മുംബൈ: രാജ്യത്തെ വ്യവസായികളും സമ്പന്നരുമായവരുടെമേൽ നിരീക്ഷണം ശക്തമാക്കാൻ സെക്യൂരിറ്റി എക്സ്ചേഞ്ച് ബോർഡ് ഓഫ് ഇന്ത്യ (സെബി) പദ്ധതി തയാറാക്കുന്നു. ഇതു സംബന്ധിച്ച് ഓഹരി വിപണി നിയന്ത്രിക്കുന്ന സെബി ചർച്ച തുടങ്ങിയതായി ഇകണോമിക്സ് ടൈംസ് പത്രം റിപ്പോർട്ട് ചെയ്തു. ഓഹരി നിക്ഷേപ രംഗത്ത് സമ്പന്നരുടെ സ്വാധീനം ശക്തമാകുന്ന സാഹചര്യത്തിലാണ് നീക്കം.
അദാനി ഗ്രൂപ്പ് തലവൻ ഗൗതം അദാനി, റിലയൻസ് ഇൻഡസ്ട്രീസ് ഉടമ മുകേഷ് അംബാനി, വിപ്രോ മേധാവി അസിം പ്രേംജി, ഇൻഫോസിസ് സഹസ്ഥാപകൻ നാരായണ മൂർത്തി, എച്ച്.സി.എൽ എന്റർപൈസിസ് ചെയർമാൻ ശിവ് നാഡർ തുടങ്ങിയ നിരവധി സമ്പന്നരുടെ ഓഹരി നിക്ഷേപമാണ് നിരീക്ഷിക്കുക. സമ്പന്നരുടെ നിക്ഷേപങ്ങൾ നിരീക്ഷിക്കുന്ന ഒരു ചട്ടവും നിലവിലില്ല.
കമ്പനികളുടെ പേരും ആസ്തിയും ലാഭവും അടക്കം വിവരങ്ങൾ ഇവരിൽനിന്ന് ആവശ്യപ്പെടും. മാത്രമല്ല, നിക്ഷേപം നിരീക്ഷിക്കുന്നതിന് പ്രത്യേക സംവിധാനവും കൊണ്ടുവരും. ഇതാദ്യമായാണ് നിക്ഷേപത്തിലൂടെ ലഭിച്ച ലാഭമെത്രയാണെന്ന് സെബി ആരായുന്നത്.
പദ്ധതി നടപ്പാക്കുന്നതിന്റെ മുന്നോടിയായി പ്രമുഖ സമ്പന്നരുമായി സെബി ഈ വർഷം ആദ്യം ചർച്ചകൾ നടത്തിയിരുന്നു. എന്നാൽ, പുതിയ സംവിധാനം എന്ന് നിലവിൽ വരുമെന്ന കാര്യം അവ്യക്തമാണ്. റിപ്പോർട്ടിനോട് സെബി ഇതുവരെ പ്രതികരിച്ചിട്ടില്ല.
സമ്പന്നരുടെ നിക്ഷേപം ഓഹരി വിപണിയിൽ വലിയ സ്വാധീനം ചെലുത്തുന്നതായി കണ്ടെത്തിയിരുന്നു. 20 വർഷങ്ങൾക്ക് മുമ്പ് വിരലിലെണ്ണാവുന്ന ശതകോടീശ്വരന്മാർ മാത്രമായിരുന്നു രാജ്യത്തുണ്ടായിരുന്നത്. എന്നാൽ, സ്റ്റാർട്ട്അപ്പുകളിലും സ്വകാര്യ ഓഹരി നിക്ഷേപ രംഗത്തും ഐ.പി.ഒകളിലും ഏറ്റവും കൂടുതൽ നിക്ഷേപം നടത്തുന്നവരായി അവർ മാറി. പലരും മറ്റൊരു പേരിലോ രഹസ്യമായോ ആണ് നിക്ഷേപം നടത്തുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.