നി​ത്യ രാ​മ​ൻ, ര​ൻ​ജീ​വ് പു​രി, സെ​ബ ഹൈ​ദ​ർ

ലോസ് ആഞ്ജലസിന് മലയാളി മേയർ; മിഷിഗണിൽ ഇന്ത്യൻ സ്പീക്കർ

ന്യൂയോർക്: അമേരിക്കയിലെ ഇടക്കാല തെരഞ്ഞെടുപ്പ് ഫലം പുറത്തുവരുമ്പോൾ ഇന്ത്യക്കും കേരളത്തിനുമെല്ലാം അഭിമാനിക്കാൻ വകയേറെ. ലോസ് ആഞ്ജലസിൽ മലയാളി വനിത നിത്യ രാമൻ മേയറായി തെരഞ്ഞെടുക്കപ്പെട്ടപ്പോൾ മിഷിഗണിൽ സ്പീക്കർ സ്ഥാനത്തേക്ക് വിജയിച്ചത് സിഖ് വംശജനായ രൻജീവ് പുരി. ഇലനോയിസിൽ പ്രതിനിധി സഭയിലേക്ക് ഇന്ത്യൻ വംശജയായ സെബ ഹൈദറും വിജയിച്ച് പുതിയ ചരിത്രം കുറിച്ചു.

അമേരിക്കയിലെ രണ്ടാമത്തെ വലിയ നഗരമായ ലോസ് ആഞ്ജലസിന്റെ മേയർ പദവിയാണ് 45കാരിയായ നിത്യ രാമനെ കാത്തിരിക്കുന്നത്. നഗരത്തിന്റെ ചരിത്രത്തിൽ ആദ്യമായി മേയർ പദവിയിലെത്തുന്ന ദക്ഷിണേഷ്യൻ വംശജയെന്ന നേട്ടവും നിത്യ സ്വന്തമാക്കി.

നിലവിലെ മേയറും 73കാരിയുമായ കാരെൻ ബാസിനെ പരാജയപ്പെടുത്തിയാണ് ഡെമോക്രാറ്റിക് സോഷ്യലിസ്റ്റായ നിത്യയുടെ ചരിത്രവിജയം. ഇതോടെ, അമേരിക്കയിലെ ഏറ്റവും വലിയ രണ്ട് നഗരങ്ങളായ ന്യൂയോർക്കിന്റെയും ലോസ് ആഞ്ജലസിന്റെയും ഭരണനേതൃത്വം ഇന്ത്യൻ വംശജരായ ഡെമോക്രാറ്റിക് സോഷ്യലിസ്റ്റുകളുടെ കൈകളിലായി. ന്യൂയോർക്കിൽ സൊഹ്റാൻ മംദാനിയാണ് മേയർ.

1981ൽ, കേരളത്തിൽ ജനിച്ച നിത്യ, തിരുവനന്തപുരത്താണ് അഞ്ച് വയസ്സുവരെ ജീവിച്ചത്. കെൽട്രോണിൽ ഉദ്യോഗസ്ഥനായിരുന്നു പിതാവ്. 1982ൽ, അദ്ദേഹം ഉന്നത വിദ്യാഭ്യാസത്തിനായി യു.എസിലേക്ക് പോയി. നാല് വർഷത്തിനുശേഷം കുടുംബവും ലോസ് ആഞ്ജലസിലെത്തി. നിത്യ രാമൻ നഗരാസൂത്രണ രംഗത്തെ വിദഗ്ധയാണ്. ഹാർവഡ് സർവകലാശാലയിൽനിന്ന് ബിരുദവും മസാചുസെറ്റ്സ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജിയിൽനിന്ന് (എം.ഐ.ടി) ബിരുദാനന്തര ബിരുദവും നേടിയിട്ടുണ്ട്. ലോസ് ആഞ്ജലസ് സിറ്റി കൗൺസിലിലെ നാലാം ഡിസ്ട്രിക്ടിന്റെ പ്രതിനിധിയായിരുന്ന നിത്യ, നഗരത്തിലെ ഭവനപ്രതിസന്ധി പരിഹരിക്കുന്നതിനും പൊതുസേവനങ്ങൾ മെച്ചപ്പെടുത്തുന്നതിനും മുൻഗണന നൽകുമെന്ന വാഗ്ദാനവുമായാണ് തെരഞ്ഞെടുപ്പിനെ നേരിട്ടത്.

2008ലും 2012ലും ഒബാമക്കുവേണ്ടി പ്രചരണത്തിനിറങ്ങിയാണ് 42കാരനായ രൻജീവ് പുരി ഡെമോക്രാറ്റിക് പാർട്ടിയിൽ സജീവമായത്. 2020ൽ, മിഷിഗൻ അസംബ്ലിയിലെത്തിയ അദ്ദേഹം സ്പീക്കർ പദവി വഹിക്കുന്ന ആദ്യ ഏഷ്യൻ വംശജനായി. ഇലനോയ് സംസ്ഥാന നിയമസഭയിലേക്ക് തെരഞ്ഞെടുക്കപ്പെടുന്ന ആദ്യ ദക്ഷിണേഷ്യൻ വനിതയെന്ന നേട്ടമാണ് സെബ സ്വന്തമാക്കിയത്. ഇലനോയ് ഹൗസ് ഓഫ് റപ്രസന്റേറ്റിവ്സിലെ 84ാം ഡിസ്ട്രിക്ടിൽനിന്നാണ് അവർ വിജയിച്ചത്. ഇലനോയ് നിയമസഭയിലേക്ക് തെരഞ്ഞെടുക്കപ്പെടുന്നതിനുമുമ്പ് ഡ്യൂപേജ് കൗണ്ടി ബോർഡ് അംഗമായും സാമൂഹിക പ്രവർത്തകയായും സെബ പ്രവർത്തിച്ചിട്ടുണ്ട്.

ഉത്തർപ്രദേശിലെ ബുലന്ദ്ഷഹർ ജില്ലയിലാണ് സെബയുടെ കുടുംബവേരുകൾ. ഇന്ത്യയിൽ ജനിച്ച അവർ ഏകദേശം 20 വർഷം മുമ്പാണ് അമേരിക്കയിലേക്ക് കുടിയേറിയത്. അലീഗഢ് മുസ്‍ലിം സർവകലാശാലയിലെ പൂർവവിദ്യാർഥിനിയാണ് സബ ഹൈദർ. ഇവിടെനിന്ന് വൈൽഡ് ലൈഫ് സയൻസിൽ എം.എസ് സി ബിരുദം നേടിയിട്ടുണ്ട്.

Tags:    
News Summary - US Elections Indian Leaders

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.