വിദേശികൾ തിരിച്ചുവരുന്നു; നിക്ഷേപിച്ചത് 10000 കോടി, ഓഹരി വിപണി റാലിക്ക് ഒരുങ്ങുക​യാണോ?

മുംബൈ: കോടിക്കണക്കിന് രൂപയുടെ ഓഹരികൾ വിൽപന നടത്തിയ വിദേശ നിക്ഷേപകർ വിപണിയിലേക്ക് തിരിച്ചുവരുന്നതായി സൂചന. ഒരാ​ഴ്ചക്കിടെ പ്രൈമറി, സെക്കൻഡറി വിപണിയിൽ 10,529 കോടിയിലേറെ രൂപയുടെ ഓഹരികളാണ് വിദേശ നിക്ഷേപകർ വാങ്ങിക്കൂട്ടിയത്. ഒക്ടോബർ ഏഴ് മുതൽ 14 വരെ സെക്കൻഡറി വിപണിയിൽനിന്ന് മാത്രം 3000 കോടിയിലേറെ രൂപയുടെ ഓഹരി വാങ്ങി. അതേസമയം, പ്രൈമറി വിപണിയായ ഐ.പി.ഒ രംഗത്താണ് വിദേശികൾ ഏറ്റവും അധികം നിക്ഷേപം ഇറക്കിയത്. 7600 കോടി രൂപയിൽ അധികം നിക്ഷേപിച്ചതായി എൻ.എസ്.ഡി.എൽ ഡാറ്റ പറയുന്നു.

വിദേശ നിക്ഷേപകരുടെ തിരിച്ചു വരവോടെ മാസങ്ങളോളം ഇടിഞ്ഞ ഓഹരി വിപണി ഒക്ടോബറിൽ ഉണർന്നു. സെൻസെക്സും നിഫ്റ്റിയും മൂന്ന് ശതമാനം ഉയർന്നു. ബി.എസ്.ഇ മിഡ്കാപ് സൂചിക 3.4 ശതമാനവും സ്മാൾകാപ് സൂചിക 1.7 ശതമാനവും കുതിച്ചുകയറി.

വിദേശ നിക്ഷേപം തിരിച്ചുവരുന്നതായുള്ള സൂചന വിപണിക്ക് വൻ പ്രതീക്ഷയാണ് നൽകുന്നത്. ഈ മാറ്റം താൽകാലികം മാത്രമാണെന്നാണ് ചില വിദഗ്ധർ അഭിപ്രായപ്പെടുന്നതെങ്കിലും കമ്പനികളുടെ പാദവാർഷിക ഫലവും രാജ്യത്തിന്റെ സാമ്പത്തിക സ്ഥിതിയും മെച്ചപ്പെടുന്നതിന്റെ സൂചനയാണെന്നാണ് മറ്റു പലരും വിലയിരുത്തുന്നത്.

രണ്ട് മാസത്തിനുള്ളിൽ ഇന്ത്യ-യു.എസ് വ്യാപാര കരാർ യാഥാർഥ്യമാകുമെന്ന നിക്ഷേപകരുടെ പ്രതീക്ഷയാണ് വിപണിയിലെ ഉണർവിന് കാരണമെന്ന് എസ്.ബി.ഐ സെക്യുരിറ്റീസിലെ സണ്ണി അഗർവാൾ പറഞ്ഞു. എന്നാൽ, വിദേശ നിക്ഷേപകരുടെ ഓഹരി വാങ്ങൽ എത്ര കാലം തുടരുമെന്നോ വിപണിയിൽ അനിശ്ചിതാവസ്ഥ തിരിച്ചുവരുമോന്നോ പറയാനാവില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

ഓഹരികളുടെ മൂല്യം ആകർഷകമായതിനാൽ ഈ സാമ്പത്തിക വർഷത്തിന്റെ രണ്ടാം പകുതിയിൽ വിപണിയിൽ കുതിപ്പുണ്ടാകുമെന്നാണ് കണക്കുകൂട്ടുന്നതെന്ന് ബി.​ആർ ചോക്സി ഫിൻസെർവിന്റെ ​തലവനായ ദേവൻ ചോക്സി അഭിപ്രായപ്പെട്ടു.

ഈ വർഷം ​ജനുവരി മുതൽ സെപ്റ്റംബർ വരെ രണ്ട് ലക്ഷം കോടിയിലേറെ രൂപയുടെ ഓഹരികളാണ് വിദേശ നിക്ഷേപകർ വിൽപന നടത്തിയത്. ജി.എസ്.ടി വെട്ടിക്കുറച്ചതും റിപോ നിരക്ക് താഴ്ത്തിയതും അടക്കം നിരവധി സാമ്പത്തിക പരിഷ്‍കാരങ്ങൾക്ക് തുടക്കം കുറിച്ചിട്ടും വിപണിക്ക് കനത്ത ഇടിവ് നേരിടേണ്ടി വന്നു.

Tags:    
News Summary - FIIs turn net buyers, invest more than 10k crore

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.