2025ലെ ലോകത്തെ സൂപ്പർ സ്റ്റാർ ഓഹരി; എ.ഐ കമ്പനി നൽകിയത് ബംബർ റിട്ടേൺ

വാഷിങ്ടൺ: ഡാറ്റ ​സ്റ്റോറേജിനുള്ള ആർട്ടിഫിഷ്യൽ ഇന്റലിജൻസിന്റെ (എ.ഐ) അടങ്ങാത്ത മോഹം കാരണം ലോകത്തിന്റെ പ്രിയപ്പെട്ട ഓഹരിയായി ജപ്പാനിലെ കമ്പനി​. മെമ്മറി ചിപ് നിർമാണ കമ്പനിയായ കിയോക്സിയ ഹോൾഡിങ്സ് കോർപറേഷനാണ് നിക്ഷേപകരുടെ ഈ വർഷത്തെ ഏറ്റവും ഇഷ്ട ഓഹരിയായി മാറിയത്. 540 ശതമാനം റിട്ടേണാണ് കിയോക്സിയ നിക്ഷേപകർക്ക് നൽകിയത്.

എം‌.എസ്‌.സി.‌ഐ വേൾഡ് ഇൻഡക്‌സിലാണ് മറ്റ് ഓഹരികളെ മറികടന്ന് കിയോക്സിയ ഒന്നാമതെത്തിയത്. ജപ്പാനിലെ ടോപിക്സ് സൂചികയിലും ഏറ്റവും മികച്ച സ്റ്റോക്കായി കിയോക്സിയ മാറി. 23 വികസിത രാജ്യങ്ങളിലെ ലാർജ്, മിഡ്-ക്യാപ് ഓഹരികളെ ട്രാക് ചെയ്യുന്ന ആഗോള സ്റ്റോക്ക് മാർക്കറ്റ് സൂചികയാണ് എം‌.എസ്‌.സി.‌ഐ വേൾഡ് ഇൻഡക്‌സ്.

മൊബൈൽ ഫോൺ, ലാപ്ടോപ് അടക്കമുള്ള ഉത്പന്നങ്ങളിൽ ഉപ​യോഗിക്കുന്ന നാൻഡ് ഫ്ലാഷ് മെമ്മറി കാർഡുകൾ നിർമിക്കുന്ന കമ്പനിയാണ് കിയോക്സിയ. കഴിഞ്ഞ ഡിസംബറിലാണ് ടോക്യോ സ്റ്റോക്ക് എക്സ്ചേഞ്ചിൽ കമ്പനി ഓഹരി വ്യാപാരം തുടങ്ങിയത്. 36 ബില്ല്യൻ ഡോളർ അതായത് 3.23 ലക്ഷം കോടി രൂപയുടെ വിപണി മൂലധനമാണ് കമ്പനിക്കുള്ളത്. ആപ്പിൾ, മൈക്രോസോഫ്റ്റ് തുടങ്ങിയ ഐ.ടി ഭീമന്മാരാണ് കിയോക്സിയയുടെ ക്ലയന്റുകൾ.

എ.ഐ അടിസ്ഥാന വികസന രംഗത്ത് മെമ്മറി ചിപ്പുകളുടെ ഡിമാൻഡ് കുതിച്ചുയരുമെന്നാണ് കിയോക്സിയയുടെ മുന്നേറ്റം നൽകുന്ന സൂചന. എ.ഐ ട്രെയിനിങ്ങിനും ഡാറ്റ സെന്ററുകൾക്കും ഏറ്റവും ഉപയോഗിക്കുന്ന ചിപ്പുകളാണ് കമ്പനി നിർമിക്കുന്നത്. ശക്തമായ ഡിമാൻഡുണ്ടെങ്കിലും മെമ്മറി ചിപ്പുകളുടെ വിതരണത്തിൽ കനത്ത ക്ഷാമം നേരിടുമെന്നും മൊബൈൽ ഫോണുകൾക്കടക്കം വില ഉയരുമെന്നും നേരത്തെ മുന്നറിയിപ്പുണ്ടായിരുന്നു. മെമ്മറി ചിപ്പുകൾക്ക് വേണ്ടിയുടെ ഡിമാൻഡിൽ റെക്കോഡ് വർധനയുണ്ടായതോടെ കമ്പനിയുടെ വരുമാനം ഉയരുമെന്ന ​പ്രതീക്ഷയിൽ കിയോക്സിയയുടെ ഓഹരികൾ നിക്ഷേപകർ കൂട്ടമായി വാങ്ങിക്കൂട്ടുകയായിരുന്നു.

മെമ്മറി ചിപ് ഡിമാൻഡ് വർധിച്ചത് അടുത്ത വർഷം സുംകോ കോർപറേഷൻ പോലുള്ള ചിപ്പ് വേഫർ നിർമാതാക്കൾക്കും ഗുണം ചെയ്യുമെന്ന് ജപ്പാനിലെ അസിമെട്രിക് അഡ്വൈസേഴ്‌സിലെ ഇക്വിറ്റി സ്ട്രാറ്റജിസ്റ്റ് അമീർ അൻവർസാദെ പറഞ്ഞു.

അതേസമയം, ശക്തമായ റാലി കാരണം കിയോക്സിയ ഓഹരിയുടെ മൂല്യം അമിതമായി ഉയർന്നതായി ആശങ്കയുണ്ട്. നിക്ഷേപകരുടെ പ്രതീക്ഷക്ക് അനുസരിച്ച് പാദവാർഷിക ഫലം ഉയരാതിരുന്നതിനെ തുടർന്ന് നവംബറിൽ കിയോക്സിയയുടെ ഓഹരി വില ഒറ്റ് ദിവസം 23 ശതമാനത്തിന്റെ ഇടിവാണ് നേരിട്ടത്. 

Tags:    
News Summary - Demand for AI Memory Makes Kioxia MSCI World’s Best Stock of the Year

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.