സംസ്ഥാനത്ത് വായ്പാരംഗം ഉണര്‍ന്നില്ല

തൃശൂര്‍: നോട്ട് അസാധുവാക്കി നാല് മാസത്തോടടുക്കുമ്പോഴും സംസ്ഥാനത്ത് ബാങ്ക് വായ്പാരംഗം ഉണര്‍ന്നില്ല. നോട്ട് ലഭ്യത സാധാരണ നിലയിലേക്ക് എത്തുമ്പോഴും ഉപഭോക്താക്കള്‍ ‘ഷോക്കില്‍’നിന്ന് മോചിതരാവാത്തതാണ് കാരണം. സാമ്പത്തിക വര്‍ഷം അവസാനിക്കാന്‍ ഒരു മാസം മാത്രമുള്ളപ്പോള്‍ ഭവന, വാഹന വായ്പയില്‍ കാര്യമായ പുരോഗതി ഇല്ല. അതേസമയം, സ്വര്‍ണപ്പണയ വായ്പയില്‍ നേരിയ ചലനമുണ്ട്. പുതിയ വായ്പ എന്ന സാഹസത്തിന് ആരും ധൈര്യപ്പെടുന്നില്ളെന്ന് ബാങ്കിങ് വൃത്തങ്ങള്‍ പറയുന്നു.

നോട്ട് അസാധുവാക്കി 50 നാള്‍ പിന്നിട്ടപ്പോള്‍ പ്രധാനമന്ത്രി ചില ഉദാര വായ്പാ പദ്ധതികള്‍ പ്രഖ്യാപിച്ചിരുന്നു. അതിനോടൊന്നും ഉപഭോക്താക്കള്‍ കാര്യമായി പ്രതികരിച്ചിട്ടില്ല. പലിശ കുറക്കാന്‍ റിസര്‍വ് ബാങ്കിന്‍െറ കര്‍ശന ഇടപെടലും ഉണ്ടായിട്ടില്ല.

വായ്പാ വിതരണം ഇപ്പോഴും ക്രെഡിറ്റ് ഹബ്ബുകളിലും ഹെഡ് ഓഫിസുകളിലും കേന്ദ്രീകരിക്കുന്നതിനാല്‍ ശാഖകള്‍ക്ക് കാര്യമായി ഒന്നും ചെയ്യാനില്ല. ഫലത്തില്‍, വായ്പാ വിതരണമില്ലാത്ത പേമെന്‍റ് ബാങ്കുകളെപ്പോലെയാണ് സംസ്ഥാനത്തെ ഷെഡ്യൂള്‍ഡ്-വാണിജ്യ ബാങ്ക് പ്രവര്‍ത്തനം.

നിക്ഷേപം സ്വീകരിച്ചും വായ്പ നല്‍കിയുമാണ് ബാങ്ക് പ്രവര്‍ത്തനം. വായ്പയും അതുവഴി പലിശ വരുമാനവും നിലച്ചിട്ട് നാല് മാസമാവാറായി. വന്‍കിട കോര്‍പറേറ്റുകള്‍ കുറവുള്ള കേരളത്തില്‍ പ്രധാനമായും ഭവന വായ്പയാണ് മുന്നില്‍, പിന്നെ വാഹന വായ്പയും. പണം പിന്‍വലിക്കാവുന്ന പരിധി ഉയര്‍ത്തിയത് ചെറിയ ആത്മവിശ്വാസം പകര്‍ന്നിട്ടുണ്ട്. മാര്‍ച്ച് 13ന് നിയന്ത്രണം പൂര്‍ണമായും നീക്കുമെന്ന പ്രഖ്യാപനത്തിന്‍െറ ഫലപ്രാപ്തി കാത്തിരിക്കുകയാണ് ജനം. അതോടൊപ്പം, പുതിയ നിയന്ത്രണങ്ങളോ കൈകടത്തലുകളോ വരുമോ എന്ന ആശങ്കയുണ്ട്.

ഭവന വായ്പ ഏറ്റവുമധികം പോകുന്ന സീസണ്‍ ആണിത്. ഭൂമി ക്രയവിക്രയത്തില്‍ വന്ന മാന്ദ്യം, തൊഴിലില്ലാതെ മടങ്ങിയ ഇതര സംസ്ഥാന തൊഴിലാളികള്‍ സൃഷ്ടിച്ച വിടവ്, അതിനെല്ലാമുപരി വരള്‍ച്ച എന്നിവ വായ്പക്കാരെ അകറ്റുന്നതായി ബാങ്കുകള്‍ വിലയിരുത്തുന്നു. പുതിയ സാമ്പത്തിക വര്‍ഷത്തിന്‍െറ തുടക്കത്തിലും സ്ഥിതി മെച്ചപ്പെടില്ളെന്നാണ് വിലയിരുത്തല്‍.

അതേസമയം, രാജ്യത്ത് ആരംഭിച്ച പേമെന്‍റ് ബാങ്കുകള്‍ ട്രെന്‍ഡ് സൃഷ്ടിക്കുകയാണ്. എയര്‍ടെല്‍ പേമെന്‍റ് ബാങ്ക് രണ്ടുമാസംകൊണ്ട് 20 ലക്ഷം എസ്.ബി അക്കൗണ്ട് തുറന്നു. രണ്ടര ലക്ഷം ബാങ്ക് പോയന്‍റുകളും തുടങ്ങി. നിക്ഷേപം സ്വീകരിക്കലും അതുവഴി ഓണ്‍ലൈന്‍ വ്യാപാര പ്രോത്സാഹനവുമാണ് ഇതില്‍ നടക്കുന്നത്. ഏതാണ്ട് അതേ പരുവത്തിലാണ്  ഷെഡ്യൂള്‍ഡ്, വാണിജ്യ ബാങ്കുകളെന്ന് ബാങ്കിങ് വൃത്തങ്ങള്‍ പറയുന്നു.

 

Tags:    
News Summary - state debt in slow

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.