'ഏതാനും മണിക്കൂറുകൾക്കകം ശുഭ വാർത്ത'; ഇറാൻ-യു.എസ് സമാധാന കരാർ ഉടൻ -മാർക്കോ റൂബിയോ

ന്യൂഡൽഹി: ഇറാൻ-യു.എസ് യുദ്ധം അവസാനിപ്പിക്കുന്ന സമാധാന കരാർ ഉടൻ ഉണ്ടാവുമെന്ന് യു.എസ് സ്റ്റേറ്റ് സെക്രട്ടറി മാർക്കോ റൂബിയോ. ഇന്ത്യ സന്ദർശനത്തിനിടെ ഡൽഹിയിൽ വിദേശകാര്യ മന്ത്രി എസ്. ജയശങ്കറുമായി നടത്തിയ സംയുക്ത വാർത്താ സമ്മേളനത്തിലാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്. ഇറാനെക്കുറിച്ചുള്ള കൂടുതൽ വാർത്തകൾ ഇന്ന് വൈകിട്ടോടെ ലഭിക്കുമെന്നും സംഘർഷബാധിതമായ ഹുർമുസ് കടലിടുക്കിനെക്കുറിച്ച് അടുത്ത ഏതാനും മണിക്കൂറുകൾക്കുള്ളിൽ 'ശുഭ വാർത്ത' ഉണ്ടാകാൻ സാധ്യതയുണ്ടെന്നും റൂബിയോ പറഞ്ഞു.

'അടുത്ത ഏതാനും മണിക്കൂറിനുള്ളിൽ ലോകത്തിന് ചില ശുഭ വാർത്തകൾ ലഭിക്കാൻ സാധ്യതയുണ്ടെന്ന് ഞാൻ കരുതുന്നു' റൂബിയോ വ്യക്തമാക്കി. 'ഹുർമുസ് കടലിടുക്ക് പ്രതിസന്ധി പരിഹരിക്കാൻ കഴിയുന്ന ഒരു രൂപരേഖയിൽ കഴിഞ്ഞ 48 മണിക്കൂറിനുള്ളിൽ ചില പുരോഗതി ഉണ്ടായിട്ടുണ്ട്," എന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ഇറാനിയൻ ആണവായുധങ്ങളെക്കുറിച്ചുള്ള ആശങ്കകൾ ഇല്ലാത്ത ഒരു ലോകമാണ് അമേരിക്ക ലക്ഷ്യം വെക്കുന്നതെന്ന് റൂബിയോ വ്യക്തമാക്കി.

അതേ സമയം 60 ദിവസത്തെ വെടിനിർത്തലിനും ഹുർമുസ് തുറക്കുന്നതിനും ഇറാൻ-യു.എസ് സമാധാന ചർച്ചയിൽ ധാരണയിലെത്തിയതായും റിപ്പോർട്ടുണ്ട്. ആക്സിയോസ് ആണ് ഇത് സംബന്ധിച്ച് റിപ്പോർട്ടുകൾ പുറത്തുവിട്ടത്. 60 ദിവസത്തെ വെടിനിർത്തൽ സമയത്ത്, നിർണായകമായ ഹുർമുസ് കടലിടുക്ക് ടോളുകളില്ലാതെ തുറക്കുമെന്നും കപ്പലുകളുടെ സ്വതന്ത്രവും സുരക്ഷിതവുമായ കടന്നുപോകൽ അനുവദിക്കുന്നതിനായി ഇറാൻ ജലപാതയിൽ വിന്യസിച്ചിരിക്കുന്ന ഖനികൾ നീക്കം ചെയ്യുമെന്നും ആക്സിയോസ് റിപ്പോർട്ട് ചെയ്തു.

ഇറാനിയൻ തുറമുഖങ്ങൾക്ക് മേലുള്ള ഉപരോധം യുഎസ് പിൻവലിക്കും. ഇറാനിയൻ എണ്ണ തടസ്സമില്ലാതെ വിൽപ്പന അനുവദിക്കുന്നതിന് ചില ഉപരോധങ്ങൾ ഒഴിവാക്കുകയും ചെയ്യും. ഈ കാലയളവിൽ ഇറാനിയൻ ഫണ്ടുകളുടെ മേലുള്ള ഉപരോധങ്ങൾ യുഎസ് നീക്കുകയും മരവിപ്പിക്കുകയും ചെയ്യുമെന്ന് പ്രതീക്ഷിക്കുന്നു ആക്സിയോസ് റിപ്പോർട്ട് ചെയ്തു.

ആണവ നിരായുധീകരണത്തിനും യുറേനിയം സമ്പുഷ്ടീകരണം താൽക്കാലികമായി നിർത്തിവെക്കാനും സമ്പുഷ്ട യുറേനിയം ശേഖരം നീക്കം ചെയ്യാനും ഇറാൻ പ്രതിബദ്ധത കാണിക്കണമെന്നും കരാറിൽ ആവശ്യപ്പെടുന്നുണ്ട്. എന്നാൽ ഈ നിബന്ധനകൾ ഇറാൻ അംഗീകരിച്ചിട്ടില്ലെന്നാണ് വിവരം. എന്നാൽ മറ്റ് കാര്യങ്ങളിൽ ഇരു വിഭാഗവും ഏകദേശ ധാരണയിൽ എത്തിയിട്ടുണ്ട്. ഇരു രാജ്യങ്ങൾക്കും ഇടയിൽ മധ്യസ്ഥ ചർച്ചയ്ക്ക് ചുക്കാൻ പിടിക്കുന്ന പാക് മാർഷൽ അസിം മുനീർ ഇറാനിലെത്തി നേതൃത്വവുമായി ചർച്ച നടത്തിയതിനു പിന്നാലെയാണ് ചർച്ചയിൽ പുരോഗതിയുണ്ടെന്ന് റിപ്പോർട്ട് പുറത്തുവരുന്നത്.

യുദ്ധം അവസാനിപ്പിക്കുന്നതിനുള്ള നിർദേശങ്ങൾ ഏറെ ചെയ്തുവെന്ന് യു.എസ് പ്രസിഡന്റ് ഡോണാൾഡ് ട്രംപ് പ്രഖ്യാപിച്ചിരുന്നു."കരാറിന്റെ അന്തിമ ധാരണകളും വിശദാംശങ്ങളും നിലവിൽ ചർച്ച ചെയ്യുന്നുണ്ട്. ഉടൻ പ്രഖ്യാപിക്കും," ട്രംപ് ട്രൂത്ത് സോഷ്യലിൽ എഴുതി.ഹുർമുസ് കടലിടുക്ക് വീണ്ടും തുറക്കുന്നത് കരാറിൽ ഉൾപ്പെടുമെന്നും ട്രംപ് പറഞ്ഞു. യു.എസിന്റെയും ഇറാന്റെയും മറ്റ് വിവിധ രാജ്യങ്ങളുടെയും അന്തിമ തീരുമാനത്തിന് വധേയമായിട്ടായിരിക്കും ഇത് തുറക്കുകയെന്നും അദ്ദേഹം വ്യക്തമാക്കി. ഖത്തർ, സൗദി അറേബ്യ, യു.എ.ഇ, പാകിസ്താൻ, ജോർദാൻ, ഈജിപ്ത്, തുർക്കി, ബഹ്‌റൈൻ എന്നിവിടങ്ങളിൽ നിന്നുള്ള നേതാക്കളുമായും ഉദ്യോഗസ്ഥരുമായും ടെലഫോണിൽ ചർച്ച നടത്തിയ ശേഷമായിരുന്നു ട്രംപിന്റെ പ്രഖ്യാപനം. ഇസ്രായേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹുവുമായും പ്രത്യേകം കൂടിക്കാഴ്ച നടത്തിയെന്നും ട്രംപ് പറഞ്ഞു.

ഇരുപക്ഷവും തമ്മിലുള്ള സംഭാഷണം സുഗമമാക്കുന്നതിനുള്ള ശ്രമങ്ങൾ തുടരുമെന്ന് പാക് പ്രധാനമന്ത്രി ഷെഹ്ബാസ് ഷെരീഫ് പറഞ്ഞു. യു.എസ്-ഇറാൻ ചർച്ചകൾക്ക് "വളരെ വേഗം" ആതിഥേയത്വം വഹിക്കാൻ ഇസ്ലാമാബാദിന് കഴിയുമെന്ന് പ്രത്യാശ പ്രകടിപ്പിച്ചു. ചർച്ചകളുടെ പുരോഗതിയിൽ തങ്ങൾ സന്തുഷ്ടരാണെന്നും, ഏത് കരാറും ഹുർമുസ് കടലിടുക്കിലൂടെ സ്വതന്ത്രമായി കടന്നുപോകാൻ സഹായിക്കുമെന്നും തുർക്കി പ്രസിഡന്റ് റജബ് തയ്യിബ് ഉർദുഗാൻ പറഞ്ഞു

Tags:    
News Summary - US and Iran Close to a Historic Deal? Marco Rubio Says ‘Good News’ May Come Soon

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.