ഇന്ത്യൻ മഹാസമുദ്രത്തിൽ സ്ഥിരമായി നങ്കൂരമിട്ട അമേരിക്കൻ വിമാനവാഹിനിക്കപ്പലിനെപ്പോലെ കണക്കാക്കപ്പെടുന്ന ഡീഗോ ഗാർഷ്യ ദ്വീപിനുനേർക്കാണ് ഇറാൻ മിസൈൽ ആക്രമണം നടത്തിയത്
തെഹ്റാനിൽനിന്ന് 4000 കിലോമീറ്റർ അകലെ ഇന്ത്യൻ മഹാസമുദ്രത്തിൽ തന്ത്രപ്രധാന മേഖലയിലുള്ള ഡീഗോ ഗാർഷ്യ എന്ന ചെറു ദ്വീപിനു നേർക്ക് കുതിച്ചെത്തിയ ബാലിസ്റ്റിക് മിസൈൽ യഥാർഥത്തിൽ പറന്നത് അമേരിക്കൻ മേധാശക്തിക്കു നേർക്കാണ്. ഒരു മിസൈലും ലക്ഷ്യം കണ്ടില്ലെങ്കിലും, അവ അത്രയും ദൂരം താണ്ടിയെത്തിയെന്നതാണ് ഈ ആക്രമണത്തിന്റെ പ്രാധാന്യം. അത്തരമൊരു ആക്രമണം നടത്തേണ്ട അനിവാര്യഘട്ടത്തിൽ പ്രയോഗിക്കാൻ ഇറാൻ ഇന്റർമീഡിയറ്റ് റേഞ്ച് ബാലിസ്റ്റിക് മിസൈലുകൾ വികസിപ്പിച്ച് സജ്ജമാക്കിയിട്ടുണ്ടെന്നതിന്റെ സൂചനയാണിതെന്ന് നിരീക്ഷകർ ചൂണ്ടിക്കാട്ടുന്നു.
ചാഗോസ് ദ്വീപ് സമൂഹത്തിലെ ഏറ്റവും ‘വലിയ’ ദ്വീപാണ് ഡീഗോ ഗാർഷ്യ. 17 ചതുരശ്ര മൈൽ ആണ് ഇതിന്റെ വിസ്തൃതി. ഭൂപടത്തിൽ പോലും കണ്ടെത്താൻ കഴിയാത്ത ഒരു ചെറിയ പവിഴ ദ്വീപ്. ഇന്ത്യൻ മഹാസമുദ്രത്തിൽ സ്ഥിരമായി നങ്കൂരമിട്ട അമേരിക്കൻ വിമാനവാഹിനിക്കപ്പലിനെപ്പോലെയാണ് ഡീഗോ ഗാർഷ്യയെ കണക്കാക്കുന്നത്. 1991ലെ ഗൾഫ് യുദ്ധം, അഫ്ഗാൻ യുദ്ധം, ഇറാഖ് യുദ്ധം എന്നിവയുൾപ്പെടെ അമേരിക്ക പതിറ്റാണ്ടുകളായി നിശ്ശബ്ദമായി ആക്രമണങ്ങൾ കയറ്റിയയക്കുന്ന ഭൂഭാഗമാണിത്.
ചെങ്കടലിൽനിന്നും ദക്ഷിണ ചൈനാ കടലിൽനിന്നും ഏതാണ്ട് തുല്യ അകലത്തിലാണ് ഡീഗോ ഗാർഷ്യയുടെ സ്ഥാനം. ലോകത്തിലെ ഏറ്റവും തന്ത്രപ്രധാനമായ രണ്ട് സമുദ്ര പാതകളായ ചെങ്കടലിന്റെ മുഖത്തുള്ള ബാബുൽ മന്ദബ് കടലിടുക്കിലേക്കും, ദക്ഷിണ ചൈനാ കടലിനടുത്തുള്ള മലാക്ക കടലിടുക്കിലേക്കും ദീർഘദൂര ബോംബർ വിമാനങ്ങൾക്ക് എത്തിച്ചേരാൻ ഈ ഇടത്താവളത്തിലൂടെ കഴിയും.
ഇന്തോ-പസഫിക് മേഖലയിലെ രണ്ട് നിർണായക യു.എസ് ബോംബർ ബേസുകളിലൊന്നാണ് ഡീഗോ ഗാർഷ്യ. യു.എസ് ബഹിരാകാശ ട്രാക്കിങ് സംവിധാനങ്ങൾക്കും ഈ താവളം ഉപയോഗിക്കുന്നു. വിയറ്റ്നാം യുദ്ധത്തിനുശേഷം ഏറ്റവും വികസിച്ച യു.എസ് ബേസായി ഡീഗോ ഗാർഷ്യ മാറി. 1979ലെ ഇറാനിയൻ വിപ്ലവത്തിനു പിന്നാലെ ഡീഗോ ഗാർഷ്യ എക്കാലത്തെയും വലിയ വിപുലീകരണത്തിന് വിധേയമായി. വിമാനവാഹിനിക്കപ്പലുകൾക്കായി തുറമുഖം ആഴത്തിലാക്കി.
ഹെവി ബോംബറുകൾക്കായി 12,000 അടി റൺവേ നിർമിച്ചു, ബി-1, ബി-2, ബി-52 സ്ട്രാറ്റജിക് ബോംബറുകളെ ഉൾക്കൊള്ളുന്നതിനായി നിർമിച്ചതാണ്. ബി-2 സ്റ്റെൽത്ത് ബോംബറിന് ആണവ മിസൈലുകൾ വിന്യസിക്കാൻ കഴിയും. ഇത് ദ്വീപിലെ ആണവായുധ സംഭരണത്തെക്കുറിച്ചുള്ള ആശങ്കകൾക്ക് ആക്കംകൂട്ടുന്നുണ്ടെങ്കിലും അതിന്റെ സാന്നിധ്യം സ്ഥിരീകരിച്ചിട്ടില്ല.
2026 മാർച്ചിലെ ആക്രമണത്തിൽ എസ്.എം-3 ഇന്റർസെപ്റ്റർ വിക്ഷേപിച്ച യുദ്ധക്കപ്പൽ ഉൾപ്പെടെ, ആണവ അന്തർവാഹിനികളും ഗൈഡഡ്-മിസൈൽ ഡിസ്ട്രോയറുകളും ഈ ബേസിൽ ഉണ്ട്. മുഴുവൻ മറൈൻ ബ്രിഗേഡിനും ആവശ്യമായ ആയുധങ്ങളും സാധനങ്ങളും നിറച്ച വലിയ കപ്പലുകൾ ഡീഗോ ഗാർഷ്യയിൽ നങ്കൂരമിട്ടിരിക്കുന്നു, ഇത് ഇന്ത്യൻ മഹാസമുദ്ര മേഖലയിലുടനീളം ദ്രുതഗതിയിലുള്ള സേന വിന്യാസത്തെയും അമേരിക്കക്ക് സാധ്യമാക്കുന്നു.
ന്യൂയോർക്: പശ്ചിമേഷ്യയിലെ യു.എസ് സൈനിക താവളങ്ങളിലേക്ക് ഇറാൻ നടത്തിയ ആക്രമണങ്ങളിൽ ഏകദേശം 80 കോടി ഡോളറിന്റെ നാശനഷ്ടമുണ്ടായതായി പുതിയ റിപ്പോർട്ട്. യു.എസ്-ഇസ്രായേൽ ആക്രമണത്തോടുള്ള ഇറാന്റെ പ്രാഥമിക തിരിച്ചടിയിലാണ് ഇത്രയും നാശമുണ്ടായിരിക്കുന്നതെന്ന് ഇതു സംബന്ധിച്ച വിശകലനം വ്യക്തമാക്കുന്നു.
യുദ്ധം ആരംഭിച്ചതിനു ശേഷമുള്ള ആഴ്ചയിൽ ഇറാൻ നടത്തിയ പ്രാരംഭ പ്രതികാര ആക്രമണങ്ങളിലാണ് കൂടുതൽ നാശനഷ്ടങ്ങൾ ഉണ്ടായതെന്ന് സെന്റർ ഫോർ സ്ട്രാറ്റജിക് ആൻഡ് ഇന്റർനാഷനൽ സ്റ്റഡീസിന്റെ (സി.എസ്.ഐ.എസ്) റിപ്പോർട്ട് ചൂണ്ടിക്കാട്ടുന്നു. മുമ്പ് റിപ്പോർട്ട് ചെയ്തതിനേക്കാൾ കൂടുതലാണ് യു.എസ് സൈനിക അടിസ്ഥാന സൗകര്യങ്ങൾക്കുള്ള നാശം. ഇതിന്റെ പൂർണ വ്യാപ്തി വ്യക്തമല്ല.
മേഖലയിലെ യു.എസ് താവളങ്ങൾക്കുണ്ടായ നാശനഷ്ടങ്ങൾ മുഴുവനായി റിപ്പോർട്ട് ചെയ്തിട്ടില്ലെന്ന് സി.എസ്.ഐ.എസിന്റെ മുതിർന്ന ഉപദേഷ്ടാവ് മാർക്ക് കാൻഷ്യൻ പറഞ്ഞു. പശ്ചിമേഷ്യൻ രാജ്യങ്ങളിലെ യു.എസ് വ്യോമ പ്രതിരോധ-ഉപഗ്രഹ ആശയ വിനിമയ സംവിധാനങ്ങൾ ഉൾപ്പെടെയുള്ളവയെ ലക്ഷ്യമിട്ടാണ് ഇറാന്റെ പ്രതികാര ആക്രമണം. ജോർഡനിലെ ഒരു വ്യോമതാവളത്തിൽ ‘താഡ്’ മിസൈൽ പ്രതിരോധ സംവിധാനത്തിനു നേരെ നടന്നതാണ് ഇതിൽ പ്രധാനം.
പ്രതിരോധ വകുപ്പിന്റെ ബജറ്റ് രേഖകൾവെച്ച് സി.എസ്.ഐ.എസ് നടത്തിയ അവലോകനമനുസരിച്ച്, എ.എൻ/ടി.പി വൈ-2 റഡാർ സിസ്റ്റത്തിന് ഏകദേശം 485 മില്യൺ ഡോളർ വിലവരും. ദീർഘദൂര ബാലിസ്റ്റിക് മിസൈലുകളെ പ്രതിരോധിക്കാനാണ് ഇത് ഉപയോഗിക്കുന്നത്. ഫെബ്രുവരി 28ന് ഇറാനെതിരെ ആക്രമണം ആരംഭിച്ചതിനുശേഷം യു.എസിന് ഇതുവരെയായി 13 സൈനികരെ നഷ്ടപ്പെട്ടു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.