പോപ്പിനെതിരെ ട്രംപ്; ‘എന്നെ വിമർശിക്കാൻ നിൽക്കേണ്ട, ഞാൻ വൈറ്റ് ഹൗസിൽ ഇല്ലെങ്കിൽ ലിയോ വത്തിക്കാനിൽ ഉണ്ടാകുമായിരുന്നില്ല’

വാഷിങ്ടൺ: ഇറാനെതിരെ നടത്തുന്ന യുദ്ധത്തെ എതിർത്തതിന് മാർപ്പാപ്പക്കെതിരെ രൂക്ഷവിമർശനങ്ങളുമായി അമേരിക്കൻ പ്രസിഡന്റ് ഡോണാൾഡ് ട്രംപ്. താൻ വൈറ്റ് ഹൗസിൽ ഇല്ലായിരുന്നുവെങ്കിൽ ലിയോ വത്തിക്കാനിൽ ഉണ്ടാകുമായിരുന്നില്ലെന്നും നന്ദിവേണമെന്നും ട്രംപ് പറഞ്ഞു.

‘പോപ്പാകാനുള്ള ഒരു പട്ടികയിലും അദ്ദേഹം ഉണ്ടായിരുന്നില്ല, ഒരു അമേരിക്കക്കാരനായതിനാൽ മാത്രമാണ് സഭ അദ്ദേഹത്തെ അതിൽ ഉൾപ്പെടുത്തിയത്. പ്രസിഡന്റ് ഡൊണാൾഡ് ജെ. ട്രംപുമായി ഇടപെടാനു​ള്ള ഏറ്റവും നല്ല മാർഗമെന്ന നിലയിലായിരുന്നു സഭയുടെ ആ തെരഞ്ഞെടുപ്പ്. പോപ്പിന്റെ തെരഞ്ഞെടുപ്പ് ഞെട്ടിപ്പിക്കുന്ന അത്ഭുതം ആയിരുന്നു. അതിനുള്ള നന്ദി കാണിക്കണം’ -ട്രംപ് പറഞ്ഞു.

യുഎസ് വംശജനായ പോപ്പിന്റെ നിലപാടുകൾക്കെതിരെ തന്റെ സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമായ 'ട്രൂത്ത് സോഷ്യലിലൂടെ' ആണ് ട്രംപ് രംഗത്തെത്തിയത്. അമേരിക്കൻ പ്രസിഡന്റിനെ വിമർശിക്കുന്ന നടപടി ഒരു പോപ്പിൽ നിന്ന് താൻ ആഗ്രഹിക്കുന്നില്ലെന്നും ട്രംപ് വ്യക്തമാക്കി.

‘പോപ്പ് ലിയോ കുറ്റകൃത്യങ്ങളുടെയും ആണവായുധങ്ങളുടെയും കാര്യത്തിൽ ദുർബലനാണ്. മുൻ പ്രസിഡന്റ് ബറാക് ഒബാമയുടെ രാഷ്ട്രീയ സഹായിയും ഇടതുപക്ഷക്കാരനുമായ ഡേവിഡ് ആക്സൽറോഡുമായി അദ്ദേഹം കൂടിക്കാഴ്ച നടത്തുന്നത് എനിക്ക് ഇഷ്ടമല്ല. പള്ളിയിൽ പോകുന്നവരെയും പുരോഹിതന്മാരെയും അറസ്റ്റ് ചെയ്യണമെന്ന് ആഗ്രഹിച്ചവരിൽ ഒരാളാണ് അദ്ദേഹം’ -ട്രംപ് ആരോപിച്ചു.

ഇറാനിലെ നാഗരികത മുഴുവൻ ഒറ്റദിനം കൊണ്ട് നശിപ്പിക്കുമെന്ന ട്രംപിന്റെ ഭീഷണിക്കെതിരെ പോപ്പ് ലിയോ രംഗത്തുവന്നിരുന്നു. പണത്തോടുള്ള ആരാധനയും ബലപ്രയോഗവും യുദ്ധവും മതിയാക്കണമെന്ന് അദ്ദേഹം ആഹ്വാനം ചെയ്തു. സംഭാഷണത്തിലൂടെയുള്ള സമാധാനമാണ് വേണ്ടതെന്ന് തന്റെ ഈസ്റ്റർ സന്ദേശത്തിലും അദ്ദേഹം ഊന്നിപ്പറഞ്ഞു. ആയുധങ്ങൾ താഴെ വെക്കാനും സമാധാനത്തിന്റെ വഴി തിരഞ്ഞെടുക്കാനും അധികാരികളോട് അദ്ദേഹം അഭ്യർത്ഥിച്ചു.

യുഎസിലെ കുടിയേറ്റ നയങ്ങളെച്ചൊല്ലിയും വത്തിക്കാനും വൈറ്റ് ഹൗസും തമ്മിൽ ഭിന്നത നിലനിൽക്കുന്നുണ്ട്. കുടിയേറ്റക്കാർക്കിടയിൽ ഭയവും ഉത്കണ്ഠയും സൃഷ്ടിക്കുന്ന ട്രംപ് ഭരണകൂടത്തിന്റെ നടപടികളെ പോപ്പും അമേരിക്കൻ ബിഷപ്പുമാരും നേരത്തെ വിമർശിച്ചിരുന്നു. മനുഷ്യന്റെ അന്തസ്സും ദേശീയ സുരക്ഷയും ഒരുപോലെ സംരക്ഷിച്ചുകൊണ്ടുള്ള കുടിയേറ്റ നിയമ പരിഷ്കരണത്തിനായി അമേരിക്കൻ ബിഷപ്പുമാർ ഉയർത്തിയ ആവശ്യങ്ങളെ പോപ്പ് പിന്തുണയ്ക്കുകയും ചെയ്തിരുന്നു.

Tags:    
News Summary - us iran war: Trump blasts Pope Leo for criticism of U.S. foreign policy

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.