കോഴിക്കോട്: നഗര മധ്യത്തിൽ ബൈക്കിലിടിച്ച് ബസ് മറിഞ്ഞുണ്ടായിരുന്ന അപകടത്തിൽ പരിക്കേറ്റ് ചികിത്സയിലായിരുന്ന യുവാവ് മരിച്ചു. കോഴിക്കോട് സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലുണ്ടായിരുന്ന ബൈക് യാത്രികൻ മുഹമ്മദ് സാനിഫാണ് (27) മരിച്ചത്.
ചൊവ്വാഴ്ച വൈകീട്ട് നാലോടെ കോഴിക്കോട്-മാവൂർ റൂട്ടിൽ അരയിടത്തുപാലത്താണ് അപകടത്തിൽപെട്ടത്. പരിക്കേറ്റ 56 പേരെ നഗരത്തിലെ വിവിധ ആശുപത്രിയിൽ പ്രവേശിപ്പിക്കുകയായിരുന്നു.
നിറയെ യാത്രക്കാരുമായി മാവൂരിലേക്ക് പോയ കെ.എൽ -12 സി -6676 നമ്പർ ‘വെർടെക്സ്’ ബസ് മർകസ് പള്ളിയുടെ ഭാഗത്തുനിന്ന് മറ്റൊരു ബസിൽ ഉരസിയിരുന്നു.
തുടർന്ന് അമിത വേഗത്തിൽ പോകവെ അരയിടത്തുപാലം മേൽപാലത്തിന് മുകളിൽനിന്ന് എതിരെവന്ന ബൈക്കിൽ ഇടിക്കുകയായിരുന്നു. മുന്നിലുണ്ടായിരുന്ന കാറിനെ മടികടക്കവെയാണ് ബൈക്ക് ബസിന് മുന്നിലെത്തിയതും കൂട്ടിയിടിച്ചതും. ഇടിച്ചപാടെ ബൈക്ക് യാത്രികൻ തെറിച്ച് കാറിന് മുൻവശത്തേക്ക് വീഴുകയും ബസ് ബൈക്കിന് മുകളിലൂടെ കയറിയിറങ്ങുകയും പിന്നാലെ നിയന്ത്രണം വിട്ട് മറിയുകയുമായിരുന്നു.
ഒരുവശത്തേക്ക് മറിഞ്ഞ ബസ് റോഡിലൂടെ ഏറെ മുന്നോട്ട് നിരങ്ങിനീങ്ങിയാണ് നിന്നതെന്ന് ദൃക്സാക്ഷികൾ പറഞ്ഞു. നിരങ്ങിപ്പോയ ബസ് മേൽപാലത്തിനോട് ചേർന്നുള്ള ട്രാഫിക് സിഗ്നൽ തൂൺ തകർത്തു. താഴെഭാഗത്തെ റോഡിലൂടെ അരയിടത്തുപാലം ജങ്ഷനിലേക്ക് ചെറു വാഹനങ്ങൾ കടന്നുവരുമ്പോഴാണ് തൂൺ നിലംപൊത്തിയത്. ഭാഗ്യവശാലാണ് തൂൺ വാഹനങ്ങൾക്ക് മുകളിൽ പതിക്കാതിരുന്നത്.
സമീപമുള്ളവരും ഓടിയെത്തിയവരും പൊലീസുകാരും ചേർന്നാണ് ബസിനുള്ളിൽനിന്ന് യാത്രക്കാരെ പുറത്തെടുത്തത്. അപകടത്തിൽ ബസും ബൈക്കും പൂർണമായും തകർന്നു. വിരലിലെണ്ണാവുന്ന യാത്രികരൊഴികെ ബസിലെ ജീവനക്കാരടക്കം എല്ലാവർക്കും പരിക്കുണ്ട്.
കൈമെയ് മറന്ന് രക്ഷാപ്രവർത്തനം; ആശുപത്രിയിലെത്തിച്ചത് അതിവേഗം
കോഴിക്കോട്: അരയിടത്തുപാലത്ത് ബൈക്കുമായി കൂട്ടിയിടിച്ച് നിയന്ത്രണം വിട്ട ബസ് മറിഞ്ഞുണ്ടായ അപകടത്തിൽ നടന്നത് കൈമെയ് മറന്നുള്ള കൂട്ടായ രക്ഷാപ്രവർത്തനം. ഞെട്ടലോടെയുണ്ടായ അപകടം നടന്ന ഉടൻതന്നെ ബസിനുള്ളിലുള്ളവരുടെ കൂട്ടനിലവിളിയായിരുന്നു. ആദ്യം ബസിനടുത്തേക്ക് ഓടിയെത്തിയത് സമീപത്തെ ഷെഡിൽ ഇരിക്കുകയായിരുന്ന പോർട്ടർമാരാണ്. പിന്നാലെ ബസ് സ്റ്റോപ്പിൽ നിൽക്കുന്നവരും സമീപത്തെ വ്യാപാരസ്ഥാപനങ്ങളിലെ ജീവനക്കാരും എത്തി. മറിച്ചിലിൽതന്നെ ബസിന്റെ മുൻവശത്തെയും പിൻവശത്തെയും ചില്ലുകൾ തകർന്നിരുന്നു. ഇതുവഴിയാണ് യാത്രക്കാരെ പുറത്തിറക്കിയതെന്ന് ദൃക്സാക്ഷികൾ പറഞ്ഞു.
കോഴിക്കോട് മാവൂർ റോഡ് അരയിടത്ത് പാലം നായനാർ മേൽപാലത്തിലുണ്ടായ അപകടത്തിൽ മറിഞ്ഞ ബസിന് സമീപം തടിച്ച് കൂടിയവർ
ഓട്ടോ അടക്കം കിട്ടാവുന്ന വാഹനങ്ങളിലാണ് ആദ്യം ആളുകളെ ആശുപത്രിയിലെത്തിച്ചത്. പെട്ടെന്നുതന്നെ കൺട്രോൾ റൂമിൽനിന്ന് വിവരമറിയിച്ചതിനെതുടർന്ന് മെഡിക്കൽ കോളജ്, നടക്കാവ്, കസബ, ട്രാഫിക് ഉൾപ്പെടെ സ്റ്റേഷനുകളിലെ പൊലീസുകാർ സ്ഥലത്തെത്തി. ആംബുലൻസുകളും എത്തിച്ചു. തുടർന്ന് രക്ഷാദൗത്യത്തിന്റെ നേതൃത്വം പൊലീസ് ഏറ്റെടുത്തു. പരിക്കേറ്റവരിൽ കൂടുതൽ പേരെയും സമീപത്തെ ബേബി മെമ്മോറിയൽ ആശുപത്രിയിലാണ് എത്തിച്ചത്. വലിയ അപകടമാണ് എന്നതിനാൽ പൊലീസ് ആശുപത്രികളിലേക്ക് സജ്ജീകരണങ്ങളൊരുക്കാൻ അടിയന്തര സന്ദേശം നൽകിയിരുന്നു.
മേൽപാലത്തിലേക്ക് മറ്റുവാഹനങ്ങൾ പ്രവേശിക്കുന്നത് തടയുകയും മെഡിക്കൽ കോളജ് റൂട്ടിൽ ഗതാഗതം നിയന്ത്രിക്കുകയും ചെയ്തത് രക്ഷാദൗത്യം സുഗമമാക്കി. ഭയാനകമായ അപകടത്തെതുടർന്ന് നൂറുകണക്കിനാളുകളാണ് സ്ഥലത്ത് തടിച്ചുകൂടിയത്. മറിഞ്ഞ ബസിൽനിന്ന് ഇന്ധന ചോർച്ചയുണ്ടായി തീപടർന്നേക്കാമെന്നത് മുൻനിർത്തി ബീച്ച് ഫയർ ഫോഴ്സിൽനിന്ന് യൂനിറ്റിനെ എത്തിച്ച് സജ്ജമാക്കിയശേഷമാണ് ബസ് ക്രെയിനുകൾ ഉപയോഗിച്ച് നിവർത്തിയതും പിന്നീട് റോഡിൽനിന്ന് മാറ്റിയതും.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.