന്ന ആത്മവിശ്വാസമാണ് ഫോർഡ് തിരിച്ചുവരാനുള്ള കാരണമെന്നാണ് റിപ്പോർട്ട്. 1995ലാണ് ഫോർഡ് ചെന്നൈയിൽ ഫാക്ടറി തുടങ്ങിയത്. 2015ൽ ഗുജറാത്തിൽ സനന്ദിൽ മറ്റൊരു ഫാക്ടറികൂടി സ്ഥാപിച്ചിരുന്നു. മഹീന്ദ്രയുമായുള്ള സംയുക്ത സംരംഭം അവസാനിപ്പിച്ചതോടെ ഫോർഡ് കനത്ത നഷ്ടത്തിലാവുകയായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.