മുംബൈ: അപൂർവ ധാതുക്കളുടെ കയറ്റുമതി നിയന്ത്രണം ചൈന ഉടനൊന്നും നീക്കാൻ സാധ്യതയില്ലെന്ന് സൂചന. ഇന്ത്യക്ക് അപൂർവ ധാതുക്കൾ നൽകണമെങ്കിൽ പുതിയ നിബന്ധന അംഗീകരിക്കണമെന്നാണ് ചൈനയുടെ നിലപാട്. രാജ്യത്തെ ഇലക്ട്രിക് വാഹന നിർമാതാക്കളുമായി നടത്തിയ ചർച്ചയിലാണ് ചൈനീസ് എംബസി നിബന്ധ മുന്നോട്ടുവെച്ചത്. അപൂർവ ധാതുക്കളുടെ കയറ്റുമതി നിയന്ത്രണം നീക്കണമെന്നാവശ്യപ്പെട്ടായിരുന്നു ചർച്ച. ദീപാവലി ആഘോഷത്തിനിടെ ആഭ്യന്തര വിപണിയിൽ വാഹനങ്ങളുടെ ഡിമാൻഡ് കുതിച്ചുയരുകയും അപൂർവ ധാതുക്കളുടെ ലഭ്യത കുറഞ്ഞത് ഉത്പാദനത്തെ ഗുരുതരമായി ബാധിക്കുകയും ചെയ്ത സാഹചര്യത്തിലായിരുന്നു കൂടിക്കാഴ്ച.
ചൈനീസ് കമ്പനികളുടെ നിക്ഷേപത്തിന് കേന്ദ്ര സർക്കാർ ഏർപ്പെടുത്തിയ നിയന്ത്രണം നീക്കിയാൽ ഇളവ് നൽകാമെന്നാണ് പുതിയ നിബന്ധന. പ്രസ് നോട്ട് -3 എന്ന ചട്ടത്തിൽ ഇളവ് നൽകണമെന്നാണ് പ്രധാന ആവശ്യം. ചൈനയടക്കമുള്ള അയൽ രാജ്യങ്ങൾ രാജ്യത്ത് നിക്ഷേപം നടത്തുന്നതിന് മുമ്പ് കേന്ദ്ര സർക്കാറിന്റെ മുൻകൂർ അനുമതി തേടണമെന്നാണ് പ്രസ് നോട്ട്-3 ചട്ടം പറയുന്നത്. കോവിഡ് കാലത്ത് കടുത്ത സാമ്പത്തിക പ്രതിസന്ധി നേരിട്ട കമ്പനികളെ അവസരം മുതലെടുത്ത് സ്വന്തമാക്കുന്നത് തടയുകയായിരുന്നു ഈ നയത്തിന്റെ ലക്ഷ്യം. ദേശീയ സുരക്ഷ ചൂണ്ടിക്കാട്ടിയാണ് വിദേശ നിക്ഷേപ നയത്തിൽ ഭേദഗതി വരുത്തി പ്രസ് നോട്ട് -3 (2020) നടപ്പാക്കിയത്. അതിർത്തി തർക്കത്തിന് പിന്നാലെ ചൈന രാജ്യത്ത് നിക്ഷേപം വർധിപ്പിക്കുമോയെന്ന് ആശങ്ക ഉയർന്നതോടെയാണ് 2020 ഏപ്രിൽ 17ന് ഈ തീരുമാനമെടുത്തത്.
ഈ നയം മാറ്റാതെ കയറ്റുമതി പുനരാരംഭിക്കില്ലെന്നും അപൂർവ ധാതുക്കൾ വിതരണം ചെയ്യുന്ന കമ്പനികളുമായി ചർച്ച നടത്തി സമയം പാഴാക്കേണ്ടതില്ലെന്നും ചൈനീസ് എംബസി ഉദ്യോഗസ്ഥർ തീർത്തുപറഞ്ഞു. അഞ്ച് വർഷത്തിനിടെ നിരവധി ചൈനീസ് ഉത്പന്നങ്ങളുടെ അനുമതി ബ്യൂറോ ഓഫ് ഇന്ത്യൻ സ്റ്റാൻഡേഡ്സ് തള്ളിയതായി അവർ ചൂണ്ടിക്കാട്ടി. പ്രസ് നോട്ട് -3 നയം തിരുത്താൻ വിദേശ കാര്യ മന്ത്രാലയത്തോടും ആഭ്യന്തര വ്യവസായ, വ്യാപാര പ്രോത്സാഹന വകുപ്പിനോടും ആവശ്യപ്പെടണം. അപൂർവ ധാതുക്കളുടെ കയറ്റുമതി നിയന്ത്രണം ആറ് മാസത്തിനകം നീക്കാൻ സാധ്യതയില്ലെന്നും ഇലക്ട്രിക് വാഹന നിർമാതാക്കൾക്ക് ചൈനീസ് എംബസി സൂചന നൽകി. അതേസമയം, ഇതു സംബന്ധിച്ച് ചൈനീസ് എംബസി അധികൃതരും കേന്ദ്ര സർക്കാരും പ്രതികരിച്ചിട്ടില്ല.
ലോകത്ത് അപൂർവ ധാതുക്കളുടെ 90 ശതമാനത്തിലേറെയും നിക്ഷേപം ചൈനയിലാണ്. ആയുധ നിർമാണത്തിന് ഉപയോഗിക്കുമെന്ന് ചൂണ്ടിക്കാട്ടി ഏപ്രിലിൽ ചൈന കയറ്റുമതി നിർത്തിയിരുന്നു. ഇതേതുടർന്ന് ഇന്ത്യയിലെ വാഹന നിർമാണ മേഖല കടുത്ത പ്രതിസന്ധിയിലൂടെയാണ് നീങ്ങുന്നത്. നിയോഡൈമിയം, പ്രസിയോഡൈമിയം, ഡിസ്പ്രോസിയം, ടെർബിയം, ലാന്തനം തുടങ്ങിയ അപൂർവ ധാതുക്കൾ ഏറ്റവും കൂടുതൽ ഇപയോഗിക്കുന്നത് ഇലക്ട്രിക് വാഹനങ്ങളുടെയും ബാറ്ററികളുടെയും നിർമാണത്തിനാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.