ആലപ്പുഴ: ഉഷ്ണതരംഗം ബാധിച്ചും ഓരുവെള്ളം കയറിയും കുട്ടനാട്ടിലെ നെൽകൃഷി നാശമുണ്ടാക്കിയ പ്രതിസന്ധി പരിഹരിക്കാൻ കർഷകർക്ക് നഷ്ടപരിഹാരം നൽകുമെന്ന് മന്ത്രി പി. പ്രസാദ്. ആലപ്പുഴയിൽ മാധ്യമപ്രവർത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
ഉപ്പുവെള്ളം കയറിയും ഉഷ്ണതരംഗം ബാധിച്ചും കുട്ടനാട്ടിലെ ചില മേഖലകളിൽ മെച്ചപ്പെട്ട വിളവ് ലഭിച്ചിട്ടില്ല. ഉപ്പുവെള്ളം കയറി കൃഷിനാശമുണ്ടായതിന്റെ കണക്കെടുത്തിട്ടുണ്ട്. കാലാവസ്ഥവ്യതിയാനം മൂലമുണ്ടായ നഷ്ടവും പരിശോധിക്കുന്നു. രണ്ട് റിപ്പോർട്ടും വിലയിരുത്തിയാകും നഷ്ടപരിഹാരം നൽകുക. നെൽകൃഷിയുടെ കാര്യത്തിൽ അത് വേഗത്തിൽ നൽകും. കാലാവസ്ഥാധിഷ്ഠിത ഇൻഷുറൻസിലേക്ക് മാറിയിട്ടുണ്ട്. കേന്ദ്രാവിഷ്കൃതപദ്ധതിയായ ഇൻഷുറൻസിന്റെ പ്രീമിയം അടക്കുന്നത് സംസ്ഥാന സർക്കാറും കേന്ദ്രവുമാണ്. എന്നാൽ, ഉപ്പുവെള്ളം കയറിയുള്ള നാശം ഇൻഷുറൻസിന്റെ പരിധിയിൽ വരാത്തതിനാലാണ് പ്രത്യേകതരത്തിൽ പണം കണ്ടെത്തുന്നത്.
നെല്ല് സംഭരണവുമായി ബന്ധപ്പെട്ട് പി.ആർ.എസ് രസീത് നൽകി വായ്പ നൽകാൻ കൺസോർട്യത്തിൽ ഉൾപ്പെട്ട ചില ബാങ്കുകൾ മോശപ്പെട്ട സമീപനമാണ് കാണിക്കുന്നത്. കർഷകരുടെ നെല്ലുസംഭരണത്തിൽ ബോധപൂർവം വിലപേശലുമായി ചില ബാങ്കുകൾ ഇറങ്ങുന്നത് സാധാരണക്കാരുടെ താൽപര്യം സംരക്ഷിക്കാനല്ല. വൻകിടക്കാരുടെ കാര്യത്തിൽ ഇത്തരം ബാങ്കുകൾ ശാഠ്യം പിടിക്കുന്നില്ല. ഇത് സർക്കാർ ഗൗരവമായി കാണുമെന്നും മന്ത്രി പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.