ഡോണാൾഡ് ട്രംപ്

‘അവരുടെ കണക്കുകൂട്ടലുകൾ തെറ്റി’; ഇറാനിയൻ ചരക്കുകപ്പൽ പിടിച്ചെടുത്തതായി ട്രംപ്, കനത്ത തിരിച്ചടി നൽകുമെന്ന് ഇറാന്റെ താക്കീത്

വാഷിങ്ടൺ: പശ്ചിമേഷ്യയിൽ വീണ്ടും യുദ്ധഭീതി പടർത്തിക്കൊണ്ട് ഹുർമുസ് കടലിടുക്കിന് സമീപം ഇറാനിയൻ ചരക്കുകപ്പൽ അമേരിക്കൻ നാവികസേന പിടിച്ചെടുത്തു. യു.എസ് ഏർപ്പെടുത്തിയ നാവിക ഉപരോധം ലംഘിക്കാൻ ശ്രമിച്ച 'തൂസ്ക' (TOUSKA) എന്ന കപ്പലാണ് നാവികസേന തടഞ്ഞത്. കപ്പൽ നിർത്താൻ തയാറാകാത്തതിനെ തുടർന്ന് വെടിവെച്ചതായും കപ്പൽ ഇപ്പോൾ യു.എസ് മറൈൻ സേനയുടെ കസ്റ്റഡിയിലാണെന്നും പ്രസിഡന്റ് ഡോണാൾഡ് ട്രംപ് അറിയിച്ചു.

ഒമാൻ ഉൾക്കടലിൽ വെച്ചാണ് സംഭവം നടന്നത്. യു.എസ് നാവികസേനയുടെ ഗൈഡഡ് മിസൈൽ ഡിസ്ട്രോയർ കപ്പലിന് മുന്നറിയിപ്പ് നൽകിയെങ്കിലും നിർത്താൻ തയാറായില്ല. ‘അവരുടെ കണക്കുകൂട്ടലുകൾ തെറ്റി. എൻജിൻ റൂമിലേക്ക് വെടിയുതിർത്ത് കപ്പൽ ഞങ്ങൾ അവിടെത്തന്നെ തടഞ്ഞു’ -ട്രംപ് സോഷ്യൽ മീഡിയയിൽ കുറിച്ചു. നേരത്തേ നിയമവിരുദ്ധ പ്രവർത്തനങ്ങളിൽ ഏർപ്പെടുന്നുവെന്ന് ആരോപിച്ച് തൂസ്കയെ യു.എസ് ട്രഷറി വകുപ്പിന്റെ ഉപരോധ പട്ടികയിൽ ചേർത്തിരുന്നു.

യു.എസ് പ്രതിരോധ വകുപ്പ് പുറത്തുവിട്ട വിഡിയോയിൽ, യു.എസ്.എസ് സ്പ്രൂവൻസ് (USS Spruance) എന്ന കപ്പൽ ചരക്കുകപ്പലിന് നേരെ ആക്രമണം നടത്തുന്നത് വ്യക്തമാണ്. ‘എൻജിൻ റൂമിൽ നിന്ന് ഉദ്യോഗസ്ഥർ ഒഴിയുക, ഞങ്ങൾ ആക്രമിക്കാൻ തയാറെടുക്കുകയാണ്’ എന്ന് യു.എസ് നാവികർ മുന്നറിയിപ്പ് നൽകുന്നതും വിഡിയോയിൽ കേൾക്കാം.

അമേരിക്കയുടേത് വെറും കടൽക്കൊള്ള ആണെന്ന് ഇറാൻ ആരോപിച്ചു. ഏപ്രിൽ 8ന് നിലവിൽ വന്ന വെടിനിർത്തൽ കരാർ അമേരിക്ക ലംഘിച്ചതായി ഇറാന്റെ ഹസ്രത്ത് ഖാതം അൽ-അൻബിയ സൈനിക ആസ്ഥാനം പ്രസ്താവനയിറക്കി. ഇതിന് വൈകാതെ തന്നെ ശക്തമായ തിരിച്ചടി നൽകുമെന്ന് ഇറാൻ മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. അമേരിക്കൻ സൈന്യത്തെ ഭീകരവാദികൾ എന്നാണ് ഇറാൻ വിശേഷിപ്പിച്ചത്.

900 അടിയിലധികം നീളമുള്ള ഈ കപ്പൽ മലേഷ്യയിലെ പോർട്ട് ക്ലാങ്ങിൽ നിന്നാണ് പുറപ്പെട്ടത്. പാകിസ്താൻ അതിർത്തിയോട് ചേർന്ന കടൽ മേഖലയിൽ വെച്ചാണ് കപ്പൽ തടയപ്പെട്ടത്. ഇസ്രായേൽ - ഇറാൻ സംഘർഷം നിലനിൽക്കുന്ന സാഹചര്യത്തിൽ പാകിസ്താനിൽ വെച്ച് നടക്കാനിരുന്ന നിർണായകമായ സമാധാന ചർച്ചകളെ ഈ സംഭവം ബാധിക്കുമെന്ന് ഉറപ്പായി. മേഖലയിൽ യു.എസ്.എസ് ജെറാൾഡ് ആർ ഫോർഡ് ഉൾപ്പെടെ മൂന്ന് യു.എസ് വിമാനവാഹിനിക്കപ്പലുകൾ നിലയുറപ്പിച്ചിട്ടുള്ളത് സ്ഥിതിഗതികൾ അതീവ ഗുരുതരമാണെന്ന് സൂചിപ്പിക്കുന്നു.

Tags:    
News Summary - Us military seized container ship says trump

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.