ലണ്ടൻ: ഗസ്സയിലേക്ക് സമുദ്ര സഹായ ഇടനാഴി സ്ഥാപിക്കാൻ ബ്രിട്ടൻ. സൈനിക, സിവിലിയൻ പിന്തുണേയാടെ സഹായമെത്തിക്കാനാണ് ലക്ഷ്യമിടുന്നതെന്ന് പ്രധാനമന്ത്രി ഋഷി സുനക് പറഞ്ഞു.
ഇതിനായി കിഴക്കൻ മെഡിറ്ററേനിയനിലേക്ക് ബ്രിട്ടീഷ് നാവികസേനാകപ്പൽ വിന്യസിക്കുമെന്ന് ഫോറിൻ കോമൺവെൽത്ത് ആൻഡ് ഡെവലപ്മെന്റ് ഓഫിസ് (എഫ്.സി.ഡി.ഒ) അറിയിച്ചു. 9.7 മില്യൺ പൗണ്ടിന്റെ സഹായവസ്തുക്കൾ നൽകുമെന്നും പ്രഖ്യാപിച്ചു. ട്രക്കുകൾ, ശേഖരണ സംവിധാനങ്ങൾ എന്നിവയും ഒരുക്കും. ഇതുവഴി കൂടുതൽ ആളുകളിലേക്ക് സഹായം എത്തിക്കാനാവുമെന്ന് ഓഫിസ് അറിയിച്ചു.
വിവിധ സർക്കാറുകളുടെയും ഐക്യരാഷ്ട്രസഭയുടെയും പിന്തുണയോടെയാണ് സൈപ്രസിൽനിന്ന് ഗസ്സയിലേക്കുള്ള ഇടനാഴി സ്ഥാപിക്കുന്നത്. ഇത് മേയ് ആദ്യം പ്രവർത്തനക്ഷമമാകുമെന്ന് പ്രതീക്ഷിക്കുന്നതായി എഫ്.സി.ഡി.ഒ പറഞ്ഞു. അതേസമയം ഇസ്രായേലിനുള്ള ബ്രിട്ടന്റെ പിന്തുണ നിരുപാധികമല്ലെന്ന് വിദേശകാര്യ സെക്രട്ടറി ഡേവിഡ് കാമറൂൺ പറഞ്ഞു.
വേൾഡ് സെൻട്രൽ കിച്ചനിന്റെ വാഹനങ്ങൾക്കുമേൽ ഇസ്രായേൽ ബോംബിട്ടതിനെതുടർന്ന് മൂന്ന് ബ്രിട്ടീഷ് സന്നദ്ധപ്രവർത്തകർ ഉൾപ്പെടെ ഏഴുപേർ കൊല്ലപ്പെട്ട പശ്ചാത്തലത്തിലാണ് വിദേശകാര്യ സെക്രട്ടറിയുടെ പരാമർശം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.