മോദിയെ പ്രശംസിച്ച വിവേക് രാമസ്വാമിക്ക് യു.എസ് തെരഞ്ഞെടുപ്പിൽ തോൽവി
വാഷിങ്ടൺ: യു.എസ് പ്രസിഡന്റ് ഡോണൾഡ് ട്രംപിന്റെ പിന്തുണയോടെ ഒഹായോ ഗവർണർ സ്ഥാനത്തേക്ക് മത്സരിച്ച റിപ്പബ്ലിക്കൻ സ്ഥാനാർഥി വിവേക് രാമസ്വാമിക്ക് തോൽവി. ഡെമോക്രാറ്റിക് സ്ഥാനാർഥി ആമി ആക്ടൺ വിജയിച്ചതോടെ 20 വർഷമായി റിപ്പബ്ലിക്കൻ പാർട്ടിയുടെ കൈവശമുണ്ടായിരുന്ന ഗവർണർ പദവി ഡെമോക്രാറ്റുകൾ തിരിച്ചുപിടിച്ചു. ഒഹായോയുടെ ചരിത്രത്തിൽ ഗവർണറായി തെരഞ്ഞെടുക്കപ്പെടുന്ന ആദ്യ വനിതയാണ് പൊതുജനാരോഗ്യ വിദഗ്ധയും കോവിഡ് കാലത്ത് സംസ്ഥാന ആരോഗ്യ ഡയറക്ടറുമായിരുന്ന ആക്ടൺ.
ബയോടെക്നോളജി രംഗത്തെ ശതകോടീശ്വരനും 2024ലെ റിപ്പബ്ലിക്കൻ പ്രസിഡന്റ് സ്ഥാനാർഥിത്വത്തിനായി മത്സരിച്ചയാളുമാണ് രാമസ്വാമി. ട്രംപുമായുള്ള അടുപ്പവും സാമ്പത്തിക സ്വാധീനവും റിപ്പബ്ലിക്കൻ പാർട്ടിയുടെ ആദ്യകാല പിന്തുണയും രാമസ്വാമിക്ക് അനുകൂലമായിരുന്നു. ഇലോൺ മസ്ക് ഉൾപ്പെടെയുള്ളവരും രാമസ്വാമിയെ പിന്തുണച്ച് വലിയ തുക ചെലവഴിച്ചിരുന്നു. പ്രചാരണത്തിന്റെ അവസാന ആഴ്ചകളിൽ ട്രംപും യു.എസ് വൈസ് പ്രസിഡന്റ് ജെ.ഡി. വാൻസും രാമസ്വാമിക്കായി ഒഹായോയിൽ നിരവധി തവണ പ്രചാരണത്തിനെത്തിയിരുന്നു.
എന്നാൽ ട്രംപിന്റെ തീരുവ നയങ്ങളും ജീവിതച്ചെലവിലെ വർധനയും ഇറാൻ യുദ്ധത്തെ തുടർന്നുണ്ടായ ഇന്ധനവിലക്കയറ്റവും വോട്ടർമാർക്കിടയിൽ അതൃപ്തി സൃഷ്ടിച്ചത് ആക്ടന്റെ പ്രചാരണത്തിന് സഹായകമായെന്നാണ് വിലയിരുത്തൽ.
പ്രചാരണത്തിനിടെ ആക്ടന്റെ അകന്നുകഴിയുന്ന മാതാവിനെ ഉൾപ്പെടുത്തി രാമസ്വാമി സംപ്രേഷണം ചെയ്ത പരസ്യം വിവാദമായിരുന്നു. കുട്ടിക്കാലത്തെക്കുറിച്ച് ആക്ടൺ നുണ പറഞ്ഞെന്ന ആരോപണവുമായി മാതാവ് രംഗത്തെത്തുന്ന പരസ്യത്തിനെതിരെ ഇരുപാർട്ടികളിൽനിന്നും വിമർശനമുയർന്നിരുന്നു. തുടർന്ന് രാമസ്വാമിയുടെ പ്രചാരണരീതിക്കെതിരെ റിപ്പബ്ലിക്കൻ പ്രൈമറിയിൽ മത്സരിച്ച കേസി പുട്ട്ഷും പിന്നീട് ആക്ടന് വോട്ട് ചെയ്യുമെന്ന് പ്രഖ്യാപിച്ചിരുന്നു.
ഒഹായോ ഗവർണർ മൈക്ക് ഡിവൈനിന്റെ കാലാവധി അവസാനിക്കുന്നതോടെയാണ് ആക്ടൺ അധികാരത്തിലെത്തുന്നത്. ഡിവൈനിനൊപ്പം കോവിഡ് മഹാമാരിയുടെ ആദ്യഘട്ടത്തിൽ പ്രവർത്തിച്ചിരുന്നെങ്കിലും തെരഞ്ഞെടുപ്പിലൂടെ അധികാരത്തിലെത്തുന്നത് ആക്ടന്റെ ആദ്യ അനുഭവമാണ്. 50 വർഷത്തോളം തെരഞ്ഞെടുപ്പ് രാഷ്ട്രീയത്തിൽ പ്രവർത്തിച്ച ഡിവൈൻ കാലാവധി നിയന്ത്രണം കാരണം വീണ്ടും മത്സരിക്കാനാകാത്ത സാഹചര്യത്തിലാണ്.
നേരത്തേ, പ്രധാനമന്ത്രി നരേന്ദ്ര മോദിയെ പ്രശംസിച്ചും ഇന്ത്യ-യു.എസ് ബന്ധം ശക്തിപ്പെടുത്തേണ്ടതിന്റെ ആവശ്യകത ചൂണ്ടിക്കാട്ടിയും രാമസ്വാമി രംഗത്തെത്തിയിരുന്നു. വാഷിങ്ടണിലെ ബ്ലെയർ ഹൗസിൽ മോദിയുമായി നടത്തിയ കൂടിക്കാഴ്ചക്കുശേഷം ഇന്ത്യൻ പ്രധാനമന്ത്രിയെ അമേരിക്കയിലേക്ക് സ്വാഗതം ചെയ്യാൻ കഴിഞ്ഞത് സന്തോഷവും അഭിമാനവുമാണെന്ന് രാമസ്വാമി പ്രതികരിച്ചിരുന്നു.
കേരളത്തിൽ നിന്നുള്ള കുടിയേറ്റക്കാരുടെ മകനായ വിവേക് രാമസ്വാമി ജനിച്ചത് ഒഹായോയിലെ സിൻസിനാട്ടിയിലാണ്. മാതാപിതാക്കൾ കേരളത്തിലെ പാലക്കാട് ജില്ലയിലെ വടക്കഞ്ചേരിയിൽ നിന്ന് അമേരിക്കയിലേക്ക് കുടിയേറിയവരാണ്. നിലവിൽ തെരഞ്ഞെടുപ്പ് ഫലങ്ങൾ പുറത്ത് വരുമ്പോൾ ജനപ്രതിനിധി സഭയിലും സെനറ്റിലും ഡേമോക്രാറ്റുകൾ മുന്നേറുകയാണ്. ഇതിനിടെയിലാണ് ട്രംപിന്റെ അടുത്ത വിശ്വസ്തൻ കൂടിയായ രാമസ്വാമി തോൽവി ഏറ്റുവാങ്ങിയത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.