പാവക്കത്തോട്ടങ്ങൾ പാഴാവുന്നു

മാനന്തവാടി: തറവില പ്രഖ്യാപിച്ചെങ്കിലും പാവക്കക്ക് വിലയില്ലാത്തത് കർഷകർക്ക് തിരിച്ചടിയായി. സുഭിക്ഷ കേരളം പദ്ധതിയില്‍ മുഖ്യമന്ത്രിയുടെ നൂറുദിന കര്‍മ പരിപാടികളില്‍ ഉള്‍പ്പെടുത്തിയാണ് സംസ്ഥാനത്ത് പച്ചക്കറികൾക്ക് താങ്ങുവിലയും സംഭരണവും ആരംഭിച്ചത്. 16 ഇനം പഴം പച്ചക്കറികൾക്കാണ് അടിസ്ഥാന വില പ്രഖ്യാപിച്ചത്. ഇതിൽ പാവക്കക്ക് 30 രൂപയാണ് സർക്കാർ തറവില പ്രഖ്യാപിച്ചത്.

എന്നാൽ, ഇപ്പോൾ പൊതുവിപണിയിൽ 20 രൂപക്ക് താഴെ മാത്രമാണ് പാവക്ക എടുക്കുന്നത്. അതും പരിമിതമായ തൂക്കത്തിൽ മാത്രമേ എടുക്കുന്നുള്ളൂ. ജില്ലയിലെ പല ഭാഗങ്ങളിലും ടൺ കണക്കിന് പാവക്കയാണ് പ്രതിദിനം വിളവെടുക്കുന്നത്. ഇതിൽ തവിഞ്ഞാൽ പഞ്ചായത്തിൽ മാത്രം 10 ടണ്ണിനു മുകളിലാണ് പ്രതിദിന പാവക്ക ഉൽപാദനം. സർക്കാർ പ്രഖ്യാപിച്ച തറവില വലിയ പ്രതീക്ഷയോടെയാണ് കർഷകർ കണ്ടിരുന്നത്. നേന്ത്രവാഴക്ക് എല്ലാ ജില്ലയിലും 30 രൂപ തറവില നിശ്ചയിച്ചപ്പോൾ വയനാടൻ നേന്ത്രക്ക് 25 രൂപയാണ് തറവില.

ഇത് കർഷകരുടെയും കർഷക സംഘടനകളുടെയും പ്രതിഷേധത്തിന് ഇടയാക്കിയിരുന്നു. ഇതിനിടെയാണ് പാവക്കക്കും വിലയിടിഞ്ഞത്. നിശ്ചയിച്ച തറവില പ്രകാരം ജില്ലയിലെ കർഷകർ ഉൽപാദിപ്പിച്ച മുഴുവൻ പാവക്കയും സംഭരിക്കണമെന്ന് മുൻ മന്ത്രിയും കെ.പി.സി.സി ജനറൽ സെക്രട്ടറിയുമായ പി.കെ. ജയലക്ഷ്മി ആവശ്യപ്പെട്ടു.

സർക്കാർ അടിയന്തരമായി കർഷകരുടെ പ്രശ്നത്തിൽ ഇടപെടണം. ഉൽപാദന ചെലവും ഭൂമിയുടെ പാട്ടവും വർധിച്ച സാഹര്യത്തിൽ വാഴകർഷകരും പാവൽ കർഷകരും വലിയ പ്രതിസന്ധിയിലാണ്. ഇതിന് പരിഹാരം കാണണമെന്നും മുമ്പ് സംഭരിച്ച ഇനത്തിൽ കർഷകർക്ക് നൽകാനുള്ള മുഴുവൻ കുടിശ്ശികയും ഉടൻ കൊടുത്തുതീർക്കണമെന്നും അവർ ആവശ്യപ്പെട്ടു.

Tags:    
News Summary - Bitter melon farmers in struggle

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.