ആരാണ് ഋഷി സുനക്? ഇന്ത്യൻ വംശജൻ യു.കെയുടെ അടുത്ത പ്രധാനമന്ത്രിയാകുമോ?

ലണ്ടൻ: ബ്രിട്ടനിലെ അടുത്ത പ്രധാനമന്ത്രി സ്ഥാനത്തേക്കുള്ള സ്ഥാനാർഥിത്വം പ്രഖ്യാപിച്ച് ഇന്ത്യൻ വംശജനായ ഋഷി സുനക്. പ്രധാനമന്ത്രി ലിസ് ട്രസ് രാജിവെച്ചതോടെയാണ് റിഷി സുനക് വീണ്ടും എത്തുന്നത്. ബ്രിട്ടൻ കടുത്ത സാമ്പത്തിക പ്രതിസന്ധി അഭിമുഖീകരിക്കുന്ന ഘട്ടത്തിലാണ് മുൻ ചാൻസിലർ കൂടിയായ ഋഷി സുനക് മത്സരിക്കാനിറങ്ങുന്നത്. വിജയിച്ചാൽ യു.കെയിലെ ആദ്യ ഇന്ത്യൻ വംശജനായ പ്രധാനമന്ത്രിയാകും അദ്ദേഹം.

ഋഷി സുനകിനെ കുറിച്ച് കൂടുതൽ അറിയാം

1. നാഷണൽ ഹെൽത്ത് സർവീസ് (എൻ.എച്ച്.എസ്) ജനറൽ പ്രാക്ടീഷണറായ പിതാവിന്റെയും ഫാർമസിസ്റ്റായ അമ്മയുടെയും മകനായി യു.കെയിലെ സൗത്ത്‌ഹാംപ്ടണിൽ ഋഷി സുനക് ജനിച്ചു.

2. സുനക്കിന്റെ പൂർവ്വികർ പഞ്ചാബിൽ നിന്നുള്ളവരാണ്.

3. ഓക്‌സ്‌ഫോർഡ് യൂണിവേഴ്‌സിറ്റിയിലും സ്റ്റാൻഫോർഡിലും നിന്ന് ബിരുദം കരസ്ഥമാക്കി.

4. 2009ൽ ഇൻഫോസിസ് സഹസ്ഥാപകൻ നാരായണ മൂർത്തിയുടെ മകൾ അക്ഷത മൂർത്തിയെ വിവാഹം ചെയ്തു. രണ്ട് പെൺമക്കളുണ്ട്. അനൗഷ്കയും കൃഷ്ണയും.

5. യോർക്ക്ഷെയറിലെ റിച്ച്മണ്ടിൽ നിന്ന് 2015ൽ പാർലമെന്റ് അംഗമായി തിരഞ്ഞെടുക്കപ്പെട്ടു.

6. 2020 ഫെബ്രുവരിയിൽ കാബിനറ്റ് പോസ്റ്റായ എക്‌സ്‌ചിക്കറിന്റെ ചാൻസലറായി നിയമിച്ചു.

7. കോവിഡ് മഹാമാരിയുടെ കാലത്ത് ബിസിനസിനും ജീവനക്കാർക്കും അനുവദിച്ച സാമ്പത്തിക പാക്കേജ് ഏറെ പ്രശംസിക്കപ്പെട്ടു.

8. കുടുംബങ്ങൾക്ക് മതിയായ ജീവിതച്ചെലവ് നൽകാത്തതിന് വിമർശിക്കപ്പെട്ടു.

9. യു.കെ പ്രധാനമന്ത്രി സ്ഥാനത്തേക്ക് ലിസ് ട്രസിനെതിരെ മത്സരിച്ചു.

10. ഋഷി സുനക്കിനെ തോൽപ്പിച്ച് ലിസ് ട്രസ് പ്രധാനമന്ത്രിയായി അധികാരത്തിലെത്തിയെങ്കിലും 45 ദിസങ്ങൾക്ക് ശേഷം രാജിവച്ചു.

11. യു.കെയിലെ ഏറ്റവും സമ്പന്നരുടെ പട്ടികയിൽ ഉൾപ്പെടുന്ന ആദ്യത്തെ മുൻനിര രാഷ്ട്രീയക്കാരനാണ്. ഭാര്യ അക്ഷതാ മൂർത്തിക്കൊപ്പം ഋഷി സുനക്ക് 730 മില്യൺ പൗണ്ടിന്റെ ആസ്തിയുണ്ടെന്നാണ് റിപ്പോർട്ടുകൾ. 

Tags:    
News Summary - Who is Rishi Sunak? Indian-origin MP who could become UK's next PM

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.