ഇലോൺ മസ്ക്
ന്യൂയോർക്ക്: സ്പേസ് എക്സിന്റെ റെക്കോർഡ് പ്രാരംഭ ഓഹരി വില്പനക്ക് (ഐ.പി.ഒ) പിന്നാലെ ആഗോള സാമ്പത്തിക ചരിത്രത്തിൽ ഇന്നേവരെ ആരും കൈവരിക്കാത്ത അത്രയും വലിയൊരു നേട്ടം സ്വന്തമാക്കി എലോൺ മസ്ക്. കമ്പനി ഫയലിങ്ങുകളും ഫോർബ്സ് കണക്കുകളും അടിസ്ഥാനമാക്കി റോയിട്ടേഴ്സ് പുറത്തുവിട്ട വിവരങ്ങൾ പ്രകാരം, മസ്കിന്റെ ആകെ ആസ്തി 1.1 ട്രില്യൺ ഡോളർ (ഏകദേശം 91.85 ലക്ഷം കോടി ഇന്ത്യൻ രൂപ) കടന്നു. ഇതോടെ ലോകത്തിലെ ആദ്യത്തെ ഔദ്യോഗിക 'ട്രില്യണയർ' ആയി മസ്ക് മാറി. എന്നാൽ, ലോകം മുഴുവൻ ഈ വമ്പൻ നേട്ടം ആഘോഷിക്കുമ്പോഴും, ഭാവിയിൽ പണത്തിന് ഒട്ടും വിലയുണ്ടാകില്ലെന്ന വിചിത്രമായ വാദവുമായി രംഗത്തെത്തിയിരിക്കുകയാണ് മസ്ക്.
2026ലെ അബൻഡൻസ് സമ്മിറ്റിൽ പീറ്റർ ഡയമണ്ട്സുമായി മസ്ക് നടത്തിയ സംഭാഷണത്തിന്റെ വിഡിയോ ക്ലിപ്പാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാകുന്നത്. ആർട്ടിഫിഷ്യൽ ഇന്റലിജൻസും റോബോട്ടുകളും നിയന്ത്രിക്കുന്ന ഒരു ഭാവി ലോകത്ത് പരമ്പരാഗതമായ ജോലി, വരുമാനം, പണം എന്നിവയുടെ സങ്കൽപ്പങ്ങൾ പൂർണമായും മാറുമെന്ന് മസ്ക് വ്യക്തമാക്കുന്നു.'ഭാവിയിൽ നമ്മൾ 'യൂനിവേഴ്സൽ ഹൈ ഇൻകം' സംവിധാനത്തിലേക്ക് മാറും. അടിസ്ഥാനപരമായി നമ്മൾ ആളുകൾക്ക് പണം ചുമ്മാ അച്ചടിച്ച് നൽകേണ്ടി വരും.
എ.ഐയും റോബോട്ടുകളും ചേർന്ന് മനുഷ്യർക്ക് ആവശ്യമായതിലും കൂടുതൽ സാധനങ്ങളും സേവനങ്ങളും നിർമിച്ചു നൽകും. അതുകൊണ്ടുതന്നെ ഭാവിയിൽ ഒരു ഘട്ടത്തിൽ പണത്തിന്റെ പ്രസക്തി പൂർണമായും നഷ്ടപ്പെടും,' മസ്ക് പറഞ്ഞു. ഇതിന് മറുപടിയായി, 'അപ്പോൾ നിങ്ങൾ ഒരു മൾട്ടി-ട്രില്യണയർ ആകുന്ന അതേ സമയത്ത് തന്നെ പണത്തിന്റെ മൂല്യം ഇല്ലാതാകുകയാണോ?' എന്ന് പീറ്റർ ചിരിച്ചുകൊണ്ട് ചോദിച്ചപ്പോൾ, 'അതെ, ഏതാണ്ട് അങ്ങനെ തന്നെ!' എന്നായിരുന്നു മസ്കിന്റെ മറുപടി.
എ.ഐ സാങ്കേതികവിദ്യ ലോകത്ത് വൻതോതിലുള്ള വിഭവസമൃദ്ധി കൊണ്ടുവരുമെന്നാണ് മസ്കിന്റെ വിപരീത ചിന്ത. മെഷീനുകൾ വളരെ കുറഞ്ഞ ചിലവിൽ ഉത്പാദനം നടത്തുന്നതോടെ ഇന്ന് സാധാരണക്കാർക്ക് വലിയ ചിലവ് വരുന്ന ആരോഗ്യ സംരക്ഷണം, ഭവന നിർമാണം, ഭക്ഷണം, മറ്റ് സേവനങ്ങൾ എന്നിവയെല്ലാം വളരെ എളുപ്പത്തിലും കുറഞ്ഞ ചിലവിലും എല്ലാവർക്കും ലഭ്യമാകും. ടെസ്‌ലയുടെ ഹ്യൂമനോയിഡ് റോബോട്ടായ ഒപ്റ്റിമസ് പോലുള്ള പദ്ധതികൾ ഇതിന് ആക്കം കൂട്ടും. മനുഷ്യർക്ക് ജീവിക്കാൻ കുറഞ്ഞ വരുമാനം നൽകുന്നതിനെക്കുറിച്ച് ചർച്ച ചെയ്യുന്നതിന് പകരം ഉയർന്ന ജീവിതനിലവാരം ഉറപ്പാക്കുന്ന 'യൂനിവേഴ്സൽ ഹൈ ഇൻകം' നൽകാൻ സമൂഹങ്ങൾക്ക് സാധിക്കുമെന്ന് മസ്ക് കരുതുന്നു.
ഭാവിയിലെ അത്യാധുനിക എ.ഐ സംവിധാനങ്ങൾക്ക് ഡോളർ പോലെയുള്ള മനുഷ്യന്റെ കറൻസികളോട് താൽപര്യവുമുണ്ടാകില്ലെന്ന് മസ്ക് ചൂണ്ടിക്കാണിക്കുന്നു. പകരം അവ യഥാർത്ഥ ലോകത്തിലെ ഊർജത്തെയും ഭൗതിക വിഭവങ്ങളെയും ആയിരിക്കും കൂടുതൽ ആശ്രയിക്കുക.'എ.ഐ ഹ്യൂമൻ കറൻസി ഉപയോഗിക്കില്ല. അത് പവറിലും മാസിലും മാത്രമായിരിക്കും ശ്രദ്ധ കേന്ദ്രീകരിക്കുക.'ലളിതമായി പറഞ്ഞാൽ, ഭാവിയിലെ സമ്പദ്‌വ്യവസ്ഥ നിയന്ത്രിക്കുക കൈയിൽ പണമുള്ളവരല്ല, മറിച്ച് വൈദ്യുതി, കമ്പ്യൂട്ടിങ് പവർ, വലിയ ഫാക്ടറികൾ, അസംസ്കൃത വസ്തുക്കൾ എന്നിവയുടെ നിയന്ത്രണമുള്ളവരായിരിക്കും എന്നാണ് മസ്കിന്റെ വിലയിരുത്തൽ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.