ഇസ്രായേലിന് ഇനി പണം നൽകില്ലെന്ന് ട്രംപ്; നെതന്യാഹുവുമായി ധാരണയിലെത്തിയെന്ന് വെളിപ്പെടുത്തൽ
വാഷിങ്ടൺ: ഇസ്രായേലിന് പ്രതിവർഷം നൽകിവരുന്ന നാല് ബില്യൺ ഡോളറിന്റെ സാമ്പത്തിക സഹായം ഈ വർഷം അവസാനത്തോടെ നിർത്തലാക്കുമെന്ന് യു.എസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ്. ഇസ്രായേൽ പ്രധാനമന്ത്രി ബിന്യമിൻ നെതന്യാഹുവുമായി ഇതുസംബന്ധിച്ച് ധാരണയിലെത്തിയതായും ട്രംപ് വെളിപ്പെടുത്തി. എന്നാൽ, പശ്ചിമേഷ്യയിലെ അടുത്ത സഖ്യകക്ഷിയായ ഇസ്രായേലിന് ആവശ്യമായാൽ ആയുധങ്ങൾ വിൽക്കുന്നതും സഹായം നൽകുന്നതും തുടരുമെന്നും അദ്ദേഹം വ്യക്തമാക്കി.
അമേരിക്കയിൽ ഇടക്കാല തെരഞ്ഞെടുപ്പിനുള്ള വോട്ടെടുപ്പ് നടക്കുന്നതിനിടെയാണ് ട്രംപിന്റെ അപ്രതീക്ഷിത പ്രഖ്യാപനം. കോൺഗ്രസിന്റെ നിയന്ത്രണം റിപ്പബ്ലിക്കൻ പാർട്ടിക്ക് നഷ്ടപ്പെടുമോ എന്ന് നിർണയിക്കുന്ന തെരഞ്ഞെടുപ്പിൽ ഇസ്രായേലിന് നൽകുന്ന സൈനിക സഹായം രാഷ്ട്രീയ ചർച്ചാവിഷയമായിരുന്നു. ഇസ്രായേലിന് സാമ്പത്തിക സഹായം നൽകുന്നതിനെതിരെ ഇടതുപക്ഷ ഡെമോക്രാറ്റുകൾ ഉയർത്തുന്ന വിമർശനങ്ങൾ റിപ്പബ്ലിക്കൻ പാർട്ടിക്കെതിരായ പ്രചാരണത്തിന് ഉപയോഗിക്കുന്നുവെന്നും അതിനാൽ ഈ വിഷയം അവസാനിപ്പിക്കാനാണ് തീരുമാനമെന്നും ട്രംപ് സൂചിപ്പിച്ചു.
ഇസ്രായേലിന് പ്രതിവർഷം 3.8 ബില്യൺ ഡോളറിന്റെ സൈനിക സഹായം നൽകുന്നതിനുള്ള അമേരിക്ക-ഇസ്രായേൽ ധാരണാപത്രം 2028 സെപ്റ്റംബർ വരെയാണ് നിലവിലുള്ളത്. അതിനാൽ, ഈ വർഷം അവസാനത്തോടെ സഹായം എങ്ങനെയാണ് നിർത്തുകയെന്ന കാര്യത്തിൽ ട്രംപ് വ്യക്തത നൽകിയിട്ടില്ല. സഹായം അവസാനിപ്പിക്കുന്നതിനുള്ള നടപടിക്രമങ്ങളെക്കുറിച്ചും ട്രംപ് വിശദീകരിച്ചില്ല. അതേസമയം, പതിറ്റാണ്ടുകളായി അമേരിക്കയിൽ റിപ്പബ്ലിക്കൻ, ഡെമോക്രാറ്റിക് പാർട്ടികൾക്കിടയിൽ ഒരുപോലെ പിന്തുണ ലഭിച്ചിരുന്ന ഇസ്രായേലിനുള്ള സഹായം ഇപ്പോൾ രാഷ്ട്രീയമായി തിരിച്ചടിയാകുന്ന സാഹചര്യമുണ്ടെന്ന് ട്രംപിന്റെ പ്രസ്താവന സൂചിപ്പിക്കുന്നു.
2028നുശേഷം ഇസ്രായേലിനുള്ള അമേരിക്കൻ സഹായം എങ്ങനെയായിരിക്കണമെന്നതിനെക്കുറിച്ച് ഇരുരാജ്യങ്ങളും നേരത്തേ ചർച്ചകൾ നടത്തിയിരുന്നു. കാലക്രമേണ അമേരിക്കയിൽനിന്നുള്ള സാമ്പത്തിക സഹായം കുറയുമെന്നാണ് പ്രതീക്ഷിക്കുന്നതെന്ന് നെതന്യാഹുവും നേരത്തേ വ്യക്തമാക്കിയിരുന്നു. എന്നാൽ, സഹായം നിർത്താനുള്ള തീരുമാനം സംബന്ധിച്ച് ഇസ്രായേൽ സർക്കാറിന്റെ ഔദ്യോഗിക പ്രതികരണം പുറത്തുവന്നിട്ടില്ല.
അതേസമയം ട്രംപിന്റെ പ്രഖ്യാപനത്തിന്റെ സമയത്തെ ചോദ്യം ചെയ്തത് നിരവധി പേർ രംഗത്ത് വന്നിട്ടുണ്ട്. തെരഞ്ഞെടുപ്പ് ദിവസം തന്നെ ഇത്തരമൊരു പ്രഖ്യാപനം നടത്തിയത് എന്തിനാണെന്നും ഇറാനെതിരെ അമേരിക്കയും ഇസ്രായേലും സംയുക്തമായി വലിയ സൈനിക നീക്കം നടത്തുമെന്ന അഭ്യൂഹങ്ങൾക്കിടയിൽ ഇതു പ്രഖ്യാപിച്ചതിന്റെ ഉദ്ദേശ്യം എന്താണെന്നും രാഷ്ട്രീയ നിരീക്ഷകർ ചോദിച്ചു.
അതേസമയം, ഇസ്രായേലിനുള്ള സഹായം ഒറ്റയടിക്ക് അവസാനിപ്പിക്കുന്നതിന് പകരം ഘട്ടംഘട്ടമായി കുറക്കണമെന്നാണ് അമേരിക്കയിലെ ചില ഇസ്രായേൽ അനുകൂലികൾ ആവശ്യപ്പെടുന്നത്. എന്നാൽ, ഡെമോക്രാറ്റിക് പാർട്ടി കോൺഗ്രസിന്റെ നിയന്ത്രണം തിരിച്ചുപിടിച്ചാൽ ഇസ്രായേലിനുള്ള സഹായം പൂർണമായി അവസാനിപ്പിക്കുന്നത് പാർട്ടിയുടെ അജണ്ടയുടെ ഭാഗമായിരിക്കുമെന്ന് കാലിഫോർണിയയിൽനിന്നുള്ള ഡെമോക്രാറ്റിക് ജനപ്രതിനിധി റോ ഖന്ന എക്സിൽ കുറിച്ചു.
ഇസ്രായേലിന് നൽകുന്ന സഹായം സംബന്ധിച്ച് കോൺഗ്രസിൽനിന്നും വിമർശനമുയർന്നിട്ടുണ്ട്. ട്രംപിന്റെ പ്രഖ്യാപനത്തെക്കുറിച്ച് ഇസ്രായേലിന് നേരത്തേ അറിയില്ലായിരുന്നുവെന്ന് റിപ്പബ്ലിക്കൻ ജനപ്രതിനിധി ഡോൺ ബേക്കൺ പറഞ്ഞു. എന്നാൽ അമേരിക്കയുടെ സഹായം ഭാവിയിൽ കുറഞ്ഞേക്കുമെന്ന സൂചനകൾക്കിടെ, സൈനിക സാങ്കേതികവിദ്യാ രംഗത്ത് ഇരുരാജ്യങ്ങളും തമ്മിലുള്ള ബന്ധം കൂടുതൽ ശക്തമാക്കാനുള്ള നീക്കവും നടക്കുന്നുണ്ട്.
ഇസ്രായേലിന് അമേരിക്ക നൽകിവരുന്ന സാമ്പത്തിക സഹായം അവസാനിപ്പിക്കുമെന്ന ട്രംപിന്റെ പ്രഖ്യാപനം ഇരുരാജ്യങ്ങളും തമ്മിലുള്ള ബന്ധത്തിൽ നിർണായക മാറ്റത്തിന് വഴിയൊരുക്കുമോ എന്നതാണ് ഇനി ഉറ്റുനോക്കുന്നത്. നിലവിലുള്ള ധാരണാപത്രം 2028 വരെ പ്രാബല്യത്തിലിരിക്കെ, ഈ വർഷം അവസാനത്തോടെ സഹായം നിർത്തുമെന്ന ട്രംപിന്റെ പ്രഖ്യാപനം എങ്ങനെ നടപ്പാക്കുമെന്നതിലും വ്യക്തത വരേണ്ടതുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.