സിറ്റി ബാങ്ക് ചില്ലറ ബ്രോക്കര്‍ ഇടപാട് അവസാനിപ്പിക്കുന്നു

മുംബൈ: രാജ്യത്തെ ചില്ലറ ബ്രോക്കിങ് വ്യാപാരം അവസാനിപ്പിക്കാന്‍ സിറ്റി ബാങ്ക് തീരുമാനിച്ചു. സിറ്റി വെല്‍ത്ത് അഡ്വൈസേഴ്സിലുള്ള ഡീമാറ്റ് അക്കൗണ്ടുകള്‍ സംബന്ധിച്ച് ഇടപാടുകാര്‍ക്ക് മെയിലുകളിലൂടെ അറിയിപ്പ് നല്‍കുന്നുണ്ട്. ഏപ്രില്‍ 15നുശേഷം ഉപയോഗിക്കാനാവില്ല എന്നാണ് അറിയിക്കുന്നത്. ഈ അക്കൗണ്ടുകള്‍ ബാങ്കിലേക്ക് മാറ്റാന്‍ അവസരം നല്‍കുമെന്നും ബന്ധപ്പട്ടവര്‍ സൂചിപ്പിക്കുന്നു. ഉപഭോക്താക്കളുടെ എണ്ണക്കുറവാണ് സേവനം അവസാനിപ്പിക്കാന്‍ കാരണം. വര്‍ഷത്തില്‍ ഒരിക്കലെങ്കിലും ഇടപാട് നടത്തുന്ന 2500 സജീവ അക്കൗണ്ടുകള്‍ മാത്രമാണ് സിറ്റി വെല്‍ത്ത് അഡ്വൈസേഴ്സിലുള്ളത്. മറ്റ് ബ്രോക്കര്‍മാരേക്കാള്‍ കമ്മീഷന്‍ കൂടുതലായത് ഇടപാടുകാരെ അകറ്റിയിരുന്നു. ഈ മേഖലയില്‍ വിദേശ ബാങ്കുകള്‍ക്ക് ശോഭിക്കാനാവുന്നില്ല എന്നാണ് രാജ്യത്തെ ഏറ്റവും വലിയ വിദേശ ബാങ്കായ സിറ്റിയും നല്‍കുന്ന സൂചന. കഴിഞ്ഞവര്‍ഷം സ്റ്റാന്‍ഡേര്‍ഡ് ചാര്‍ട്ടേര്‍ഡ് ബാങ്ക് തങ്ങളുടെ ഇന്ത്യയിലെ സെക്യൂരിറ്റി, ഇക്വിറ്റി ബ്രോക്കര്‍ ബിസിനസ് അവസാനിപ്പിച്ചിരുന്നു. അടുത്തിടെ ബാര്‍ക്ളേയ്സും തങ്ങളുടെ കാഷ് ഇക്വിറ്റി വിഭാഗം അടച്ചിരുന്നു. 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.