പെരുമ്പാവൂര്‍: ഉത്തരേന്ത്യക്കാരുടെ പ്രിയപ്പെട്ട പച്ചക്കറി കൃഷിയില്‍ ശ്രദ്ധ ചെലുത്തുകയാണ് ഒക്കല്‍ പഞ്ചായത്തിലെ ചേലാമറ്റം ഞെഴുങ്ങന്‍ വീട്ടില്‍ ജോബി പത്രോസ്. വഴുതനങ്ങ ഇനത്തില്‍പെട്ട ബാഗൂന്, കാഴ്ചയില്‍ കോവക്കക്ക് സമാനമായ പോട്ടല്‍, പൂഴിചീര തുടങ്ങിയവയാണ് രണ്ടേക്കറിലെ കൃഷി. റാഡിഷ്, മുള്ളങ്ങി, പൂഴിചീര തുടങ്ങിയവയുടെ സീസണ് ശേഷമാണ് ബാഗുണും, പോട്ടലും വിളവെടുക്കുന്നത്. 22 ഏക്കറില്‍ നെല്‍ കൃഷിയും, രണ്ടര ഏക്കറില്‍ വാഴയും ഈ 48കാരൻ പരിപാലിക്കുന്നു.
പെരുമ്പാവൂര്‍ മേഖലയില്‍ അന്തര്‍ സംസ്ഥാനക്കാര്‍ നിരവധിയുളളതിനാലാണ് അവര്‍ക്കാവശ്യമായ പച്ചക്കറികളുടെ കൃഷിയിലേക്ക് ശ്രദ്ധ ചെലുത്തിയതെന്ന് ജോബി പറയുന്നു. പാവലം കൃഷി ചെയ്യുംപോലെ പന്തലൊരുക്കിയാണ് പോട്ടലിന്റെ കൃഷി. പെണ്‍വര്‍ഗത്തില്‍പെട്ട ചെടിയിലാണ് കായ് ഉണ്ടാകുന്നത്. സമീപത്ത് ഒരു നിരയില്‍ കൃഷി ചെയ്തിരിക്കുന്ന ആണ് വര്‍ഗത്തില്‍പെട്ട ചെടിയിലെ പൂവ് അതിരാവിലെ പൊട്ടിച്ചെടുത്ത് പെണ്‍ചെടിയിലെ പൂവില്‍ മുട്ടിക്കുന്നതിലൂടെയാണ് ഇതിന്റെ പരാഗണം നടക്കുന്നത്.
200 രൂപയാണ് മാര്‍ക്കറ്റില്‍ പോട്ടലിന്റെ വില. വലിയ മാളുകളില്‍ ഇതിന് നല്ല ഡിമാന്റാണ്. സ്വന്തമായി ഭൂമിയില്ലാത്ത ജോബി പ്രദേശത്ത് വെറുതെ കിടക്കുന്ന സ്ഥലങ്ങള്‍ പാട്ടത്തിനെടുത്താണ് കൃഷി ചെയ്തുവരുന്നത്. മണല്‍ തൊഴിലാളിയായിരുന്നു ജോബി. മണല്‍ വാരലിന് നിരോധനം വന്നപ്പോള്‍ തൊഴില്‍രഹിതനായി. ഈ സമയത്ത് ഒക്കല്‍ ജുമാമസ്ജിദ് ഭാരവാഹികള്‍ കൃഷി ചെയ്യാന്‍ 65 സെന്റ് ഭൂമി പാട്ടത്തിന് വിട്ടുകൊടുക്കുകയായിരുന്നു. അവിടെ നിന്നാണ് കൃഷിയുടെ തുടക്കം. നല്ല കര്‍ഷകനുള്ള നിരവധി സമ്മാനങ്ങള്‍ പഞ്ചായത്ത് തലത്തില്‍ ഇദ്ദേഹത്തിന് ലഭിച്ചിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.