ഇങ്ങനെ ചെയ്താൽ മല്ലിച്ചെപ്പ് തഴച്ചുവളരും; പരീക്ഷിച്ചുനോക്കാം

അടുക്കളയിൽ വിഭവങ്ങളിലും സ്വാദിന്റെ കാര്യത്തിലും മുമ്പിലാണ് മല്ലിച്ചെപ്പ് അല്ലെങ്കിൽ മല്ലിയില. ഒന്നുമില്ലെങ്കിലും അതിന്റെ മനംകവരുന്ന മണം ഇഷ്ടപ്പെടാത്ത ആരുംതന്നെ കാണില്ല എന്നതൊരു വാസ്തവമാണ്. വിവിധ കറികൾ മുതൽ ബിരിയാണി വരെയുള്ള വിഭവങ്ങളിൽ നമുക്ക് ഇത് നിർബന്ധമാണ്. എന്നാൽ, ഓരോ തവണയും കടയിൽനിന്ന് വാങ്ങുകയോ ഫ്രിഡ്ജിൽ സൂക്ഷിച്ചതോ എടുക്കാതെ നേരിട്ട് അടുക്കളത്തോട്ടത്തിൽനിന്ന് പറിച്ചെടുത്ത് ഉപയോഗിച്ചാലെന്താ..മല്ലിയില എങ്ങനെയാണ് കൃഷി ചെയ്യേണ്ടത്? അല്ലെങ്കിൽ ഉള്ളത് എങ്ങനെ തഴച്ചുവളർത്താം. ഇതാ നടേണ്ട രീതിയും ചില നിർദേശങ്ങളും.

കൃഷി ചെയ്യേണ്ടത് എങ്ങനെ..

വെള്ളം വാർന്നുപോകാൻ അടിയിൽ ദ്വാരമുള്ള ആഴം കുറഞ്ഞ പരന്ന പാത്രമാണ് മല്ലിയില നടാൻ നല്ലത്. 6.2 മുതൽ 6.8 വരെ pH മൂല്യമുള്ളതും, വെള്ളം കെട്ടിക്കിടക്കാതെ വാർന്നുപോകുന്നതുമായ മണ്ണാണ് ഉചിതം. മണ്ണ്, മണൽ, ചാണകപ്പൊടി അല്ലെങ്കിൽ കമ്പോസ്റ്റ് എന്നിവ യഥാക്രമം 2:1:1 എന്ന അനുപാതത്തിൽ ചേർത്ത് നടീൽ മിശ്രിതം തയാറാക്കുക.

തയാറാക്കിയ മിശ്രിതത്തിൽ വിത്തുകൾ അര ഇഞ്ച് ആഴത്തിൽ വിതറുക. വിപണിയിൽനിന്ന് വാങ്ങിയ വേരോടുകൂടിയ തണ്ടും നടാവുന്നതാണ്. വിതറിയ ശേഷം വിത്തിനുമുകളിൽ അൽപം ചകിരിച്ചോറ് കൊണ്ട് മൂടി സ്പ്രേ ബോട്ടിൽ ഉപയോഗിച്ച് വെള്ളം നനയ്ക്കുക. ശക്തിയായി വെള്ളം ഒഴിച്ചാൽ വിത്തുകൾ ഒലിച്ചുപോകാൻ സാധ്യതയുണ്ട്. വിത്ത് മുളിഞ്ഞ് 10 ദിവസത്തിനകം മുളച്ചു തുടങ്ങും. ചെടികൾക്ക് 4 മുതൽ 6 ഇഞ്ച് വരെ ഉയരമാകുമ്പോൾ ഇലകൾ മുറിച്ച് ഉപയോഗിക്കാവുന്നതാണ്.

ഇങ്ങനെ ചെയ്താൽ തഴച്ചുവളരും..

മല്ലിയില വളരുന്നതിൽ സൂര്യപ്രകാശം മികച്ച പങ്കുവഹിക്കുന്നുണ്ട്. ഒരു പാകമെത്തിയാൽ ചെടി നന്നായി വളരുന്നതിന് ദിവസത്തിൽ 4-5 മണിക്കൂർ നേരിട്ടുള്ള സൂര്യപ്രകാശം ലഭിക്കേണ്ടതുണ്ട്. ഇത് മല്ലിയില നന്നായി വളരാൻ സഹായിക്കും. ഇലകൾ വളർന്നു തുടങ്ങിയതിനു ശേഷം ഇടയ്ക്കിടെ നേർപ്പിച്ച ചാണക ലായനിയോ, പച്ചച്ചാണകം പുളിപ്പിച്ചത് കലക്കിയതോ ഒഴിച്ചുകൊടുക്കുന്നത് തഴച്ചുവളരുന്നതിന് കാരണമാകും.

Tags:    
News Summary - If you do this, your coriander plants will flourish; try it out

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.