വാണിജ്യ ബാങ്കുകളില്‍ പലിശരഹിത ജാലകത്തിന് റിസര്‍വ് ബാങ്ക് സമിതി ശിപാര്‍ശ

ന്യൂഡല്‍ഹി: അടുത്ത അഞ്ചുവര്‍ഷത്തേക്ക് തയാറാക്കിയ ഇടക്കാല സാമ്പത്തിക കര്‍മപദ്ധതിയില്‍ പലിശരഹിത ബാങ്കിങ് കൂടി ഉള്‍പ്പെടുത്താന്‍ റിസര്‍വ് ബാങ്ക് നിയോഗിച്ച സമിതി നിര്‍ദേശിച്ചു. വ്യക്തികളുടെ ബാങ്ക് അക്കൗണ്ടുകള്‍ക്ക് ‘ആധാര്‍’ നിര്‍ബന്ധമാക്കണമെന്നും സമിതി ശിപാര്‍ശചെയ്തു. ഇവയടക്കം 32 ശിപാര്‍ശകളാണ് കര്‍മപദ്ധതിയില്‍.
സാമ്പത്തികവളര്‍ച്ചയില്‍ എല്ലാവിഭാഗങ്ങളെയും ഉള്‍ക്കൊള്ളിക്കാന്‍ കര്‍മപദ്ധതി തയാറാക്കണമെന്ന് റിസര്‍വ് ബാങ്കിന്‍െറ 80ാം വാര്‍ഷികത്തില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി ആവശ്യപ്പെട്ടതിന്‍െറ അടിസ്ഥാനത്തിലാണ് ദീപക് മൊഹന്തി കമ്മിറ്റിയെ നിയോഗിച്ചതെന്ന് റിസര്‍വ് ബാങ്ക് വ്യക്തമാക്കി. നിലവിലുള്ള ധനകാര്യ നയങ്ങളും ചട്ടക്കൂടും അവലോകനംചെയ്ത് ഇടക്കാല കര്‍മപദ്ധതി സമര്‍പ്പിക്കാനാണ് റിസര്‍വ് ബാങ്ക് കമ്മിറ്റിയോട് ആവശ്യപ്പെട്ടത്. തുടര്‍ന്ന് പരമ്പരാഗതമായി തുടരുന്ന സാമ്പത്തികനയങ്ങള്‍ക്കപ്പുറമുള്ള സാധ്യതകളും കമ്മിറ്റി ആരാഞ്ഞെന്ന് റിപ്പോര്‍ട്ട് വ്യക്തമാക്കി. 
സാമ്പത്തികമായി പുറന്തള്ളപ്പെട്ട വിഭാഗങ്ങളെ രാജ്യത്തിന്‍െറ വളര്‍ച്ചയില്‍ ഉള്‍ക്കൊള്ളിക്കാനുള്ള നീക്കമെന്ന നിലയിലാണ് പലിശരഹിത ബാങ്കിങ് തുടങ്ങാന്‍ റിസര്‍വ് ബാങ്ക് വിദഗ്ധസമിതി ശിപാര്‍ശ ചെയ്തത്. ലളിതമായ നിക്ഷേപ പദ്ധതികള്‍ പോലുള്ള ഉല്‍പന്നങ്ങളുമായി രാജ്യത്തെ വാണിജ്യബാങ്കുകള്‍ പ്രത്യേക പലിശരഹിത ജാലകങ്ങള്‍ തുറക്കണമെന്നാണ് ശിപാര്‍ശ. ഇന്ത്യയില്‍ പലിശരഹിത ബാങ്കിങ് സംവിധാനം നിലവില്‍ വരികയാണെങ്കില്‍ ബാങ്കിങ് മേഖലയിലെ നിയന്ത്രണങ്ങളും മാര്‍ഗനിര്‍ദേശങ്ങളും അവക്കും ബാധകമായിരിക്കുമെന്നും സമിതി വ്യക്തമാക്കി. 
സ്ത്രീകള്‍ക്ക് പ്രത്യേക അക്കൗണ്ട് തുറക്കാന്‍ നടപടിയെടുക്കണമെന്നും പെണ്‍കുട്ടികള്‍ക്ക് ‘സുകന്യ ശിക്ഷ’ എന്ന പ്രത്യേക ക്ഷേമപദ്ധതി തുടങ്ങണമെന്നും സമിതി ശിപാര്‍ശചെയ്തു. 
രാജ്യത്ത് ആകെയുള്ള ക്രെഡിറ്റ് അക്കൗണ്ടുകളില്‍ 94 ശതമാനവും വ്യക്തികളുടേതായതിനാല്‍ ഓരോവ്യക്തിയുടെ അക്കൗണ്ടും ‘ആധാര്‍’ കാര്‍ഡുമായി ബന്ധിപ്പിക്കണം. വ്യക്തികളുടെ വായ്പാപദ്ധതികളുടെ സ്ഥിരതക്ക് ഇതുപകരിക്കും. എല്ലാ കാര്‍ഷികമേഖലകളിലും വായ്പാവിതരണം വര്‍ധിപ്പിക്കുന്നതിന്  ഭൂരേഖകള്‍ ഡിജിറ്റലൈസ് ചെയ്യണം. കൃഷിഭൂമിയുടെ രേഖകളും ആധാറുമായി ബന്ധിപ്പിക്കണം. യഥാര്‍ഥ കര്‍ഷകര്‍ക്ക് തന്നെയാണ് വായ്പ ലഭിക്കുന്നതെന്ന് ഉറപ്പുവരുത്താന്‍ വായ്പകള്‍ക്ക് യോഗ്യതാ സാക്ഷ്യപത്രം (ക്രെഡിറ്റ് എലിജിബിലിറ്റി സര്‍ട്ടിഫിക്കറ്റ്) ഏര്‍പ്പെടുത്തണം. 
കാര്‍ഷിക സബ്സിഡി സമ്പ്രദായത്തെ കാര്‍ഷിക ഇന്‍ഷുറന്‍സ് സമ്പ്രദായത്തിലേക്ക് പരിവര്‍ത്തിപ്പിക്കണം. എല്ലാ ചെറുകിട ഇടത്തരം സംരംഭകള്‍ക്കും പ്രത്യേക തിരിച്ചറിയല്‍ സംവിധാനം ഏര്‍പ്പെടുത്തുകയും അവരുടെ വിവരം എല്ലാ വായ്പാദാതാക്കള്‍ക്കിടയിലും പങ്കുവെക്കുകയും വേണം. സമിതിയുടെ ശിപാര്‍ശകളില്‍ അഭിപ്രായങ്ങളും ആക്ഷേപങ്ങളും സ്വീകരിക്കാന്‍ ഈമാസം 29 വരെ റിസര്‍വ് ബാങ്ക് സമയം അനുവദിച്ചിട്ടുണ്ട്.
 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.