ഇന്ത്യയിൽ വരാനിരിക്കുന്നത്​ ഡിജിറ്റൽ പേയ്​മെന്‍റ്​ യുദ്ധം; നേരി​േട്ടറ്റുമുട്ടാൻ ടാറ്റയും റിലയൻസും

ന്യൂഡൽഹി: ഇന്ത്യയിലെ അതിവേഗം വളരുന്ന ഇ-കോമേഴ്​സ്​, ഡിജിറ്റൽ പേയ്​മെന്‍റ്​ സംവിധാന​ത്തെ നേട്ടമാക്കാനൊരുങ്ങി വൻകിട കമ്പനികൾ. റിലയൻസ്​, ടാറ്റ, പേടിഎം, ഫേസ്​ബുക്ക്, ഐ.സി.ഐ.സി.ഐ, കൊട്ടക്​ മഹീന്ദ്ര, എച്ച്​.ഡി.എഫ്​.സി, വിസ, മാസ്റ്റർകാർഡ്​ തുടങ്ങിയ കമ്പനികളാണ്​ ആർ.ബി.ഐ പുതുതായി അവതരിപ്പിച്ച പേയ്​മെന്‍റ്​ സംവിധാനത്തിലേക്ക്​ ചുവടുവെക്കാനൊരുങ്ങുന്നത്​. ന്യൂ അംബർല എന്‍റിറ്റി എന്ന പേയ്​മെന്‍റ്​ സംവിധാനമാണ്​ ആർ.ബി.ഐ അവതരിപ്പിച്ചത്​.

എന്താണ്​ ന്യൂ അംബർല എന്‍റിറ്റി ​?

റീടെയിൽ പേയ്​മെന്‍റ്​ രംഗത്ത്​ ലാഭം ലക്ഷ്യമാക്കിയോ അല്ലാതെയോ പ്രവർത്തിക്കുന്ന കമ്പനികളാണ്​ എൻ.യു.ഇ (ന്യൂ അംബർല എന്‍റിറ്റി). ഇത്തരം കമ്പനികൾ പ്രവർത്തിക്കുന്നതിനുള്ള മാർഗരേഖ ആർ.ബി.ഐ കഴിഞ്ഞ ആഗസ്റ്റിൽ തന്നെ പുറത്തിറക്കിയിരുന്നു. എ.ടി.എമ്മുകൾ സ്ഥാപിക്കൽ, പി.ഒ.എസ്​ പേയ്​മെന്‍റ്​, ആധാർ അടിസ്ഥാനമാക്കിയ പേയ്​മെന്‍റ്​ തുടങ്ങിയവ നടത്താൻ ഇത്തരം കമ്പനികൾക്ക്​ അധികാരമുണ്ടാവും. ഇതിനൊപ്പം പുതിയ പേയ്​മെന്‍റ്​ സംവിധാനങ്ങൾ വികസിപ്പിക്കുകയുമാവാം.

ആർക്കെല്ലാം എൻ.യു.ഇ തുടങ്ങാം ?

ഇന്ത്യൻ പൗരൻമാരുടെ ഉടമസ്ഥതയിലുള്ള കമ്പനികൾക്കാണ്​ എൻ.യു.ഇ തുടങ്ങാനുള്ള അവസരമുണ്ടാവുക. ഡിജിറ്റൽ പേയ്​മെന്‍റ്​ രംഗ​ത്ത്​ മൂന്ന്​ വർഷത്തെ പ്രവ​ൃത്തിപരിചയവും വേണം. ഇത്തരം സ്ഥാപനങ്ങളിൽ ഒരാൾക്ക്​ 40 ശതമാനത്തിൽ കൂടുതൽ ഓഹരികൾ കൈവശം വെക്കാൻ അധികാരമുണ്ടാവില്ല. അതുകൊണ്ട്​ എൻ.യു.ഇ എന്‍റിറ്റികളുടെ ഉടമകളായി​ മൂന്ന്​ പേരെങ്കിലും ഉണ്ടാവും. ഇത്തരം സ്ഥാപനങ്ങൾക്ക്​ വിദേശനിക്ഷേപം സ്വീകരിക്കാനും അനുമതിയുണ്ടാവും. മൂലധനമായി മിനിമം 500 കോടി വേണമെന്ന നിബന്ധനയുമുണ്ട്​.

എന്തുകൊണ്ട്​ എൻ.യു.ഇകളോട്​ ഇത്ര താൽപര്യം?

ഇന്ത്യയിൽ ഡിജിറ്റൽ പേയ്​മെന്‍റ്​ സംവിധാനവും ഇ-കൊമേഴ്​സും അതിവേഗത്തിലാണ്​ വളരുന്നത്​. അത്​ നേട്ടമാക്കുക തന്നെയാണ്​ കമ്പനികളുടെ ലക്ഷ്യം. നിലവിൽ നാല്​ കമ്പനികളാണ്​ ഇത്തരം സ്ഥാപനങ്ങൾക്കായി രംഗത്തുള്ളത്​. ആമസോൺ, വിസ, ഐ.സി.ഐ.സി.ഐ ബാങ്ക്​, ആക്​സിസ്​ ബാങ്ക്​, രണ്ട്​ സ്റ്റാർട്ട്​ അപ്​ കമ്പനികൾ, ബിൽഡെസ്​ക്​ ഉൾപ്പെട്ട കൺസോർഷ്യമാണ്​ ഒന്നാമത്തേത്​. റിലയൻസ്​ ഇൻഡസ്​ട്രീസിന്‍റെ നേതൃത്വത്തിലാണ്​ രണ്ടാമത്തെ കൺസോർഷ്യം. ഫേസ്​ബുക്കും ഗൂഗ്​ളും ഇതിൽ പങ്കാളികളാണ്​. മൂന്നാമത്തേത്​ പേടിഎമ്മിന്‍റെ നേതൃത്വത്തിലാണ്​. ഒലയും മറ്റ്​ ചില കമ്പനികളുമാണ്​ ഇതിലുള്ളത്​​. ടാറ്റ ഗ്രൂപ്പിന്‍റെ നേതൃത്വത്തിലാണ്​ നാലാമത്തെ സ്ഥാപനം. മാസ്റ്റർകാർഡ്​, ഭാരതി എയർടെൽ, കൊട്ടക്​ മഹീന്ദ്ര, എച്ച്​.ഡി.എഫ്​.സി തുടങ്ങിയ കമ്പനികളാണ്​ നാലാമത്തെ സ്ഥാപനത്തിലുള്ളത്​​. 

Tags:    
News Summary - What is NUE, the new digital payments buzz Reliance, Tata, Paytm, Google, FB are all chasing

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.