അമേരിക്കക്കാർക്ക് മടുത്താൽ ഇസ്രായേലിലേക്ക് താമസം മാറി അവിടുത്തെ പ്രധാനമന്ത്രിയാകും: ഡോണൾഡ് ട്രംപ്

വാഷിങ്ടൺ: അമേരിക്കൻ ജനതക്ക് തന്നെ മടുത്താൽ ഇസ്രായേലിലേക്ക് താമസം മാറി അവിടുത്തെ പ്രധാനമന്ത്രിയാകുമെന്ന് പ്രസിഡന്റ് ഡോണൾഡ് ട്രംപ്. അമേരിക്കയിൽ ഇടക്കാല തെരഞ്ഞെടുപ്പ് നടക്കുന്ന ദിവസം ഫോക്സ് ന്യൂസിന്റെ ‘ഫോക്സ് ആൻഡ് ഫ്രണ്ട്സ്’ പരിപാടിയിൽ സംസാരിക്കുകയായിരുന്നു ട്രംപ്. ഇസ്രായേലിൽ തനിക്ക് 99 ശതമാനം അംഗീകാരമുണ്ടെന്നും ട്രംപ് അവകാശപ്പെട്ടു.

‘ഇസ്രായേലിൽ 99 ശതമാനം പേരും എന്നെ അംഗീകരിക്കുന്നുണ്ട്. അമേരിക്കയിലെ ജനങ്ങൾക്ക് എന്നെ മടുത്താൽ ഞാൻ ഇസ്രായേലിലേക്ക് മാറി അവിടുത്തെ പ്രധാനമന്ത്രിയാകും” ട്രംപ് പറഞ്ഞു. അമേരിക്കയിൽ തന്റെ അംഗീകാരനിരക്ക് താഴ്ന്നുവെന്ന റിപ്പോർട്ടുകൾക്കിടെയായിരുന്നു ഈ പ്രതികരണം.

ഇതിനിടെ അ​മേരിക്കയിൽ ഇടക്കാല തെരഞ്ഞെടുപ്പിലെ ഫലപ്രഖ്യാപനം പുറത്ത് വന്നുകൊണ്ടിരിക്കുകയാണ്. ഇതുവരെയുള്ള വോട്ടെണ്ണലിൽ ട്രംപിന്റെ റിപ്പബ്ലിക്കൻ പാർട്ടിയെ പിന്നിലാക്കി ഡെമോക്രാറ്റുകൾ മുന്നേറുകയാണ്. നിലവിൽ അമേരിക്കൻ വോട്ടർമാർക്കിടയിൽ ഭരണവിരുദ്ധ വികാരം കനത്തതുകൊണ്ട് ട്രംപിന് വലിയ തിരിച്ചടിയാകുമെന്നാണ് സർവേ ഫലങ്ങൾ വ്യക്തമാക്കുന്നത്. ഇന്ധനവില വർധനവും ഇറാൻ യുദ്ധവും യു.എസ് വോട്ടർമാർക്കിടയിൽ കടുത്ത അതൃപ്തിയാണ് സൃഷ്ടിച്ചിരിക്കുന്നത്. 

ജനപ്രതിനിധിസഭയിലും സെനറ്റിലും ഡെമോക്രാറ്റുകൾ മുന്നേറ്റം തുടരുന്നതിനിടെ, താൻ മത്സരിച്ചിരുന്നെങ്കിൽ റിപ്പബ്ലിക്കൻ പാർട്ടി വൻ ഭൂരിപക്ഷത്തിൽ വിജയിക്കുമായിരുന്നുവെന്ന് ട്രംപ് പ്രതികരിച്ചു. തെരഞ്ഞെടുപ്പ് ഫലങ്ങൾ അംഗീകരിക്കാൻ തയാറാണെന്നും ഡെമോക്രാറ്റുകളുമായി ചേർന്ന് പ്രവർത്തിക്കുമെന്നും ട്രംപ് പറഞ്ഞു. 

തെരഞ്ഞെടുപ്പ് ഫലങ്ങൾ പുറത്തുവന്നതിന് പിന്നാലെ ട്രംപ് തന്റെ സാമൂഹികമാധ്യമമായ ട്രൂത്ത് സോഷ്യലിലൂടെയാണ് പ്രതികരിച്ചത്. താൻ ബാലറ്റിൽ ഉണ്ടായിരുന്നില്ലെന്നും മത്സരിച്ചിരുന്നെങ്കിൽ റിപ്പബ്ലിക്കൻമാർ വൻ ഭൂരിപക്ഷത്തിൽ വിജയിക്കുമായിരുന്നുവെന്നും ട്രംപ് അവകാശപ്പെട്ടു.  

തെരഞ്ഞെടുപ്പ് ഫലങ്ങൾ പുറത്തുവരുമ്പോൾ ഡെമോക്രാറ്റുകൾക്ക് നിർണായക നേട്ടങ്ങളാണ് ലഭിക്കുന്നത്. സെനറ്റിൽ റിപ്പബ്ലിക്കൻ പാർട്ടിയുടെ ഒരു സീറ്റ് പിടിച്ചെടുത്ത ഡെമോക്രാറ്റുകൾ, നോർത്ത് കരോലിനയിലും ദക്ഷിണ കരോലിനയിലും വിജയം നേടി. ജോർജിയയിൽ നിലവിലെ സെനറ്റർ ജോൺ ഒസോഫും ന്യൂ ഹാംഷെയറിൽ ക്രിസ് പാപ്പസും വിജയിച്ചു. ദക്ഷിണ കരോലിനയിൽ അന്തരിച്ച സെനറ്റർ ലിൻഡ്സി ഗ്രഹാമിന്റെ സഹോദരി ഡാർലിൻ ഗ്രഹാമിനെ പരാജയപ്പെടുത്തിയാണ് ഡെമോക്രാറ്റിക് സ്ഥാനാർഥി ആനി ആൻഡ്രൂസ് ചരിത്രവിജയം നേടിയത്. നോർത്ത് കരോലിനയിൽ റിപ്പബ്ലിക്കൻ സ്ഥാനാർഥി മൈക്കൽ വാട്ട്ലിയെ തോൽപ്പിച്ച് റോയ് കൂപ്പറും സെനറ്റിലെത്തി. ഇതോടെ സെനറ്റിന്റെ നിയന്ത്രണം തിരിച്ചുപിടിക്കാനുള്ള ഡെമോക്രാറ്റുകളുടെ സാധ്യത വർധിച്ചു.

ജനപ്രതിനിധിസഭയിലും ഡെമോക്രാറ്റുകൾ മുന്നേറ്റം തുടരുകയാണ്. റിപ്പബ്ലിക്കൻ പാർട്ടിയുടെ കൈവശമുണ്ടായിരുന്ന നിർണായക മണ്ഡലങ്ങളിൽ ചിലത് ഡെമോക്രാറ്റുകൾ പിടിച്ചെടുത്തു.  മിഷിഗണിലെ 12ാം മണ്ഡലത്തിൽ ഫലസ്തീനി വംശജയായ റശീദ താലിബും വീണ്ടും തെരഞ്ഞെടുക്കപ്പെട്ടു.

Tags:    
News Summary - "Will Move To Israel, Become PM": Trump's Joke On His Approval Ratings

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.