യു.എസ്-ഇറാൻ സമാധാന ചർച്ചക്ക് വീണ്ടും വഴിതുറക്കുന്നു; ഇസ്‍ലാമാബാദ് തന്നെ വേദിയാകും

തെഹ്റാൻ/ബെയ്ജിങ്: യു.എസ് പ്രസിഡന്‍റ് ഡോണൾഡ് ട്രംപിന്റെ ഹൂർമൂസ് ഉപരോധത്തിനിടയിലും, കഴിഞ്ഞയാഴ്ച വെടിനിർത്തൽ ഉടമ്പടികളിൽ ധാരണയാകാതെ അലസിപ്പിരിഞ്ഞ യു.എസ്-ഇറാൻ സമാധാന ചർച്ച പുനരാരംഭിക്കാനുള്ള വഴിതെളിയുന്നതായി റിപ്പോർട്ട്. നേരത്തെ, ചർച്ചക്ക് മധ്യസ്ഥത വഹിച്ച പാകിസ്താനും കൂടെനിന്ന തുർക്കിയ, ഈജിപ്ത്, സൗദി അറേബ്യ എന്നീ രാജ്യങ്ങളും കഴിഞ്ഞദിവസങ്ങളിൽ നടത്തിയ നീക്കങ്ങൾക്കൊടുവിലാണ് ഇരു കക്ഷികളെയും ഒരിക്കൽകുടി നേരിട്ടുള്ള ചർച്ചയിലേക്ക് കൊണ്ടുവരാനുള്ള ശ്രമം വിജയത്തിലേക്കടുത്തത്.

അടുത്തയാഴ്ച പാക് തലസ്ഥനമായ ഇസ്‍ലാമാബാദിൽ നേരത്തെ തയാറാക്കിയ ഉപാധികളുടെ പുറത്ത് വീണ്ടും ചർച്ച നടക്കുമെന്ന് പാക് നയതന്ത്ര ഉദ്യോഗസ്ഥരെ ഉദ്ധരിച്ച് അസോസിയേറ്റ് പ്രസ് റിപ്പോർട്ട് ചെയ്തു. തങ്ങളെ എതിർ കക്ഷി ചർച്ചക്ക് ക്ഷണിച്ചുവെന്നും അവർ പരിഹാരം തേടുന്നുവെന്നുമായിരുന്നു ചർച്ച സംബന്ധിച്ച പുതിയ വാർത്തകളോടുള്ള ട്രംപിന്റെ പ്രതികരണം. ഇസ്‍ലാമാബാദ് ചർച്ചയിൽ യു.എസ് സംഘത്തെ നയിച്ച വൈസ് പ്രസിഡന്റ് ജെ.ഡി വാൻസനും അടുത്തയാഴ്ച ചർച്ച നടന്നേക്കുമെന്ന സൂചന നൽകി. അതേസമയം, വിഷയത്തിൽ ഇറാൻ ഇതുവരെ പ്രതികരിച്ചിട്ടില്ല.

ചർച്ച പുനരാരംഭിക്കുന്നതുമായി ബന്ധപ്പെട്ട് പാകിസ്താൻ പ്രധാനമന്ത്രി ശഹ്ബാസ് ശരീഫ് ഇരു രാജ്യങ്ങളുടെയും പ്രതിനിധികളുമായി സംഭാഷണം നടത്തിയതായി സൂചനയുണ്ട്. ഈജിപ്ത് വിദേശകാര്യ മന്ത്രി ബദർ അബ്ദുൽ ആതി കൂടുതൽ ചർച്ചകൾക്കായി ഇന്നലെ വാഷിങ്ടണിലേക്ക് തിരിച്ചു. ഇതിനിടയിൽ ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവൽ മാക്രോണും സമാധാന ചർച്ചക്കായി ശ്രമിക്കുന്നുണ്ട്. തിങ്കളാഴ്ച ഇറാൻ പ്രസിഡന്റ് മസ്ഊദ് പെസഷ്‍കിയാനുമായും ട്രംപുമായും അദ്ദേഹം ഫോണിൽ സംസാരിച്ചു. ഹൂർമൂസ് തുറക്കുന്നതിനായി ഫ്രാൻസും ബ്രിട്ടനും മറ്റൊരു നയതന്ത്രനീക്കം നടത്തുന്നുണ്ട്. ഇതിന്റെ ഭാഗമായി വെള്ളിയാഴ്ച പാരിസിൽ ഇരു രാജ്യങ്ങളുടെയും സംയുക്താഭിമുഖ്യത്തിൽ 40 രാജ്യങ്ങളുടെ പ്രത്യേക യോഗം ചേരുന്നുണ്ട്.

അതിനിടെ, ലബനാനും ഇസ്രായേലും തമ്മിലുള്ള വെടിനിർത്തൽ ചർച്ച ഇന്ന് വാഷിങ്ടണിൽ നടക്കും. 40 വർഷത്തിനുശേഷമാണ് ഇരു രാജ്യങ്ങളും നേരിട്ട് ചർച്ച നടക്കുന്നത്. ഇരു രാജ്യങ്ങളുടെയും യു.എസിലെ അംബാസഡർമാരാണ് ചർച്ചയിൽ പങ്കെടുക്കുന്നത്. യു.എസ് സ്റ്റേറ്റ് സെക്രട്ടറി മാർക് റൂബിയോ ആണ് ചർച്ചയിൽ മധ്യസ്ഥ സ്ഥാനത്തുണ്ടാവുക. അതേസമയം, ചർച്ച പ്രഹസനമാണെന്നും ലബനാൻ ഭരണകൂടം അത് തള്ളിക്കളയണമെന്നും ഹിസ്ബുല്ല പ്രസ്താവിച്ചു. അതേസമയം, ഹൂർമൂസിൽ ഏർപ്പെടുത്തിയ നാവിക ഉപരോധത്തെ ഭേദിച്ച ചൈന യു.എസിനും ഇസ്രായേലിനും കനത്ത മുന്നറിയിപ്പ് നൽകി.

ഇറാനിയൻ തുറമുഖങ്ങളിലേക്കും തിരിച്ചുമുള്ള എല്ലാ കപ്പലുകളും തടയുമെന്ന ട്രംപിന്റെ ഭീഷണി അവഗണിച്ച ചൈന ‘റിച്ച് സ്റ്റാറി’ എന്ന എണ്ണ കപ്പലാണ് ഹൂർമൂസ് കടത്തിയത്. ഉപരോധം നിലവിൽ വന്നശേഷം മേഖലയിൽനിന്ന് പുറത്തുകടക്കുന്ന ആദ്യ എണ്ണ ടാങ്കറും ഇതാണ്. ഇതിനുപുറമെ, ഇറാന്റെ മൂന്ന് കപ്പലുകളും ഉപരോധം ഭേദിച്ചതായി റിപ്പോർട്ടുണ്ട്. ഹൂർമൂസ് ഉപരോധത്തെ ശക്തമായ ഭാഷയിൽ ചൈനീസ് ഭരണകൂടം വിമർശിക്കുകയും ചെയ്തു. യു.എസ് നടപടി മേഖലയെ കുടുതൽ അസ്ഥിരപ്പെടുത്താനേ സഹായിക്കൂവെന്ന് വിദേശകാര്യ മന്ത്രാലയം വക്താവ് ഗ്വോ ജിയകുൻ പറഞ്ഞു. പശ്ചിമേഷ്യയിലെ യു.എസിന്റെ സൈനിക വിന്യാസത്തെയും ചൈന നിശിത ഭാഷയിൽ വിമർശിച്ചു.

Tags:    
News Summary - US, Iran may resume talks this week

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.