ലക്ഷങ്ങളുടെ ഡ്രോണുകളെ വീഴ്ത്താൻ കോടികളുടെ മിസൈലുകൾ; ഇറാൻ യുദ്ധത്തിൽ അമേരിക്കയു​ടെ വെടിതീരുന്നു

വാഷിങ്ടൺ: ഇറാനുമായി മാസങ്ങളായി തുടരുന്ന സംഘർഷത്തെത്തുടർന്ന് യു.എസിന്റെ മിസൈൽ-വ്യോമപ്രതിരോധ ആയുധശേഖരത്തിൽ കടുത്ത ദൗർലഭ്യം നേരിടുന്നതായി റിപ്പോർട്ട്. ആയുധ നിർമാണ മേഖലയിലെ പ്രതിസന്ധിയും ആയുധങ്ങളുടെ ദൗർലഭ്യവും കാരണം യൂറോപ്പിലും ഏഷ്യയിലുമുള്ള തങ്ങളുടെ സുരക്ഷാ താവളങ്ങളിൽനിന്നും പങ്കാളികളിൽനിന്നും യു.എസ് ആയുധങ്ങൾ പശ്ചിമേഷ്യയിലേക്ക് വൻതോതിൽ മാറ്റുകയാണ്. ഇത് റഷ്യ, ചൈന എന്നിവരിൽ നിന്നുള്ള കടുത്ത സുരക്ഷാ ഭീഷണികൾ നേരിടുന്ന സഖ്യകക്ഷികളെ വലിയ പ്രതിസന്ധിയിലാക്കുമെന്ന് പ്രതിരോധ വിദഗ്ദ്ധർ മുന്നറിയിപ്പ് നൽകുന്നു

ഇറാൻ യുദ്ധം ആരംഭിച്ച് ആറ് മാസം പിന്നിടുമ്പോൾ പ്രതിരോധ രംഗത്ത് യു.എസ് ഉപയോഗിക്കുന്ന ‘പട്രിയോട്ട്’ വ്യോമപ്രപ്രതിരോധ മിസൈലുകളുടെ ശേഖരത്തിൽ 65 ശതമാനത്തോളം കുറവുണ്ടായിട്ടുണ്ട്. യുദ്ധത്തിന് മുമ്പ് 2,330 ഉണ്ടായിരുന്ന പട്രിയോട്ട് മിസൈലുകളുടെ എണ്ണം നിലവിൽ 850ൽ താഴെയായി കുറഞ്ഞു.

ഇറാൻ തൊടുത്തുവിടുന്ന ഒരു ലക്ഷം ഡോളറിൽ താഴെ മാത്രം വിലവരുന്ന ഡ്രോണുകളെയും മിസൈലുകളെയും തകർക്കാൻ യു.എസ് രണ്ടോ മൂന്നോ പ്രതിരോധ മിസൈലുകൾ ഉപയോഗിക്കേണ്ടി വരുന്നതാണ് ഈ കടുത്ത ദൗർലഭ്യത്തിന് കാരണം.ഓരോ പട്രിയോട്ട് മിസൈലിനും ഏതാണ്ട് 40 ലക്ഷം ഡോളറോളമാണ് ചിലവ് വരുന്നത്.

ഇതിനുപുറമേ, ടൊമാഹോക്ക് ക്രൂസ് മിസൈലുകൾ, യു.എസ് ആർമിയുടെ തന്ത്രപ്രധാന മിസൈലുകളായ എ.ടി.എ.സി.എം.എസ്, പി.ആർ.എസ്.എം എന്നിവയുടെ ആഗോള ശേഖരത്തിലും വലിയ കുറവുണ്ടായിട്ടുണ്ട്. യുദ്ധത്തിന്റെ ആദ്യ നാല് ആഴ്ചകളിൽ മാത്രം 850ലധികം ടൊമാഹോക്ക് മിസൈലുകളും 1,000ലധികം പട്രിയോട്ട്, താഡ് മിസൈലുകളും യു.എസ് ഉപയോഗിച്ചിരുന്നു. ഹ്രസ്വദൂര ബാലിസ്റ്റിക് മിസൈലുകളെ തകർക്കാൻ ശേഷിയുള്ള ‘താഡ്’ ശേഖരത്തിൽ 38 ശതമാനത്തിന്റെ കുറവുണ്ടായിട്ടുണ്ട്.

യൂറോപ്പിലെ പട്രിയോട്ട് പ്രതിരോധ മിസൈലുകളുടെ ദൗർലഭ്യം അങ്ങേയറ്റം ഗുരുതരമാണെന്ന് നാറ്റോ-യു.എസ് ഉദ്യോഗസ്ഥർ സമ്മതിക്കുന്നു. റഷ്യയിൽ നിന്നുള്ള വ്യോമാക്രമണങ്ങൾ പ്രതിരോധിക്കാൻ യൂറോപ്പിന് കഴിയില്ലെന്ന ആശങ്ക ശക്തമാണ്. റഷ്യയുമായി അഞ്ച് വർഷമായി യുദ്ധം തുടരുന്ന യുക്രെയ്നിലെ പട്രിയോട്ട് പ്രതിരോധ മിസൈൽ ശേഖരം പൂർണമായും തീർന്നതോടെ കീവ് അടക്കമുള്ള പ്രധാന നഗരങ്ങൾ റഷ്യൻ മിസൈലാക്രമണ ഭീഷണിയിലാണ്

.ഏഷ്യൻ സഖ്യകക്ഷികളും ചൈനീസ് അധിനിവേശ ഭീഷണിയും ഏഷ്യൻ മേഖലയിൽ യു.എസിന്റെ സഖ്യകക്ഷികളായ തായ്‌വാൻ, ജപ്പാൻ, ദക്ഷിണ കൊറിയ എന്നിവരും കടുത്ത ആശങ്കയിലാണ്.

അമേരിക്കയെ ആശ്രയിക്കുന്ന ഈ രാജ്യങ്ങളിലേക്കുള്ള ആയുധ കൈമാറ്റത്തിൽ വലിയ കാലതാമസമാണ് നേരിടുന്നത്. തായ്‌വാന് അനുവദിച്ച 3000 കോടി ഡോളറിന്റെ ആയുധങ്ങളിൽ പട്രിയോട്ട് മിസൈലുകൾ ഉൾപ്പെടെയുള്ളവ ഇനിയും കൈമാറിയിട്ടില്ല. ജപ്പാന് നൽകേണ്ട 400 ടൊമാഹോക്ക് ക്രൂയിസ് മിസൈലുകളുടെ വിതരണം രണ്ട് വർഷം വരെ വൈകിയേക്കാം. ദക്ഷിണ കൊറിയയിൽ വിന്യസിച്ചിരുന്ന റഡാറുകളും താഡ് സംവിധാനങ്ങളും പശ്ചിമേഷ്യയിലേക്ക് മാറ്റിയത് ദക്ഷിണ കൊറിയയെ ഉത്തരകൊറിയൻ ഭീഷണിയിലാഴ്ത്തുന്നു

Tags:    
News Summary - US Missiles Running Out In Iran War

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.