ട്രംപിന് തിരിച്ചടി; 75 രാജ്യങ്ങളിലെ കുടിയേറ്റക്കാർക്കുള്ള വിസ നിയന്ത്രണം യു.എസ്. കോടതി റദ്ദാക്കി

വാഷിങ്ടൺ: 75 രാജ്യങ്ങളിലെ കുടിയേറ്റക്കാർക്ക് വിസ നിയന്ത്രണം ഏർപ്പെടുത്തിയ ട്രംപ് ഭരണകൂടത്തിന്റെ ഉത്തരവ് റദ്ദാക്കിയു.എസ് കോടതി. ജനുവരിയിൽ സ്റ്റേറ്റ് ഡിപ്പാർട്ട്മെന്റ് ഇറക്കിയ ഉത്തരവ് "വ്യക്തമായും നിയമവിരുദ്ധമാണെന്ന്" മാൻഹാട്ടനിലെ യു.എസ്. ജില്ലാ ജഡ്ജി ജാനറ്റ് വർഗാസ് പറഞ്ഞു. സ്റ്റേറ്റ് സെക്രട്ടറി മാർക്കോ റൂബിയോയുടെ അധികാരപരിധി ലംഘിക്കുന്നതാണ് ഈ നയമെന്ന് വെള്ളിയാഴ്ച പുറത്തിറക്കിയ ഉത്തരവിൽ കോടതി വ്യക്തമാക്കി.

ദേശീയതയുടെ അടിസ്ഥാനത്തിൽ കുടിയേറ്റ വിസകളുടെ വിതരണം പൂർണ്ണമായി നിരോധിക്കുന്നത് നിയമവ്യവസ്ഥകളുടെ നേരിട്ടുള്ള ലംഘനമാണെന്ന് ജഡ്ജി ചൂണ്ടിക്കാണിച്ചു.

ബ്രസീൽ, കൊളംബിയ, ഉറുഗ്വേ, ബോസ്നിയ, അൽബേനിയ, പാകിസ്ഥാൻ, ബംഗ്ലാദേശ്, ആഫ്രിക്ക, മിഡിൽ ഈസ്റ്റ്, കരീബിയൻ തുടങ്ങിയ രാജ്യങ്ങളിൽ നിന്നുള്ള അപേക്ഷകരെയാണ് സ്റ്റേറ്റ് ഡിപ്പാർട്ട്മെന്റിന്റെ ഉത്തരവ് ബാധിച്ചിരുന്നത്.

കത്തോലിക് ലീഗൽ ഇമിഗ്രേഷൻ നെറ്റ്‌വർക്ക്, ആഫ്രിക്കൻ കമ്മ്യൂണിറ്റീസ് ടുഗെദർ എന്നീ കുടിയേറ്റ അവകാശ സംഘടനകളും വിസ അപേക്ഷകരും അമേരിക്കയിൽ കുടുംബാംഗങ്ങളെ സ്പോൺസർ ചെയ്യുന്ന യു.എസ്. പൗരന്മാരും ചേർന്ന് നൽകിയ കേസിലാണ് ഈ വിധി പ്രസ്താവിച്ചത്.

ആഭ്യന്തര സുരക്ഷ മെച്ചപ്പെടുത്തുന്നതിന്റെ ഭാഗമെന്ന് അവകാശപ്പെട്ടാണ് കർശനമായ കുടിയേറ്റ നിയന്ത്രണങ്ങൾ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് നടപ്പാക്കിവരുന്നത്. എന്നാൽ ഈ നിയന്ത്രണങ്ങൾ ആവിഷ്‌കാര സ്വാതന്ത്ര്യത്തിന്റെയും നിയമപരമായ നടപടിക്രമങ്ങളുടെയും ലംഘനമാണെന്നും, പ്രത്യേകിച്ച് വംശീയ ന്യൂനപക്ഷങ്ങൾക്ക് സുരക്ഷിതമല്ലാത്ത അന്തരീക്ഷം സൃഷ്ടിക്കുന്നുവെന്നും മനുഷ്യാവകാശ സംഘടനകൾ പറയുന്നു.


Tags:    
News Summary - US Judge Strikes Policy Suspending Immigrant Visa For 75 Nations

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.