ഗസ്സയിലേക്ക് മെഡിക്കൽ സഹായവുമായി പോകുന്ന യു.എ.ഇയിൽ നിന്നുള്ള കണ്ടെയ്നർ
ദുബൈ: ഇസ്രായേൽ അധിനിവേശത്തിൽ ദുരിതത്തിലായ ഗസ്സയിലെ ഫലസ്തീൻ ജനതക്ക് 65 ടൺ അടിയന്തര മെഡിക്കൽ സഹായങ്ങൾ എത്തിച്ച് യു.എ.ഇ. ലോകാരോഗ്യ സംഘടന (ഡബ്ല്യൂ.എച്ച്.ഒ)യുമായി കൈകോർത്താണ് അവശ്യ മരുന്നുകൾ ഉൾപ്പെടെ അടിയന്തര മെഡിക്കൽ സഹായങ്ങൾ ഗസ്സയിൽ വിതരണം ചെയ്തതെന്ന് വാർത്ത ഏജൻസി റിപോർട്ട് ചെയ്തു.
11 ലോറികളിലായി എത്തിച്ച മരുന്നുകളും മറ്റും ഗസ്സ മുനമ്പിലെ ആശുപത്രികളിലാണ് വിതരണം ചെയ്തത്. ഗസ്സയിലെ ആരോഗ്യ മേഖലക്ക് ആവശ്യമായ പിന്തുണ നൽകുന്നവരിൽ ഏറ്റവും പ്രമുഖ രാജ്യമായ യു.എ.ഇയെ ഡബ്ല്യൂ.എച്ച്.ഒ പ്രതിനിധി അഭിനന്ദിച്ചു.
ഗസ്സക്ക് ആവശ്യമായ ഭക്ഷ്യ വസ്തുക്കൾ എത്തിക്കുന്നതിൽ ഇസ്രായേൽ ഉപരോധം തുടരുന്നതിനാൽ കടുത്ത ദാരിദ്ര്യത്തിന്‍റെ പിടിയിലാണ് ഫലസ്തീൻ ജനത. ആശുപത്രി സംവിധാനങ്ങളെല്ലാം ഇസ്രായേൽ ആക്രമണത്തിൽ തകർന്നിരിക്കുകയാണ്. മെഡിക്കൽ ഉപകരണങ്ങളുടെയും മരുന്നുകളുടെയും ക്ഷാമവും രൂക്ഷമാണ്. ഇതിനിടയിലാണ് യു.എ.ഇയുടെ കൈത്താങ്ങ് ചെറിയ ആശ്വാസമേകുന്നത്.
ഗസ്സക്ക് സഹായമെത്തിക്കുന്നതിനായി യു.എ.ഇ പ്രസിഡന്‍റ് ശൈഖ് മുഹമ്മദ് ബിൻ സായിദ് ആൽ നഹ്യാൻ ‘ഷിവർലസ് നൈറ്റ് 3’ എന്ന പേരിൽ പ്രത്യേക സംരംഭം പ്രഖ്യാപിച്ചിരുന്നു. ഈ സംരംഭത്തിനു കീഴിലാണ് എമിറേറ്റ്സ് റെഡ് ക്രസന്‍റ്, ഡബ്ല്യൂ.എച്ച്.എഒ, മറ്റ് സന്നദ്ധ സംഘടനകൾ തുടങ്ങിയവുടെ സഹായത്തിൽ ഗസ്സയിൽ സഹായങ്ങൾ എത്തിക്കുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.