കാരക്കാസ്: അഫ്ഗാൻ ശൈലിയിലുള്ള ‘എന്നേക്കുമുള്ള യുദ്ധ’ത്തിലേക്ക് യു.എസിനെ നയിക്കരുതെന്ന് ഡോണാൾഡ് ട്രംപിനോട് വെനിസ്വേലൻ പ്രസിഡന്റ് നിക്കോളാസ് മദൂറോ. മേഖലയിലെ അമേരിക്കൻ സൈനിക വിന്യാസം തീവ്രമാക്കുകയും അമേരിക്കയിലെ മയക്കുമരുന്ന് ഭീകരരെ തുടച്ചുനീക്കുമെന്ന് ട്രംപിന്റെ പ്രതിരോധ സെക്രട്ടറി പീറ്റർ ഹെഗ്സെത്ത് പ്രതിജ്ഞയെടുക്കുകയും ചെയ്തതിനു പിന്നാലെയാണ് പ്രസ്താവന. ലോകത്തിലെ ഏറ്റവും വലിയ വിമാനവാഹിനിക്കപ്പലായ ‘യു.എസ്.എസ് ജെറാൾഡ് ആർ ഫോർഡ്’ രാജ്യത്തെ ലക്ഷ്യമിട്ട് കരീബിയൻ കടലിൽ സ്ഥാനമുറപ്പിച്ചിരിക്കുകയാണ്.
യുദ്ധമല്ല സമാധാനമാണ് സ്ഥാപിക്കേണ്ടതെന്ന് അദ്ദേഹം ട്രംപിനോട് ആവശ്യപ്പെട്ടു. ഇനി എന്നേക്കുമുളള അന്യായമായ യുദ്ധങ്ങളരുത്. ലിബിയ ഉണ്ടാവരുത്, അഫ്ഗാനിസ്ഥാൻ ഉണ്ടാവരുത്. പകരം സമാധാനം നീണാൾ വാഴട്ടെ’ -സർക്കാർ അനുകൂല റാലിയിൽ പങ്കെടുക്കാൻ ജനക്കൂട്ടത്തിനിടയിലൂടെ മുന്നോട്ട് പോകുമ്പോൾ 62 കാരനായ മദൂറോ പ്രഖ്യാപിച്ചു.
വെനിസ്വേലൻ നേതാവ് സംസാരിച്ചതിന് മണിക്കൂറുകൾക്കുശേഷം ‘ഓപ്പറേഷൻ സതേൺ സ്പിയർ’ പ്രഖ്യാപിച്ചുകൊണ്ട്, വെനിസ്വേലയുടെ നേതാവിന് മേൽ കൂടുതൽ സമ്മർദ്ദം ചെലുത്താൻ ഹെഗ്‌സെത്ത് ശ്രമിച്ചു. ‘പടിഞ്ഞാറൻ അർധ ഗോളമാണ്, അമേരിക്കയുടെ അയൽപക്കമാണ്. ഞങ്ങൾ അതിനെ സംരക്ഷിക്കും’ എന്നും ഹെഗ്‌സെത്ത് ട്വീറ്റ് ചെയ്തു. സതേൺ കമാൻഡ് ദൗത്യം നമ്മുടെ മാതൃരാജ്യത്തെ സംരക്ഷിക്കുകയും നമ്മുടെ ആളുകളെ കൊല്ലുന്ന മയക്കുമരുന്നുകളിൽ നിന്ന് അതിനെ സംരക്ഷിക്കുകയും ചെയ്യുമെന്നും പറഞ്ഞു.
കരീബിയൻ, പസഫിക് മേഖലകളിലെ മയക്കുമരുന്ന് കള്ളക്കടത്ത് ബോട്ടുകളുടെ പേരുപറഞ്ഞ് നിരവധി മാരക ആക്രമണങ്ങൾ നടത്തിവരുന്ന മദൂറോക്കെതിരെ ട്രംപിന്റെ സമ്മർദ്ദ പ്രചാരണത്തെ ഉറപ്പിക്കാനുള്ള ശ്രമത്തിന്റെ ഭാഗമാണ് ഹെഗ്സെത്തിന്റെ അഭിപ്രായങ്ങളെന്നാണ് റിപ്പോർട്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.