ചെന്നൈ, കൊൽക്കത്ത വിമാനത്താവളങ്ങൾ സ്വകാര്യ നടത്തിപ്പിലേക്ക്?
ചെന്നൈ: ചെന്നൈ, കൊൽക്കത്ത വിമാനത്താവളങ്ങളുടെ നടത്തിപ്പും വികസനവും പൊതുസ്വകാര്യ പങ്കാളിത്ത (പി.പി.പി) മാതൃകയിൽ സ്വകാര്യ കമ്പനികൾക്ക് കൈമാറാൻ കേന്ദ്ര സർക്കാർ ആലോചിക്കുന്നു. യാത്രാസൗകര്യങ്ങളും അടിസ്ഥാനസൗകര്യങ്ങളും അന്താരാഷ്ട്ര നിലവാരത്തിലേക്ക് ഉയർത്തുകയാണ് ലക്ഷ്യം.
നിലവിൽ എയർപോർട്ട് അതോറിറ്റി ഓഫ് ഇന്ത്യയുടെ (എ.എ.ഐ) നിയന്ത്രണത്തിലുള്ള വിമാനത്താവളങ്ങളുടെ നടത്തിപ്പ്, പരിപാലനം, വികസനം എന്നിവ സ്വകാര്യ കമ്പനികൾക്ക് കൈമാറിയേക്കും. എന്നാൽ, എയർ ട്രാഫിക് കൺട്രോൾ ഉൾപ്പെടെയുള്ള സേവനങ്ങൾ എ.എ.ഐയുടെ കീഴിൽ തുടരും.ചെന്നൈ വിമാനത്താവളത്തിന്റെ നടത്തിപ്പുകാരെ മാറ്റണമെന്നാവശ്യപ്പെട്ട് തമിഴ്നാട് മുഖ്യമന്ത്രി സി. ജോസഫ് വിജയ് പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് കത്തയച്ചിരുന്നു. യാത്രാസൗകര്യങ്ങളും ചരക്കുനീക്ക ശേഷിയും മെച്ചപ്പെടുത്തി സംസ്ഥാനത്തേക്ക് കൂടുതൽ നിക്ഷേപം ആകർഷിക്കേണ്ടതിന്റെ ആവശ്യകത അദ്ദേഹം ചൂണ്ടിക്കാട്ടിയിരുന്നു.
2025-26 സാമ്പത്തിക വർഷത്തിൽ ചെന്നൈ വിമാനത്താവളം 2.3 കോടി യാത്രക്കാരെ കൈകാര്യം ചെയ്തു. നിലവിലെ ടെർമിനലുകളുടെ വാർഷിക ശേഷി മൂന്നുകോടിയാണ്. വികസനം പൂർത്തിയാകുന്നതോടെ ഇത് 3.5 കോടിയായി ഉയരുമെന്നാണ് പ്രതീക്ഷ. അതേസമയം, പൊതുമേഖലാ ആസ്തികൾ സ്വകാര്യ കമ്പനികൾക്ക് കൈമാറുന്നതിനെതിരെ എതിർപ്പും ഉയരുന്നുണ്ട്. യാത്രക്കാർക്ക് അധിക സാമ്പത്തികഭാരം ഉണ്ടാകാതെ പൊതുതാൽപര്യം സംരക്ഷിക്കണമെന്നാണ് വിമർശകരുടെ ആവശ്യം.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.