‘യുദ്ധം നിർത്താൻ 4.5 ലക്ഷം കോടി’; സൗദിയോട് ഹൂതികൾ ആവശ്യമുന്നയിച്ചതായി റിപ്പോർട്ട്

വാഷിങ്ടൺ: യുദ്ധം അവസാനിപ്പിക്കാൻ ഹൂതികൾ സൗദി അറേബ്യക്ക് മുന്നിൽ വൻ സാമ്പത്തിക, രാഷ്ട്രീയ ആവശ്യങ്ങൾ ഉന്നയിച്ചതായി പടിഞ്ഞാറൻ മാധ്യമങ്ങൾ. 51 ബില്യൺ ഡോളർ (ഏകദേശം 4.5 ലക്ഷം കോടി രൂപ) നഷ്ടപരിഹാരവും യമന്റെ ഔദ്യോഗിക ഭരണാധികാരികളായി അംഗീകരിക്കണമെന്നതുമാണ് ഹൂതികളുടെ ആവശ്യമെന്ന് വാൾസ്ട്രീറ്റ് ജേണൽ റിപ്പോർട്ട് ചെയ്തു. സൗദി അറേബ്യയുമായുള്ള ചർച്ചകളിലാണ് ഹൂതികൾ ഈ ആവശ്യങ്ങൾ മുന്നോട്ടുവെച്ചതെന്നാണ് റിപ്പോർട്ടിൽ പറയുന്നത്. എന്നാൽ ഇക്കാര്യത്തിൽ സ്ഥിരീകരണമൊന്നും വന്നിട്ടില്ല.

2015 മുതൽ സഖ്യസേന നടത്തിയ വ്യോമാക്രമണങ്ങളും യമനിൽ ഏർപ്പെടുത്തിയ ഉപരോധവും മൂലമുണ്ടായ നാശനഷ്ടങ്ങൾക്ക് നഷ്ടപരിഹാരമായാണ് 51 ബില്യൺ ഡോളർ ഹൂതികൾ ആവശ്യപ്പെടുന്നത്. വർഷങ്ങളായി തുടരുന്ന യുദ്ധത്തിൽ രാജ്യത്തിന്റെ അടിസ്ഥാനസൗകര്യങ്ങൾക്കും സമ്പദ്‌വ്യവസ്ഥക്കും വലിയ തിരിച്ചടിയുണ്ടായെന്നാണ് ഹൂതികളുടെ വാദം. എന്നാൽ നഷ്ടപരിഹാരത്തുകയിൽ വ്യത്യസ്ത കണക്കുകൾ ചർച്ചകളിൽ ഉയർന്നിട്ടുണ്ടെന്നും അന്തിമ ധാരണയിലെത്തിയിട്ടില്ലെന്നും റിപ്പോർട്ടിൽ പറയുന്നു.

സാമ്പത്തിക ആവശ്യത്തിന് പുറമെ യമന്റെ നിയമാനുസൃത ഭരണാധികാരികളായി ഹൂതികളെ സൗദി അംഗീകരിക്കണമെന്നതാണ് മറ്റൊരു പ്രധാന ആവശ്യം. അന്താരാഷ്ട്ര അംഗീകാരമുള്ള യമൻ സർക്കാരിനെയാണ് സൗദി അറേബ്യ ഇപ്പോൾ പിന്തുണക്കുന്നത്. നിലവിൽ ഹൂതികളുടെ ആവശ്യം അംഗീകരിച്ചാൽ യമന്റെ രാഷ്ട്രീയ ഭാവി തന്നെ മാറിയേക്കാം. ഇറാനുമായി അടുത്ത ബന്ധമുള്ള ഹൂതികൾക്ക് ഔദ്യോഗിക അംഗീകാരം ലഭിക്കുന്നത് സൗദിയുടെ അതിർത്തി സുരക്ഷക്കും മേഖലയിലെ അധികാര സന്തുലിതാവസ്ഥക്കും വെല്ലുവിളിയാകുമെന്നും വിലയിരുത്തപ്പെടുന്നുണ്ട്.

സൗദിക്ക് നേരെ ഹൂതികളുടെ ആക്രമണങ്ങൾ ശക്തമാകുന്നുണ്ടെങ്കിലും സൈന്യം വളരെ മികച്ച രീതിയിൽ പ്രതിരോധ സംവിധാനങ്ങൾ ഒരുക്കിയതിനാൽ വലിയ നാശനഷ്ടങ്ങളില്ല. കഴിഞ്ഞദിവസം മദീന മേഖലയിലേക്ക് വിക്ഷേപിച്ച മിസൈൽ സൗദി സഖ്യസേന തകർത്തതായി റിപ്പോർട്ടുണ്ട്. ചെങ്കടലിലെ പ്രധാന എണ്ണ കയറ്റുമതി കേന്ദ്രമായ യാൻബുവിനും ഭീഷണി മുന്നറിയിപ്പുകൾ ലഭിച്ചിരുന്നു. യമൻ അതിർത്തിക്ക് സമീപമുള്ള ശറൂറയിലെ ജനങ്ങൾക്കും സിവിൽ ഡിഫൻസ് അധികൃതർ അടിയന്തര മുന്നറിയിപ്പുകൾ നൽകിയിട്ടുണ്ടായിരുന്നു. അതേസമയം റിയാദ് അന്താരാഷ്ട്ര വിമാനത്താവളത്തിന് നേരെ ആക്രമണം നടത്തിയതായി ഹൂതികൾ അവകാശപ്പെട്ടെങ്കിലും സൗദി അധികൃതർ ഇക്കാര്യം സ്ഥിരീകരിച്ചിട്ടില്ല.

ചെങ്കടലിനെയും ഏദൻ ഉൾക്കടലിനെയും ബന്ധിപ്പിക്കുന്ന തന്ത്രപ്രധാനമായ ബാബ് അൽ മന്ദബ് കടലിടുക്കിന് സമീപമുള്ള പ്രദേശങ്ങളിൽ ഹൂതികളുടെ നിയന്ത്രണം വർധിച്ചത് ആഗോള തലത്തിൽ തന്നെ ആശങ്കക്കിടയാക്കുന്നതാണ്. ആഗോള വ്യാപാരത്തിനും എണ്ണനീക്കത്തിനും നിർണായകമായ സമുദ്രപാതയാണിത്. യമന്റെ തെക്കൻ തുറമുഖ നഗരമായ ഏദനിലേക്കും ഹൂതി സേന മുന്നേറുന്നതായാണ് റിപ്പോർട്ട്. അന്താരാഷ്ട്ര അംഗീകാരമുള്ള യമൻ സർക്കാരിന്റെ നിയന്ത്രണത്തിലുള്ള പ്രദേശങ്ങൾക്ക് ഇത് വലിയ ഭീഷണിയാണ്. ഹൂതികൾക്ക് ഇറാൻ നൽകുന്ന സൈനിക പിന്തുണയും വീണ്ടും ചർച്ചയാകുന്നുണ്ട്. യമനിലെ ഹൂതികൾക്ക് സൈനിക സഹായം നൽകുന്നത് അവസാനിപ്പിക്കണമെന്ന് യൂറോപ്യൻ യൂണിയൻ വിദേശനയ മേധാവി കാജ കലാസ് ആവശ്യപ്പെട്ടിരുന്നു. എന്നാൽ ഈ വിമർശനം ഇറാൻ വിദേശകാര്യ മന്ത്രാലയം തള്ളിയിട്ടുണ്ട്.

Tags:    
News Summary - Houthis Demand $51 Billion and Official Recognition from Saudi to End War: Reports

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.