എം.പി.എസ്.എഫ്: എസ്.ബി.ഐയിൽ പുറംകരാർവത്കരണത്തിന്‍റെ മണിമുഴക്കം

തൃശൂർ: മൾട്ടി പ്രോഡക്ട് സെയിൽസ് ഫോഴ്സ് (എം.പി.എസ്.എഫ്) എന്ന പുതിയ മാർക്കറ്റിങ് സംവിധാനത്തിലേക്ക് ക്ലറിക്കൽ ജീവനക്കാരെ കൂട്ടത്തോടെ പിൻവലിച്ച സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയുടെ നടപടിക്ക് പിന്നിൽ പുറംകരാർവത്കരണ താൽപര്യമെന്ന് സൂചന. നിലവിലെ ജീവനക്കാരെ പിൻവലിക്കുമ്പോൾ വരുന്ന ഒഴിവിലേക്ക് സ്റ്റേറ്റ് ബാങ്ക് ഓപറേഷൻ സപ്പോർട്ട് സർവിസസ് (എസ്.ബി.ഒ.എസ്.എസ്) എന്ന പുതിയ സബ്സിഡിയറി കമ്പനി കരാർ അടിസ്ഥാനത്തിൽ ജീവനക്കാരെ നിയമിക്കും.

ഇതിന്‍റെ ആദ്യപടി തൊടുപുഴയിൽ തുടങ്ങി. സബ്സിഡിയറി കമ്പനി ചുമതലപ്പെടുത്തുന്ന ഫ്രാഞ്ചൈസിയാണ് പുതിയ ആളുകളെ എടുക്കുന്നതും വിതരണം ചെയ്യുന്നതും. എസ്.ബി.ഐയിൽ ഇനി സ്ഥിരം നിയമനം ഉണ്ടാകില്ലെന്ന് സൂചന നൽകുന്ന ഈ പുറംകരാർവത്കരണത്തിന്‍റെ പരീക്ഷണശാലയാണ് കേരള സർക്കിൾ.

കേരളത്തിൽ പരീക്ഷിച്ച് നടപ്പാക്കിയാൽ രാജ്യമാകെ വ്യാപിപ്പിക്കുകയാണ് ലക്ഷ്യമെന്ന് പറയുന്നു.എസ്.ബി.ഒ.എസ്.എസ് കമ്പനി രൂപവത്കരിക്കാൻ 2022 ജൂൺ 30ന് റിസർവ് ബാങ്ക് അനുമതി നൽകിയിരുന്നു. അതേസമയത്താണ്, എസ്.ബി.ഐയിൽ ചെലവ് കുറഞ്ഞ മാനവ വിഭവശേഷി നടപ്പാക്കുമെന്ന് ചെയർമാൻ പ്രഖ്യാപിച്ചത്. ഈ സബ്സിഡിയറി കമ്പനിയുടെ ഓഹരികൾ കമ്പോളത്തിൽ ലിസ്റ്റ് ചെയ്യാനുള്ള നടപടിയും തുടങ്ങിയിട്ടുണ്ട്.

എം.പി.എസ്.എഫിലേക്ക് പിൻവലിക്കപ്പെട്ട ജീവനക്കാരുടെ സ്ഥാനത്ത് ഇനി സബ്സിഡിയറി കമ്പനി ഫ്രാഞ്ചൈസി മുഖേന കരാർ ജീവനക്കാരെ നൽകും. അവർക്കുള്ള ശമ്പളവും സബ്സിഡിയറി കമ്പനിയാണ് നൽകുക. ഫലത്തിൽ, എസ്.ബി.ഐയിലെ കരാർവത്കരണത്തിനുള്ള കമ്പനിയായാണ് ഈ സബ്സിഡിയറി പ്രവർത്തിക്കുക. കമ്പനി പിന്നീട് സ്വകാര്യവത്കരിക്കാനുള്ള സാധ്യതയാണ് ഓഹരിക്കമ്പോളത്തിൽ ലിസ്റ്റ് ചെയ്യുന്നതിലൂടെ തെളിയുന്നത്.

‘യോനോ’ ഉപകമ്പനിയാക്കാൻ നീക്കം

തൃശൂർ: സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയുടെ എല്ലാ സേവനങ്ങളും ഒറ്റ ക്ലിക്കിൽ ലഭ്യമാക്കാൻ ആവിഷ്കരിച്ച ‘യോനോ’ സബ്സിഡിയറി കമ്പനിയാക്കാനും നീക്കം തുടങ്ങി. ഇത് ഏറ്റെടുക്കാൻ അംബാനി ഗ്രൂപ്പ് താൽപര്യം പ്രകടിപ്പിച്ചതായാണ് വിവരം. മുമ്പ്, അംബാനിയുടെ ജിയോ പേമെന്‍റ് ബാങ്കിന്‍റെ 30 ശതമാനം ഓഹരി എസ്.ബി.ഐ വാങ്ങിയിരുന്നു.

മറ്റൊരു ബഹുരാഷ്ട്ര കുത്തകയായ ഗൗതം അദാനിയുടെ ‘അദാനി കാപിറ്റലു’മായി മാസങ്ങൾക്ക് മുമ്പ് കാർഷിക വായ്പ വിതരണത്തിന് എസ്.ബി.ഐ കരാർ ഉണ്ടാക്കിയിരുന്നു. രാജ്യമാകെ 22,266 ശാഖയും 2,44,250 ജീവനക്കാരും 72,000 ബിസിനസ് കറസ്പോണ്ടന്‍റുമാരും 42,000 ഡീലർമാരും 1.37 കോടി കാർഷിക അക്കൗണ്ടും രണ്ട് ലക്ഷം കോടി രൂപ കാർഷിക വായ്പയുമുള്ള എസ്.ബി.ഐയെയാണ് ആറ് സംസ്ഥാനങ്ങളിൽ 63 ശാഖയും 760 ജീവനക്കാരും 28,000 ഇടപാടുകാരും 1,300 കോടി രൂപ ആസ്തിയും മാത്രമുള്ള അദാനി കാപിറ്റലുമായി ‘കാർഷിക വായ്പ വിതരണം സുഗമമാക്കാൻ’ ബന്ധിപ്പിച്ചത്.

ഈ കൈകോർക്കലിലൂടെ അദാനി കാപിറ്റലിന് കുറഞ്ഞ കാലംകൊണ്ട് കോടിക്കണക്കിന് രൂപ അധ്വാനമില്ലാതെ കമീഷൻ ലഭിച്ചതായി കണക്കുകൾ പുറത്ത് വന്നിരുന്നു.

Tags:    
News Summary - MPSF: Bell of Outsourcing at SBI

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.