തുനീഷ്യയിൽ ഗസ്സ അനുകൂല സംഘാടകർ ജയിലിൽ; നിരാഹാര സമരം നടത്തുന്ന ആക്ടിവിസ്റ്റിന്റെ ആരോഗ്യനില വഷളാകുന്നു
തൂനിസ്: ഗസ്സയിലേക്ക് ഭക്ഷണവും സഹായങ്ങളുമായി പുറപ്പെടാൻ തയാറെടുത്ത 'ഗ്ലോബൽ സുമൂദ് ഫ്ലോട്ടില്ല' ഭാരവാഹികളെ തുനീഷ്യൻ അധികൃതർ തടങ്കലിൽ പാർപ്പിച്ച സംഭവം വിവാദമാകുന്നു. അറസ്റ്റിലായ നാല് പ്രമുഖ ആക്ടിവിസ്റ്റുകളിൽ ഒരാളായ വാഈൽ നവാർ ജയിലിൽ ആരംഭിച്ച നിരാഹാര സമരം മൂന്ന് ആഴ്ച പിന്നിട്ടതോടെ അദ്ദേഹത്തിന്റെ ആരോഗ്യനില ഗുരുതരാവസ്ഥയിലാണെന്ന് അഭിഭാഷകർ അറിയിച്ചു.
തങ്ങളുടെ തടങ്കൽ പൂർണമായും രാഷ്ട്രീയ പ്രേരിതമാണെന്നും ഗസ്സക്കുള്ള പിന്തുണയെ കുറ്റകൃത്യമായി ചിത്രീകരിക്കാനാണ് ഭരണകൂടം ശ്രമിക്കുന്നതെന്നും ആരോപിച്ച് ആഗസ്റ്റ് 16-നാണ് നവാർ നിരാഹാര സമരം ആരംഭിച്ചത്. 24 ദിവസത്തെ നിരാഹാരത്തിന് ശേഷം അദ്ദേഹത്തിന് 18 കിലോയോളം തൂക്കം കുറയുകയും രക്തസമ്മർദ്ദവും രക്തത്തിലെ പഞ്ചസാരയുടെ അളവും അപകടകരമായ രീതിയിൽ താഴുകയും ചെയ്തതായി തുനീഷ്യൻ ലീഗ് ഫോർ ഹ്യൂമൻ റൈറ്റ്സ് പ്രസിഡന്റ് ബാസം ട്രിഫി വ്യക്തമാക്കി.
കഴിഞ്ഞ മാർച്ച് മാസത്തിലാണ് ഫ്ലോട്ടില്ല സംഘാടകരായ ഏഴ് പേരെ തുനീഷ്യൻ അധികൃതർ കസ്റ്റഡിയിലെടുത്തത്. ഇവരിൽ മൂന്ന് പേരെ പിന്നീട് മോചിപ്പിച്ചെങ്കിലും വാഈൽ നവാർ, നബീൽ ഗന്നൂഫി, ഗസ്സാൻ ഹെൻചിരി, ഗസ്സാൻ ബൂഖ്ദിരി എന്നിവർ വിചാരണ കൂടാതെ തടങ്കലിൽ തുടരുകയാണ്. സാമ്പത്തിക തിരിമറി, കള്ളപ്പണം വെളുപ്പിക്കൽ, വ്യാജരേഖ ചമക്കൽ എന്നീ ആരോപണങ്ങളാണ് ഇവർക്കെതിരെ സാമ്പത്തിക അന്വേഷണ വിഭാഗം ഉന്നയിക്കുന്നത്. എന്നാൽ ഗസ്സസഹായത്തിനായി പരസ്യമായി സമാഹരിച്ച ഫണ്ടുകളെ സാമ്പത്തിക കുറ്റകൃത്യമായി ചിത്രീകരിച്ച് സിവിൽ സൊസൈറ്റി ശബ്ദങ്ങളെ അടിച്ചമർത്താനാണ് പ്രസിഡന്റ് ഖൈസ് സഈദിന്റെ ഭരണകൂടം ശ്രമിക്കുന്നതെന്ന് മനുഷ്യാവകാശ സംഘടനകൾ ആരോപിക്കുന്നു.
തടവിലാക്കപ്പെട്ട ആക്ടിവിസ്റ്റുകളെ സെപ്റ്റംബർ 16-ന് കോടതിയിൽ ഹാജരാക്കാനിരിക്കുകയാണ്. അന്താരാഷ്ട്ര മനുഷ്യാവകാശ സംഘടനയായ 'ഹ്യൂമൻ റൈറ്റ്സ് വാച്ച്' ഉൾപ്പെടെയുള്ള പ്രസ്ഥാനങ്ങൾ ആക്ടിവിസ്റ്റുകളെ ഉടൻ മോചിപ്പിക്കണമെന്ന് ആവശ്യപ്പെട്ട് രംഗത്തെത്തിയിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.