മോഹൻലാൽ പാഷൻ ഫ്രൂട്ട് കൃഷിയിടത്തിൽ
തൊടുപുഴ: വളരെ പ്രതീക്ഷയോടെ നട്ട പാവലും പയറുമൊക്കെ പണികൊടുത്തെങ്കിലും പരീക്ഷണാർഥമിറക്കിയ പാഷൻ ഫ്രൂട്ട് കളം പിടിച്ചു. വെറും 80 ചുവട് നട്ടുതുടങ്ങിയ സ്ഥലത്തുനിന്ന് ആഴ്ചയിൽ 1000 കിലോയിലേക്ക് പാഷൻ ഫ്രൂട്ട് കൃഷി വളരുമ്പോൾ മോഹൻലാലിന്റെ ജീവിതത്തിലും ഈ കൃഷി ആശ്വാസത്തിന്റെ തണ്ണീർപന്തൽ വിരിക്കുകയാണ്.
ഇടുക്കി പതിനാറാംകണ്ടം സ്വദേശിയായ ഊർനാംകുന്നേൽ മോഹൻലാൽ എന്ന യുവകർഷകൻ പാട്ടത്തിനെടുത്ത കൃഷിയിടത്തിലെ വിജയഗാഥക്ക് പിന്നിൽ കഠിനപ്രയത്നവും ആത്മാർഥതയുമെല്ലാം തെളിഞ്ഞുകാണാം. കാർഷിക കുടുംബത്തിലെ അംഗമാണ് മോഹൻലാൽ. പാട്ടത്തിനെടുത്ത മൂന്നേക്കറിൽ വാഴ, പാവൽ, പയർ, കുരുമുളക് ചെടി തുടങ്ങിയ ഇടവിളകളാണ് വർഷങ്ങളായി ചെയ്തുവന്നിരുന്നത്. ആദ്യകാലങ്ങളിലൊക്കെ കൃഷി ആദായകരമായിരുന്നെങ്കിലും പോകപ്പോകെ കീടബാധ തലപൊക്കിത്തുടങ്ങി. പാവലിനാണ് ആദ്യം രോഗബാധ കണ്ടത്. ആദ്യകാലത്ത് മെച്ചമായിരുന്നെങ്കിലും പയറിനെ കരിവള്ളി എന്ന രോഗം പിടികൂടി. പയറുകൾ ഓരോന്നായി കരിഞ്ഞുവീണതോടെ തന്റെ സ്വപ്നങ്ങൾക്കും കരിനിഴൽ വീണതായി മോഹൻലാൽ പറഞ്ഞു. കൃഷി ലാഭം കിട്ടാതെ വന്നതോടെ ബാധ്യതയും കൂടി.
പാവലിനിട്ട പന്തൽ വെറുതെ കിടക്കുന്നതുകണ്ട് തോന്നിയ ചെറിയ ഒരാശയമായിരുന്നു പാഷൻ ഫ്രൂട്ട് കൃഷി. പരീക്ഷണമെന്ന നിലയിൽ മൂന്ന് വർഷം മുമ്പ് 80 ചുവട് മാത്രം നട്ടു. പാവൽ തടങ്ങളിൽ വളമുള്ളതിനാൽ പ്രതീക്ഷിച്ചതിലധികം കായ്കൾ ഉണ്ടായി. ഇടക്ക് കുറച്ച് ചാണകപ്പൊടിയും എല്ലുപൊടിയുമൊക്കെ ഇട്ടുകൊടുത്തു. രണ്ട് ലക്ഷം രൂപയാണ് അന്ന് കൃഷിയിൽനിന്ന് ലഭിച്ചത്. നഷ്ടങ്ങളുടെ കണക്കുപുസ്തകത്തിൽ അന്നാദ്യമായി ലാഭത്തിന്റെ കണക്ക് കയറിയതോടെ രണ്ടാമത് 450 തൈകൾ വെച്ചു. ഒരോ തവണയും കൃഷി കണ്ണിന് കുളിർമയും ആനന്ദവും ലാഭവും നൽകി.
ആഴ്ചയിൽ 1000 കിലോവരെ പറിക്കുന്ന രീതിയിലേക്ക് കൃഷി വളർന്നു. പടർത്തി വളർത്തേണ്ട വള്ളിച്ചെടിയാണ് പാഷൻ ഫ്രൂട്ടെന്ന് മോഹൻലാൽ പറഞ്ഞു. കൃത്യമായ പരിചരണം വേണം. മരങ്ങളിൽ കയറ്റിവിട്ടോ പന്തലിട്ടോ വളർത്താം. നല്ല കായ്ഫലമുള്ളതും തൂക്കവുമുള്ളതിനാൽ പന്തൽ തകരാതെ ശ്രദ്ധിക്കണം. മൂന്ന് വർഷമായി കൃഷി ചെയ്തുവരുന്നുണ്ട്. കൃഷി ചെയ്ത് നേരത്തേ ഉണ്ടായിരുന്ന ബാധ്യത വീട്ടാൻ കഴിഞ്ഞത് പാഷൻ ഫ്രൂട്ട് കൃഷിയിലൂടെയാണ്. വീട്ടിൽനിന്ന് ഒരു കിലോമീറ്റർ ചുറ്റളവിലാണ് കൃഷിയിടം. പാഷൻഫ്രൂട്ടിന് ആവശ്യക്കാർ ഏറെയുണ്ട്. അതുകൊണ്ട് വിപണിതേടി അലയേണ്ടതില്ല. നഴ്സറിയിൽനിന്നും കൃഷിഭവനിൽനിന്നുമാണ് ചെടി വാങ്ങുന്നത്. നല്ല വിളവിനായി വെള്ളവും വളവും പരിചരണവുമായി എപ്പാഴും കൃഷിയിടത്തിലുണ്ട് ഈ യുവകർഷകൻ.
ഭാര്യ സുമയും സഹായിയായി ഒപ്പമുണ്ട്. രാജമുടി കാർഷിക വിപണിയുടെ പ്രസിഡന്റ് കൂടിയാണ് മോഹൻലാൽ.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.