സംസ്ഥാന വിള ഇൻഷുറൻസിലേക്ക് ഓൺലൈനായി പ്രീമിയം അടയ്ക്കാം

തിരുവനന്തപുരം: സംസ്ഥാന വിള ഇൻഷുറൻസ് പ്രമീയം ഇനി മുതൽ കർഷകർക്ക് ഓൺലൈനായി അടക്കുന്നതിനുള്ള പോർട്ടൽ മന്ത്രി പി.പ്രസാദ് നിർവ്വഹിച്ചു. കാർഷിക വികസന കർഷക ക്ഷേമ വകുപ്പിന്റെ എ.ഐ.എം.എസ് പോർട്ടൽ (www.aims.kerala.gov.in) വഴിയാണ് ഓൺലൈനായി പ്രീമിയം തുക അടക്കേണ്ടത്. നേമം പഞ്ചായത്തിലെ കർഷകരായ സഹദേവൻ, വേണു എന്നിവർക്ക് ഓൺലൈനായി പോളിസി സർട്ടിഫിക്കറ്റ് നൽകിയാണ് മന്ത്രി സംസ്ഥാന തല ഉദ്‌ഘാടനം നിർവഹിച്ചത്.

പ്രീമിയം തുക ഒടുക്കാനുള്ള എസ്.എം.എസ് ലഭിച്ചാൽ 10 ദിവസത്തിനുള്ളിൽ കർഷകനു നേരിട്ടോ, വിവിധ ജനസേവന കേന്ദ്രങ്ങൾ വഴിയോ തുക സർക്കാരിലേക്ക് ഒടുക്കുവാനും അപ്പോൾ തന്നെ പോളിസി സർട്ടിഫിക്കറ്റ് ലഭ്യമാക്കുവാനുമുള്ള സൗകര്യങ്ങളാണ് പോർട്ടലിലൂടെ കർഷകർക്കായി ഒരുക്കിയിട്ടുള്ളത്.

ഡെബിറ്റ്-ക്രെഡിറ്റ് കാർഡുകൾ വഴിയോ ഇന്റർനെറ്റ് ബാങ്കിംഗ് വഴിയോ, യി.പി.ഐ സൗകര്യങ്ങൾ ഉപയോഗപ്പെടുത്തിയോ പ്രീമിയം തുക അടക്കുവാൻ കഴിയും. ഇതിനായി സംസ്ഥാന ട്രഷറി വകുപ്പിന്റെ സൗകര്യങ്ങളാണ് പോർട്ടലിൽ ബന്ധിപ്പിച്ചിരിക്കുന്നത്. എ.ഐ.എം.എസ് പോർട്ടലിൽ അപേക്ഷ സമർപ്പിച്ച കർഷകരുടെ ലോഗിനിൽ തന്നെയാണ് പുതിയ സൗകര്യവും തയാറാക്കിയത്.

അപേക്ഷ സമർപ്പിച്ച് പത്ത് ദിവസത്തിനുള്ളിൽ പരിശോധന പൂർത്തിയാക്കി കർഷകർക്ക് തുക അടയ്ക്കുവാനുള്ള സൗകര്യം ലഭ്യമാകും. തുക അടച്ച ഉടൻതന്നെ പോളിസി സർട്ടിഫിക്കറ്റ്, രസീത് എന്നിവ ഓൺലൈനായി കർഷകന് ലഭിക്കും. പോളിസി സർട്ടിഫിക്കറ്റ്, രസീത് എന്നിവ പിന്നീട് എപ്പോൾ വേണമെങ്കിലും കർഷകന് സ്വന്തം ലോഗിനിൽ നിന്ന് പ്രിന്റ് എടുക്കുവാനും സാധിക്കും. തുക അടച്ച് ഏഴു ദിവസത്തിന് ശേഷം സംഭവിക്കുന്ന വിള നാശങ്ങൾക്ക് നഷ്ടപരിഹാരത്തിനായി കർഷകർക്ക് ഇതേ പോർട്ടൽ വഴി അപേക്ഷിക്കുവാൻ കഴിയും.

പ്രകൃതിക്ഷോഭത്തിലുണ്ടായ വിള നാശം, വന്യമൃഗങ്ങളുടെ ആക്രമണത്തിൽ ഉണ്ടായ വിള നാശം, നെൽകൃഷിയുടെ രോഗ കീടബാധ കാരണമുള്ള വിളനാശം എന്നിവയ്ക്കാണ് നഷ്ടപരിഹാരത്തിനുള്ള അപേക്ഷ സമർപ്പിക്കേണ്ടത്. വിള നാശം ഉണ്ടായി 15 ദിവസങ്ങൾക്കുള്ളിൽ ഓൺലൈനായി അപേക്ഷ സമർപ്പിക്കണം. സംസ്ഥാനത്തെ പ്രധാനപ്പെട്ട 27 വിളകൾക്കാണ് ഈ പദ്ധതിയിലൂടെ സംരക്ഷണം ലഭിക്കുന്നത്.

Tags:    
News Summary - Premium can be paid online to State Crop Insurance

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.