യമൻ പ്രസിഡൻഷ്യൽ ലീഡർഷിപ്പ് കൗൺസിൽ പ്രസിഡൻറ് ഡോ. റഷാദ് അൽഅലിമി
റിയാദ്: യമനിലെ ദക്ഷിണമേഖലാ പ്രശ്നങ്ങൾക്ക് ശാശ്വതവും നീതിയുക്തവുമായ പരിഹാരം കാണുന്നതിനായി എല്ലാ ദക്ഷിണപക്ഷ വിഭാഗങ്ങളെയും ഉൾപ്പെടുത്തി റിയാദിൽ വിപുലമായ സമ്മേളനം വിളിച്ചുചേർക്കണമെന്ന യമൻ പ്രസിഡൻഷ്യൽ ലീഡർഷിപ്പ് കൗൺസിൽ പ്രസിഡൻറ് ഡോ. റഷാദ് അൽഅലിമിയുടെ അഭ്യർഥനയെ സൗദി അറേബ്യ സ്വാഗതം ചെയ്തു.
എല്ലാ വിഭാഗങ്ങളെയും ഒരുമിച്ചിരുത്തി ചർച്ച ചെയ്യാൻ സൗദി മധ്യസ്ഥതയിൽ റിയാദിൽ വിപുലമായ സമ്മേളനം ചേരും. യമൻ ദക്ഷിണമേഖലാ പ്രശ്നം ചരിത്രപരവും സാമൂഹികവുമായ പ്രാധാന്യമുള്ള ഒരു ന്യായമായ വിഷയമാണെന്നും, സമഗ്രമായ രാഷ്ട്രീയ പരിഹാരത്തിലൂടെയും ചർച്ചകളിലൂടെയും മാത്രമേ ഇതിന് പരിഹാരം കാണാൻ സാധിക്കൂ എന്നും 2025 ഡിസംബർ 30ന് വിദേശകാര്യ മന്ത്രാലയം പുറത്തിറക്കിയ പ്രസ്താവനയിൽ വ്യക്തമാക്കിയിരുന്നു. ഈ നിലപാടിന്റെ തുടർച്ചയായാണ് സൗദി അറേബ്യയുടെ പുതിയ നീക്കം.
ഇരുരാജ്യങ്ങളും തമ്മിലുള്ള സുദൃഢമായ ബന്ധവും നിലവിലെ സാഹചര്യത്തിൽ ഇരുപക്ഷത്തിനുമുള്ള താൽപ്പര്യങ്ങളും മുൻനിർത്തിയാണ് ഈ തീരുമാനം. യമന്റെ സുരക്ഷയും സ്ഥിരതയും ഉറപ്പാക്കുന്നതിനും സംവാദങ്ങൾക്ക് അനുയോജ്യമായ അന്തരീക്ഷം ഒരുക്കുന്നതിനുമുള്ള സൗദിയുടെ നിരന്തരമായ ശ്രമങ്ങളുടെ ഭാഗമാണിതെന്ന് ഔദ്യോഗിക വൃത്തങ്ങൾ അറിയിച്ചു.
ദക്ഷിണമേഖലയിലെ ജനങ്ങളുടെ ന്യായമായ ആഗ്രഹങ്ങൾ നിറവേറ്റുന്നതിനും പ്രശ്നപരിഹാരത്തിനായി സമഗ്രമായ കാഴ്ചപ്പാട് രൂപവത്കരിക്കുന്നതിനും എല്ലാ ദക്ഷിണപക്ഷ വിഭാഗങ്ങളും ഈ സമ്മേളനത്തിൽ സജീവമായി പങ്കെടുക്കണമെന്ന് സൗദി അറേബ്യ ആഹ്വാനം ചെയ്തു. തെക്കൻ യമനിലെ ജനതയുടെ ന്യായമായ അഭിലാഷങ്ങൾ നിറവേറ്റുന്ന, തെക്കൻ പ്രശ്നത്തിന് ന്യായമായ പരിഹാരങ്ങൾക്കായുള്ള സമഗ്രമായ ഒരു കാഴ്ചപ്പാട് വികസിപ്പിക്കുന്നതിന് എല്ലാവരും സഹകരിക്കണമെന്നും വിദേശകാര്യ മന്ത്രാലയം പുറപ്പെടുവിച്ച പ്രസ്താവനയിൽ സൗദി ആവശ്യപ്പെട്ടു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.