എം.സി. സജു

വിദേശ ജോലി ഒഴിവാക്കി കൃഷിയിലേക്ക്; പ്രതിവർഷം 50 ലക്ഷം വരുമാനം, ഇത് സജുവിന്റെ വിജയഗാഥ

വിദേശത്തെ ജോലിയും സുരക്ഷിത ശമ്പളവും ഉപേക്ഷിച്ച് മണ്ണിനെ പ്രണയിച്ചപ്പോൾ, എറണാകുളം കൂത്താട്ടുകുളം സ്വദേശി എം.സി. സജുവിന് ആ മണ്ണ് തിരികെ നൽകിയത് പൊന്ന്. വിദേശ ഫലമായ റംബൂട്ടാൻ കൃഷിയിലൂടെ പ്രതിവർഷം 50 ലക്ഷം രൂപ വരുമാനം നേടി കേരളത്തിലെ കർഷകർക്ക് മാതൃകാ കർഷകനായിരിക്കുകയാണ് ഈ അറുപത്തഞ്ചുകാരൻ. നാട്ടിൽ റബ്ബറും മറ്റ് പരമ്പരാഗത കൃഷികളും നഷ്ടത്തിലേക്ക് കൂപ്പുകുത്തുമ്പോഴാണ്, ഉയർന്ന വിപണി സാധ്യതയുള്ള റംബൂട്ടാനിലേക്ക് സജു ചുവടുമാറ്റുന്നത്. ഗൾഫിൽ അഞ്ചു വർഷത്തെ പ്രവാസജീവിതത്തിന് ശേഷമാണ് അദ്ദേഹം പൂർണമായും കൃഷിയിലേക്ക് തിരിഞ്ഞത്. ഇന്ന് കേരള കോ-ഓപറേറ്റീവ് ഫെഡറേഷൻ ഫോർ ഫിഷറീസ് ഡെവലപ്മെന്റിന്റെ മുൻ കൺസൾട്ടന്റും, റംബൂട്ടാൻ മാങ്കോസ്റ്റീൻ ഫാർമേഴ്സ് ഓർഗനൈസേഷന്റെ പ്രസിഡന്റുമാണ് അദ്ദേഹം.

തുടക്കം തന്നെ മികച്ച വിളവെടുപ്പ്

നാട്ടിൻപുറങ്ങളിലെ മിക്ക വീടുകളിലും മാവും പ്ലാവും ധാരാളമായുണ്ടെങ്കിലും, വിപണിയിൽ എപ്പോഴും ഡിമാൻന്റുള്ളതും എന്നാൽ ലഭ്യത കുറഞ്ഞതുമായ ഫലങ്ങൾ തിരഞ്ഞെടുക്കാനാണ് സജു ശ്രദ്ധിച്ചത്. അങ്ങനെയാണ് തിളങ്ങുന്ന ചുവപ്പു നിറവും ഔഷധഗുണങ്ങളുമുള്ള റംബൂട്ടാനിലേക്ക് അദ്ദേഹം എത്തുന്നത്.

തുടക്കത്തിൽ നാടൻ നഴ്സറിയിൽനിന്നുള്ള മലേഷ്യൻ മാൾവാന വെറൈറ്റിയാണ് പരീക്ഷിച്ചതെങ്കിലും, പിന്നീട് 'എൻ-18' (N18) എന്ന ഇനത്തിലേക്ക് മാറിയതാണ് സജുവിന്റെ കൃഷി ജീവിതത്തിലെ വഴിത്തിരിവ്.

കേരളത്തിലെ കാലാവസ്ഥയ്ക്ക് ഏറ്റവും അനുയോജ്യമായ ഈ ഇനത്തിന് നിരവധി പ്രത്യേകതകളുണ്ട്. പതിനെട്ട് ഫലങ്ങൾ ചേർന്നാൽ ഒരു കിലോ തൂക്കം വരും എന്നതാണ് ഇതിന്റെ പ്രധാന മെച്ചം. മറ്റ് ഇനങ്ങളെ അപേക്ഷിച്ച് കൂടുതൽ മാംസളവുമാണ് എന്നതാണ് പ്രത്യേകത.

ആറ് ഏക്കർ സ്ഥലത്താണ് സജുവിന്റെ റംബൂട്ടാൻ തോട്ടമുള്ളത്. ഒരേക്കറിൽ 40 തൈകൾ വരെയാണ് നടുന്നത്. കൃഷി ആരംഭിച്ച് മൂന്നാം വർഷം മുതൽ തന്നെ വിളവെടുപ്പ് ആരംഭിക്കാം. മൂന്നാം വർഷം 30 കിലോയും, നാലാം വർഷം 50 കിലോയും, അഞ്ചാം വർഷം 70 കിലോയോളവും ഫലങ്ങൾ ഒരു മരത്തിൽ നിന്ന് ലഭിക്കുമെന്ന് ഈ കർഷകൻ പറയുന്നു.

വർഷവും വിളവെടുക്കുന്നത് ലക്ഷങ്ങൾ

ഒരു മരത്തിൽ നിന്ന് മാത്രം 30,000 രൂപ വരെയാണ് വരുമാനം. കിലോയ്ക്ക് 100 രൂപ കുറഞ്ഞ വില ലഭിക്കുമ്പോൾ, സജു തന്റെ വിളകൾ 140-150 രൂപയ്ക്കാണ് വിപണിയിൽ വിൽക്കുന്നത്. കിണർ വെള്ളം മാത്രമാണ് നനയ്ക്കാനായി ഉപയോഗിക്കുന്നത്. ഒരേക്കറിന് വർഷത്തിൽ പരമാവധി 50,000 രൂപ മാത്രമാണ് പരിപാലന ചെലവ് വരുന്നത്.

ഒരു ഹെക്ടറിൽ പരമ്പരാഗത കൃഷികൾ ചെയ്താൽ പരമാവധി 2.5 മുതൽ 3 ലക്ഷം രൂപ വരെയാണ് ലഭിക്കുക. റബ്ബറിന്റെ വില കിലോ 300 രൂപയിലെത്തിയാൽ പോലും ഈ ലാഭം കിട്ടാൻ ബുദ്ധിമുട്ടാണ്. എന്നാൽ റബ്ബറിനേക്കാൾ പത്തിരട്ടി വരുമാനമാണ് റംബൂട്ടാൻ കൃഷി തനിക്ക് നൽകുന്നതെന്ന് സജു അഭിമാനത്തോടെ പറയുന്നു. സ്വന്തം അധ്വാനവും ആത്മവിശ്വാസവുമുണ്ടെങ്കിൽ വിദേശത്തു പോകാതെ തന്നെ നാട്ടിൽ കോടീശ്വരനാകാമെന്ന് തെളിയിക്കുകയാണ് എം.സി. സജു എന്ന ഈ മാതൃകാ കർഷകൻ.

Tags:    
News Summary - Saju Earns 50 Lakhs Annually Through Rambutan Cultivation

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.