ഒരു കൈയബദ്ധം, പ്രവർത്തന രഹിതമായ അക്കൗണ്ടിലേക്ക് കർണാടക ബാങ്ക് അയച്ചത് ഒരു ലക്ഷം കോടി രൂപ!

ബംഗളൂരു: രാജ്യത്തെ സ്വകാര്യ ബാങ്കുകളുടെ പ്രവർത്തനത്തിൽ വീണ്ടും സംശയമുയർത്തി ഒരു ക്രമക്കേടുകൂടി കണ്ടെത്തി. ദക്ഷിണേന്ത്യയിലെ ഏ​റ്റവും മികച്ച ബാങ്കുകളിലൊന്നായി കണക്കാക്കപ്പെട്ടിരുന്ന കർണാടക ബാങ്കിൽ നടന്ന വൻ ഇടപാടാണ് സാമ്പത്തിക മേഖലയെ വീണ്ടും ഞെട്ടിച്ചിരിക്കുന്നത്. പ്രവർത്തന രഹിതമായ അക്കൗണ്ടിലേക്ക് ഉദ്യോഗസ്ഥർ ഒരു ലക്ഷം കോടി രൂപ അയച്ചെന്നാണ് റിപ്പോർട്ട്. സംഭവം നടന്ന് രണ്ട് വർഷങ്ങൾക്ക് ശേഷമാണ് ക്രമക്കേട് അധികൃതരുടെ ശ്രദ്ധയിൽപെട്ടത്. ഇടപാട് ബാങ്കിന്റെ വിശ്വാസ്യതയെ ചോദ്യ മുനയിൽ നിർത്തിയിരിക്കുകയാണ്.

2023 ആഗസ്റ്റ് ഒമ്പതിന് വൈകീട്ട് 5.17നാണ് ഇടപാട് നടന്നത്. അബദ്ധം സംഭവിച്ചെന്ന് തിരിച്ചറിഞ്ഞ ഉദ്യോഗസ്ഥർ അതേദിവസം വൈകീട്ട് 8.09 ഓടെ അക്കൗണ്ടിൽ നിക്ഷേപിച്ച പണം തിരിച്ചെടുത്തു. ഇത്രയും വലിയ തുകയുടെ ഇടപാട് നടന്നിട്ടും ആറ് മാസങ്ങൾക്ക് ശേഷം അതായത് 2024 മാർച്ച് നാലിനാണ് ബാങ്കിന്റെ റിസ്ക് മാനേജ്മെന്റ് കമ്മിറ്റിയെ ഉദ്യോഗസ്ഥർ അറിയിച്ചത്. പിന്നാലെ റിസർവ് ബാങ്ക് ഉദ്യോഗസ്ഥരുടെ നേതൃത്വത്തിൽ നടത്തിയ പരിശോധനയിൽ രാജ്യത്തെ സുപ്രധാന സ്വകാര്യ ബാങ്കിൽ നടന്ന സാമ്പത്തിക തിരിമറി പിടിക്കപ്പെടുകയായിരുന്നു. കൈയബദ്ധം സംഭവിച്ചെന്നാണ് ബാങ്ക് ഉദ്യോഗസ്ഥർ നൽകുന്ന വിശദീകരണം. എന്നാൽ, സംഭവത്തെ തുടർന്ന് അഞ്ച് മുതിർന്ന ഉദ്യോഗസ്ഥരെ ബാങ്ക് പുറത്താക്കിയിരുന്നതായി ​രേഖകൾ പറയുന്നു. നേതൃത്വം അറിയാതെ ഡെറിവേറ്റിവ് വ്യാപാരം നടത്തിയതിനെ തുടർന്ന് ഇൻഡസിൻഡ് ബാങ്കിന് 2600 കോടി രൂപയുടെ നഷ്ടം സംഭവിച്ചെന്ന് കണ്ടെത്തിയതിന് പിന്നാലെയാണ് കർണാടക ബാങ്കിന്റെ തട്ടിപ്പ് പുറത്തുവരുന്നത്.

എന്താണ് യഥാർഥത്തിൽ സംഭവിച്ചതെന്നും ഇനി ഇത്തരം സംഭവം ആവർത്തിക്കാതിരിക്കാൻ സ്വീകരിക്കേണ്ട മുൻകരുതലുകളെ കുറിച്ചും വിശദമായ റിപ്പോർട്ട് നൽകണമെന്ന് ആവശ്യപ്പെട്ട് കഴിഞ്ഞ വർഷം മാർച്ച് 11ന് ഉദ്യോഗസ്ഥർക്ക് റിസ്ക് മാനേജ്മെന്റ് കമ്മിറ്റി നിർദേശം നൽകിയിരുന്നു. മാർച്ച് 15ന് സമർപ്പി​ച്ച റിപ്പോർട്ട് പ്രകാരം കമ്പനി പല തവണ വിശദ ചർച്ച നടത്തിയെങ്കിലും ഒക്ടോബർ വരെ പ്രശ്നം പരിഹരിക്കപ്പെട്ടില്ല.

രണ്ട് വർഷം മുമ്പാണ് സംഭവം നടന്നതെങ്കിലും അക്കൗണ്ടിൽ നിക്ഷേപിച്ച തുകയുടെ വലിപ്പവും ഈ സംഭവത്തെ സ്ഥാപനം കൈകാര്യം ചെയ്ത രീതിയുമാണ് റിസർവ് ബാങ്കിന്റെ വിശദ പരിശോധനയിലേക്ക് നയിച്ചതെന്ന് കർണാടക ബാങ്കിന്റെ മുതിർന്ന എക്സികുട്ടിവ് പറഞ്ഞു. ബാങ്കിന്റെ പ്രവർത്തനത്തിൽ വൻ സുരക്ഷ വീഴ്ച സംഭവിച്ചെന്നാണ് ക്രമക്കേട് സൂചന നൽകുന്നത്. തുക നിക്ഷേപിച്ചത് പ്രവർത്തന രഹിതമായ അക്കൗണ്ടിലേക്കായതിനാൽ ബാങ്കി​ന് പണം നഷ്ടപ്പെട്ടിട്ടില്ല. അതേസമയം, അക്കൗണ്ട് ആക്ടിവ് ആയിരുന്നെങ്കിൽ ഭീമമായ സാമ്പത്തിക നഷ്ടമുണ്ടാകുമായിരുന്നെന്നാണ് ഔദ്യോഗിക വൃത്തങ്ങൾ പറയുന്നത്.

News Summary - How a Rs 1,00,000 crore fat finger error at Karnataka Bank is drawing RBI’s attention

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.