ഓട്ടോ പേ, ഇൻഷുറൻസ്, ക്രെഡിറ്റ് കാർഡ് ബിൽ: എന്തിനെയൊക്കെ ഒക്ടോബർ 15 മുതൽ എം.ഡി.ആർ ബാധിക്കും‍?

ഇൻഷുറൻസ്, ക്യാപിറ്റൽ മാർക്കറ്റ് പേയ്‌മെന്‍റുകളെ മർച്ചന്‍റ് ഡിസ്‌കൗണ്ട് റേറ്റിന്‍റെ പരിധിയിൽ കൊണ്ടുവരുന്ന പുതിയ യു.പി.ഐ നിയമങ്ങൾ ഒക്ടോബർ 15 മുതൽ പ്രാബല്യത്തിൽ വരും. ദൈനം ദിന ജീവിതത്തിലെ പേയ്മെന്‍റുകളെ എങ്ങനെ ബാധിക്കുമെന്ന ആശങ്ക നിലവിൽ ഉയർന്നു വരുന്നുണ്ട്.

ഇൻഷുറൻസ്, എസ്.ഐ.പി പേയ്‌മെന്‍റുകൾക്ക് നിരക്കുകൾ എങ്ങനെയായിരിക്കും?

ഉപഭോക്താക്കളെ സംബന്ധിച്ചിടത്തോളം നമ്മൾ എന്തിനാണ് പണം നൽകുന്നത്, എങ്ങനെ പേയ്‌മെന്‍റ് നടത്തുന്നു എന്നതിനെ ആശ്രയിച്ചായിരിക്കും ഇതിന്‍റെ സ്വാധീനം. 2,000ന് മുകളിലുള്ള ഇൻഷുറൻസ് പേയ്‌മെന്‍റുകൾക്ക് ഫ്ലാറ്റ് 5 ആയിരിക്കും മർച്ചന്‍റ് ഡിസ്‌കൗണ്ട് റേറ്റ്.

മ്യൂച്വൽ ഫണ്ടുകൾ, സെക്യൂരിറ്റികൾ, സ്റ്റോക്ക് ബ്രോക്കിങ് എന്നിവയുമായി ബന്ധപ്പെട്ട പേയ്‌മെന്‍റുകൾക്ക് 0.02% എം.ഡി.ആർ ഈടാക്കും.പരമാവധി 300 രൂപ വരെ. എന്നാൽ ഉപഭോക്താക്കൾ ഈ തുക നേരിട്ട് നൽകണമെന്ന് ഇതിനർഥമില്ല. വ്യാപാരികൾ ഈ അധിക ചെലവ് ഉപഭോക്താക്കളിലേക്ക് കൈമാറുമോ എന്നതിനെ ആശ്രയിച്ചായിരിക്കും നിങ്ങളിൽ നിന്ന് അധിക തുക ഈടാക്കുമോ ഇല്ലയോ എന്ന് തീരുമാനിക്കപ്പെടുന്നത്.

യു.പി.ഐ ഓട്ടോപേയെ അധിക ചാർജ് ബാധിക്കുമോ?

പുതിയ നിയമമനുസരിച്ച്, യു.പി.ഐ ഓട്ടോപേ വഴി സ്വയമേവ നൽകുന്ന നെറ്റ്ഫ്ലിക്സ്, ആമസോൺ, ജിയോഹോട്ട്സ്റ്റാർ തുടങ്ങിയ ഒ.ടി.ടി സബ്‌സ്‌ക്രിപ്‌ഷനുകളും യൂട്ടിലിറ്റി ബില്ലുകളും ഒറ്റത്തവണ നടത്തുന്ന സാധാരണ യു.പി.ഐ ഇടപാടുകളിൽ നിന്ന് വ്യത്യസ്തമായി കണക്കാക്കും. ഇവയെ ആവർത്തിച്ചുള്ള പേയ്‌മെന്‍റുകളായി പരിഗണിക്കുന്നതിനാൽ ഇത്തരം ഇടപാടുകൾക്ക് അധിക നിരക്കുകളൊന്നും ഉണ്ടാകില്ല. അതായത് ഒ.ടി.ടി സബ്‌സ്‌ക്രിപ്‌ഷനുകൾ, മൊബൈൽ ബില്ലുകൾ, വൈദ്യുതി ബില്ലുകൾ, ഇൻഷുറൻസ്, മ്യൂച്വൽ ഫണ്ടുകൾ എന്നിവയ്ക്കുള്ള യു.പി.ഐ ഓട്ടോപേ സേവനങ്ങൾക്കായി അധിക നിരക്കുകളൊന്നും നൽകേണ്ടതില്ല.

2,000ന് മുകളിലുള്ള ഇടപാടുകൾക്ക് സർക്കാർ 0.4% ഫീസാണ് നിശ്ചയിച്ചിരിക്കുന്നത്. വ്യാപാരികൾക്ക് ഏകദേശം ആറ് വർഷമായി പൂർണമായും സൗജന്യമായി ലഭിച്ചിരുന്ന യു.പി.ഐ സേവനത്തിന്റെ കാലഘട്ടത്തിന് തിരശീലയിട്ടുകൊണ്ടാണ് ഈ നടപടി. ഒക്ടോബർ 15 മുതൽ പ്രാബല്യത്തിൽ വരുന്ന ഈ ഫീസ് 75,000ന് മുകളിലുള്ള ഇടപാടുകൾക്ക് പരമാവധി 300 രൂപ ആയി പരിമിതപ്പെടുത്തിയിട്ടുണ്ട്. അതേസമയം, വ്യക്തികൾ തമ്മിലുള്ള  ദൈനംദിന ഇടപാടുകളെ യാതൊരുവിധ നിരക്കുകളിൽ നിന്നും പൂർണ്ണമായും ഒഴിവാക്കിയിട്ടുണ്ട്.

യു.പി.ഐ ഇടപാടുകളുടെ എണ്ണത്തിൽ 37 ശതമാനവും മൂല്യത്തിൽ 70 ശതമാനവും വരുന്ന വ്യക്തികൾ തമ്മിലുള്ള കൈമാറ്റങ്ങൾക്ക് തുക എത്രയായാലും തുടർന്നും യാതൊരു നിരക്കും ഉണ്ടാകില്ല. കൂടാതെ, വ്യാപാരികൾക്ക് നൽകുന്ന ഇടപാടുകളുടെ (P2M) എണ്ണത്തിൽ 95 ശതമാനത്തിലധികം വരുന്ന 2,000 വരെയുള്ള ചെറിയ തുകയുടെ ഇടപാടുകളെയും ഈ ഫീസിൽ നിന്ന് ഒഴിവാക്കുന്നുണ്ട്.

റെയിൽവേ, ടെലികോം, ഇൻഷുറൻസ്, ഇന്ധനം, കാർഷിക ഉൽപ്പന്നങ്ങൾ തുടങ്ങിയ സുപ്രധാന മേഖലകളിൽ 2,000ന് മുകളിലുള്ള ഇടപാടുകൾക്ക് ഫ്ലാറ്റ് 5 മാത്രമായിരിക്കും എം.ഡി.ആർ നിരക്ക്. വ്യാപാരികളുടെ ഇടപാട് എണ്ണത്തിൽ 17 ശതമാനവും മൂല്യത്തിൽ 46 ശതമാനവും വരുന്നത് ഈ മേഖലകളാണ്.

യു.പി.ഐ വഴി ക്രെഡിറ്റ് കാർഡ് ബില്ലുകൾ അടയ്ക്കുന്നതിന് ഉപഭോക്താക്കളിൽ നിന്ന് നിരക്കുകളൊന്നും ഈടാക്കാറില്ലെന്ന് സാമ്പത്തിക ഉപദേഷ്ടാക്കൾ പറയുന്നു. എങ്കിലും എം.ഡി.ആർ നടപ്പിലാക്കുന്നത് യു.പി.ഐ വഴി ക്രെഡിറ്റ് കാർഡ് ബില്ലുകൾ അടയ്ക്കുമ്പോൾ ഉപഭോക്താക്കളുടെ ചെലവിൽ മാറ്റം വരുത്തുമോ എന്നതാണ് പ്രസക്തമായ വിഷയം.യു.പി.ഐ വഴിയുള്ള ക്രെഡിറ്റ് കാർഡ് ബില്ലുകളെ എം.ഡി.ആർ ബാധിക്കില്ലെന്നാണ് വിവരം.

Tags:    
News Summary - What will MDR affect from October 15th

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.