‘രാജ്യത്തെ സംരക്ഷിക്കാൻ ഞങ്ങൾ മുമ്പത്തേക്കാളും സജ്ജം, യു.എസ് ഉപരോധം തുടർന്നാൽ കനത്ത തിരിച്ചടിയുണ്ടാകും’; മുന്നറിയിപ്പുമായി ഐ.ആർ.ജി.സി

തെഹ്റാൻ: ഇറാനിയൻ തുറമുഖങ്ങൾക്ക് നേരെയുള്ള അമേരിക്കൻ ഉപരോധം തുടരുകയാണെങ്കിൽ പ്രത്യാഘാതം ഗുരുതരമായിരിക്കുമെന്ന് ഇറാൻ സൈനിക വൃത്തമായ ഐ.ആർ.ജി.സി. അമേരിക്കയുടെ നടപടി 'കടൽക്കൊള്ള'യാണെന്ന് വിശേഷിപ്പിച്ച ഇറാൻ സൈന്യം, രാജ്യത്തിന്റെ പരമാധികാരവും താൽപര്യങ്ങളും സംരക്ഷിക്കാൻ തങ്ങൾ മുമ്പത്തേക്കാളും സജ്ജമാണെന്നും വ്യക്തമാക്കി. ഇറാനിയൻ വാർത്ത ഏജൻസി തസ്നീമാണ് ഇറാൻ സൈനിക കമാൻഡിനെ ഉദ്ധരിച്ച് ഇക്കാര്യം അറിയിച്ചത്.

ഇറാനിയൻ കപ്പൽ യു.എസ് നാവികസേന തടഞ്ഞതാണ് നിലവിലെ സംഘർഷത്തിന് ആധാരം. ഏപ്രിൽ 24ന് ഇറാനിയൻ തുറമുഖത്തേക്ക് നീങ്ങുകയായിരുന്ന കപ്പലിനെ യു.എസ് ഗൈഡഡ് മിസൈൽ ഡിസ്ട്രോയറായ 'യു.എസ്.എസ് റാഫേൽ പരാൽറ്റ' തടഞ്ഞതായി യു.എസ് സെൻട്രൽ കമാൻഡ് സ്ഥിരീകരിച്ചിരുന്നു. രണ്ട് ദശലക്ഷം ബാരൽ ക്രൂഡ് ഓയിൽ വഹിച്ചിരുന്ന 'ഹെർബി' എന്ന ടാങ്കറാണ് തടയപ്പെട്ടിരുന്നത്. ഇതിനുപിന്നാലെയാണ് കനത്ത പ്രതികരണവുമായി ഐ.ആർ.ജി.സി രംഗത്തെത്തിയത്. മേഖലയിലെ സംഭവവികാസങ്ങൾ സൂക്ഷ്മമായി നിരീക്ഷിച്ചുവരികയാണെന്നും ഇറാൻ അറിയിച്ചു. തന്ത്രപ്രധാനമായ ഹുർമുസ് കടലിടുക്കിന്റെ നിയന്ത്രണം തങ്ങൾക്ക് മാത്രമാണെന്നും 'അമേരിക്കൻ-സയണിസ്റ്റ്' ശത്രുക്കൾ പ്രകോപനം തുടർന്നാൽ കനത്ത നാശനഷ്ടങ്ങൾ വരുത്താൻ ഞങ്ങൾക്ക് മടിക്കില്ലെന്നും പ്രസ്താവനയിൽ മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.

അതേസമയം, അമേരിക്ക ഇറാന്റെ അടിസ്ഥാന സൗകര്യങ്ങളെ തകർക്കാനും ജനങ്ങളെ ദുരിതത്തിലാക്കാനുമാണ് ശ്രമിക്കുന്നതെന്ന് പ്രസിഡന്റ് മസ്ഊദ് പെസഷ്കിയാൻ കുറ്റപ്പെടുത്തി. ജനങ്ങൾക്കിടയിൽ അതൃപ്തി പടർത്താനാണ് അമേരിക്കയുടെ ഈ ഉപരോധമെന്നും രാജ്യത്തെ നിലവിലെ സാഹചര്യം കണക്കിലെടുത്ത് വൈദ്യുതിയുടെയും ഊർജത്തിന്റെയും ഉപയോഗം കുറയ്ക്കണമെന്നും അദ്ദേഹം ജനങ്ങളോട് അഭ്യർഥിച്ചു.

നിലവിലെ സാഹചര്യങ്ങളിൽ യു.എസുമായുള്ള രണ്ടാംഘട്ട ചർച്ചകൾക്കായി ഇറാൻ വിദേശകാര്യ മന്ത്രി അബ്ബാസ് അരാഗ്ചി ഇസ്ലാമാബാദിൽ എത്തിയിട്ടുണ്ട്. ഈ ചർച്ചക്ക് മുന്നോടിയായി ഹുർമുസിന്റെ പൂർണ അവകാശമടക്കം ഇറാന്റെ എല്ലാ നിലപാടുകളും നേരത്തെതന്നെ ചർച്ചക്ക് മധ്യസ്ഥത വഹിക്കുന്ന പാകിസ്താനോട് വെളിപ്പെടുത്തിയിരുന്നു.

Tags:    
News Summary - ‘We are more prepared than ever to protect the country, there will be a heavy blow if US sanctions continue’; IRGC warns

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.