നേപ്പാളിൽ 68 പേരുടെ മരണത്തിനിടയാക്കിയ വിമാന ദുരന്തത്തിന്‍റെ വ്യാപ്തി വെളിവാക്കി യാത്രക്കാരിലൊരാളുടെ ഫേസ്ബുക് ലൈവ് വിഡിയോ. ലാൻഡിങ്ങിന് തൊട്ടുമുമ്പായി പകർത്തിയ വിഡിയോയിൽ വിമാനം തകർന്നുവീഴുന്നതിന്‍റെയും തീപ്പിടിക്കുന്നതിന്‍റെയും ദൃശ്യങ്ങളുണ്ട്. അപകടത്തിൽ മരിച്ച സോനു ജയ്സ്വാൾ എന്ന യാത്രികന്‍റെ ഫേസ്ബുക് ലൈവ് വിഡിയോയാണിതെന്നാണ് വിവിധ വാർത്താ പോർട്ടലുകൾ പറയുന്നത്.
68 യാത്രികരും പൈലറ്റുമാർ ഉൾപ്പെടെ നാല് ജീവനക്കാരുമായിരുന്നു വിമാനത്തിലുണ്ടായിരുന്നത്. കാഠ്മണ്ഡുവിൽനിന്ന് പൊഖറയിലേക്ക് പുറപ്പെട്ട യതി എയർലൈൻസിന്‍റെ എ.ടി.ആർ-72 വിമാനമാണ് ഞായറാഴ്ച രാവിലെ അപകടത്തിൽപെട്ടത്. ലാൻഡിങ്ങിന് തൊട്ടുമുമ്പായി പൊഖറ വിമാനത്താവളത്തിന് സമീപം തകർന്നുവീണ് തീപ്പിടിക്കുകയായിരുന്നു.
യാത്രികരിൽ 53 പേരും നേപ്പാളികളാണ്. അഞ്ച് ഇന്ത്യക്കാർ ഉൾപ്പെടെ 15 വിദേശികൾ വിമാനത്തിലുണ്ടായിരുന്നു. മൂന്ന് കൈക്കുഞ്ഞുങ്ങളടക്കം ആറു കുട്ടികളും വിമാനത്തിൽ യാത്രക്കാരായി ഉണ്ടായിരുന്നു. നാലു റഷ്യക്കാരും രണ്ട് കൊറിയക്കാരും അർജന്റീന, അയർലൻഡ്, ആസ്ട്രേലിയ, ഫ്രാൻസ് എന്നീ രാജ്യങ്ങളിൽ നിന്നായി ഓരോരുത്തരുമാണ് മറ്റ് രാജ്യങ്ങളിൽ നിന്നുള്ള യാത്രികർ.
68 മൃതദേഹങ്ങളാണ് കണ്ടെത്താനായത്. വിമാനം പൂർണമായി കത്തിയമർന്നതിനാൽ ആരും രക്ഷപ്പെടാനിടയില്ലെന്നാണ് നിഗമനം.
നേപ്പാൾ വിമാനദുരന്തത്തിന്‍റെ മറ്റ് വിഡിയോ ദൃശ്യങ്ങളും സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. അതേസമയം, ഇവയൊന്നും ഔദ്യോഗികമായി സ്ഥിരീകരിക്കപ്പെട്ടവയല്ല.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.