സൗദി കിരീടാവകാശി അമീർ മുഹമ്മദ് ബിൻ സൽമാനും തായ്‌ലൻഡ് പ്രധാനമന്ത്രി ജനറൽ പ്രയുത് ചാൻ-ഓചയോടൊപ്പം

സൗദി കിരീടാവകാശിക്കും സംഘത്തിനും ബാങ്കോക്കിൽ ഊഷ്മള വരവേൽപ്

റിയാദ്: തായ്‌ലൻഡ് പ്രധാനമന്ത്രിയുടെ ക്ഷണപ്രകാരം തലസ്ഥാനമായ ബാങ്കോക്കിലെത്തിയ സൗദി കിരീടാവകാശിയും പ്രധാനമന്ത്രിയുമായ അമീർ മുഹമ്മദ് ബിൻ സൽമാനും സംഘത്തിനും ഊഷ്മള വരവേൽപ്. പ്രധാനമന്ത്രിയും പ്രതിരോധ മന്ത്രിയുമായ ജനറൽ പ്രയുത് ചാൻ-ഓചയുമായി കിരീടവകാശി ചർച്ച നടത്തി. സൗദി-തായ് കോഓഡിനേഷൻ കൗൺസിൽ രൂപവത്കരിക്കുന്നതടക്കം അഞ്ച് കരാറുകളിൽ ഒപ്പുവെക്കുന്നതിന് ഇരു നേതാക്കളും വെള്ളിയാഴ്ച സാക്ഷ്യം വഹിച്ചു.

ഉഭയകക്ഷി ബന്ധത്തിന്റെ വിവിധ വശങ്ങളും അവ വികസിപ്പിക്കുന്നതിനും മെച്ചപ്പെടുത്തുന്നതിനുമുള്ള വഴികളും ഇരുനേതാക്കളും ചർച്ച ചെയ്തു. പൊതുതാൽപര്യമുള്ള നിരവധി വിഷയങ്ങളിൽ സൗഹാർദ സംഭാഷണങ്ങൾ നടന്നതായി ഇരുരാജ്യത്തെയും മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. സൗദി അറേബ്യയുടെ ഏഷ്യൻ വിപണിയിലേക്കുള്ള കവാടമാവുക എന്നതാണ് തായ്‌ലൻഡ് ലക്ഷ്യമെന്ന് വ്യാപാര മേഖലയിലെ ഉന്നത വൃത്തങ്ങളെ ഉദ്ധരിച്ച് തായ് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.


ചർച്ചകളുടെ ഒടുവിൽ ഒപ്പുവച്ച കരാറുകൾ രണ്ട് രാജ്യങ്ങളുടെയും സമ്പദ്‌വ്യവസ്ഥയ്ക്ക് ഗുണം ചെയ്യുമെന്ന് കിരീടാവകാശി പ്രത്യാശ പ്രകടിപ്പിച്ചു. ഒമ്പത് മാസം മുമ്പ് ഞങ്ങൾ നടത്തിയ പ്രഥമ കൂടിക്കാഴ്ചയോടെ തന്നെ ഇരുരാഷ്ട്രങ്ങളും പല മേഖലകളിലും സഹകരിക്കാൻ ധാരണയായിരുന്നെന്നും അവയിൽ പലതും ഞങ്ങളുടെ പ്രതീക്ഷകൾക്കുപരിയായി പൂർത്തീകരിക്കാൻ സാധിച്ചതായും ചർച്ചയുടെ തുടക്കത്തിൽ കിരീടാവകാശി പറഞ്ഞു. ഊർജം, വിനോദസഞ്ചാരം, നിക്ഷേപം, അടിസ്ഥാന സൗകര്യവികസനം, കൃഷി തുടങ്ങിയ മേഖലകളിൽ ഇരു രാജ്യങ്ങൾക്കും പ്രയോജനം ലഭിക്കുന്ന വിധത്തിലാണ് പുതിയ ധാരണകളെന്ന് മുഹമ്മദ് ബിൻ സൽമാൻ കൂട്ടിച്ചേർത്തു.

കഴിഞ്ഞ നൂറ്റാണ്ടിന്റെ പകുതിയോടെ ബന്ധം സ്ഥാപിച്ച തായ്‌ലൻഡുമായി ഇതര മേഖലകളിലും സഹകരിക്കാനുള്ള സാധ്യതകൾ നിൽനിൽക്കുന്നുണ്ടെന്ന് അദ്ദേഹം സൂചിപ്പിച്ചു.സൗദി ഭരണാധികാരി സൽമാൻ ബിൻ അബ്ദുൽ അസീസ് രാജാവിനും ജനങ്ങൾക്കും ആശംസകൾ അറിയിച്ച ഓച ഉഭയകക്ഷി ബന്ധത്തെ ശക്തിപ്പെടുത്താനും കിരീടാവകാശിയുമായി ചേർന്ന് പ്രവർത്തിക്കാനുമുള്ള സന്നദ്ധത ഊന്നിപ്പറഞ്ഞു. ഇരു രാജ്യത്തെയും ഊർജ മന്ത്രാലയങ്ങൾ തമ്മിൽ ഊർജ മേഖലയിൽ സഹകരിക്കുന്നതുമായി ബന്ധപ്പെട്ടായിരുന്നു ആദ്യ ധാരണാ പത്രം. സൗദി ഊർജ മന്ത്രി അമീർ അബ്ദുൽ അസീസ് ബിൻ സൽമാനും തായ് ഉപപ്രധാനമന്ത്രിയും ഊർജ മന്ത്രിയുമായ സുപത പോങ് ബാൻ മിഷയും ഇത് പരസ്പരം കൈമാറി.


സൗദി-തായ് കോഓഡിനേഷൻ കൗൺസിൽ രൂപവത്കരിക്കുന്നതിനുള്ള ധാരണാപത്രം വിദേശകാര്യ മന്ത്രി അമീർ ഫൈസൽ ബിൻ ഫർഹാൻ ബിൻ അബ്ദുല്ലയും തായ് ഉപപ്രധാനമന്ത്രിയും വിദേശകാര്യ മന്ത്രിയുമായ ഡോൺ പ്രമുദ്വിനെയും കൈമാറി. ടൂറിസം മേഖലയിലെ സഹകരണത്തിനുള്ള ധാരണാപത്രം സൗദി വാണിജ്യ മന്ത്രിയും ആക്ടിങ് മീഡിയ മന്ത്രിയുമായ ഡോ. മാജിദ് അൽ-ഖസബി, തായ് ടൂറിസം, കായിക മന്ത്രി ഫിഫത്ത് രചകിത് പ്രകർൺ എന്നിവർ പരസ്പരം കൈമാറി.

ഇരു രാജ്യങ്ങളും തമ്മിൽ നേരിട്ടുള്ള നിക്ഷേപം പ്രോത്സാഹിപ്പിക്കുന്ന മേഖലയയിലെ ധാരണാപത്രം സൗദി നിക്ഷേപ മന്ത്രി എൻജി. ഖാലിദ് അൽ-ഫാലിഹ്, തായ് ഉപപ്രധാനമന്ത്രിയും വിദേശകാര്യ മന്ത്രിയുമായ ഡോൺ പ്രമുദ്വിനായിക്ക് കൈമാറി.അഴിമതി വിരുദ്ധ അതോറിറ്റിയായ 'നസഹ'യും തായ്‌ ദേശീയ അഴിമതി വിരുദ്ധ അതോറിറ്റിയും തമ്മിൽ സഹകരിക്കുന്നതിനുള്ള ധാരണാപത്രം തായ് അതോറിറ്റി പ്രസിഡന്റ് പ്രസാർ നരാജ്കിതക്ക് കൈമാറിയത് 'നസഹ' പ്രസിഡന്റ് മാസിൻ അൽ കഹ്മൂസാണ്.

Tags:    
News Summary - warm welcome to the Saudi crown prince and his team in Bangkok

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.