വൈറ്റ് ഹൗസിൽ നിന്ന് പുറത്താക്കിയതിന് പിന്നാലെ ട്രംപിന് നന്ദി പറഞ്ഞ് എക്സിൽ കുറിപ്പ്; മുന്‍ പ്രസ് സെക്രട്ടറിക്ക് ട്രോൾ മഴ

വാഷിങ്ടൺ: പ്രസ് സെക്രട്ടറി പദവിയിൽ നിന്ന് പുറത്തായതിന് പിന്നാലെ പ്രസിഡന്‍റ് ഡോണൾഡ് ട്രംപിന് നന്ദി അയറിയിച്ച് സമൂഹമാധ്യമത്തിൽ കുറിപ്പിട്ട കാറ്റി സക്കറിയയ്ക്ക് ട്രോളുകളുടെ പെരുമഴ. ആദ്യം പത്രസമ്മേളനം പാളിയതിന് പിന്നാലെയാണ് വൈറ്റ് ഹൗസ് പ്രസ് സെക്രട്ടറിയായി വെറും അഞ്ചുദിവസം മാത്രം പ്രവർത്തിച്ച കാറ്റി പുറത്തായത്. യു.എസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ് കാറ്റിയുടെ കുടുംബത്തെ ഓവൽ ഓഫിസിൽ സ്വീകരിച്ചതിനും മക്കൾക്ക് സമ്മാനങ്ങൾ നൽകിയതിനും നന്ദി അറിയിച്ച് എക്സിൽ പങ്കുവെച്ച കുറിപ്പിന് താഴെയാണ് പരിഹാസ കമന്റുകൾ പ്രത്യക്ഷപ്പെട്ടത്.

'എന്റെ കുടുംബത്തെയും എന്നെയും ഓവൽ ഓഫിസിൽ സ്വീകരിച്ചതിനും മകന്റെ ജന്മദിനത്തിൽ കുട്ടികൾക്ക് മനോഹരമായ സമ്മാനങ്ങൾ നൽകിയതിനും നന്ദി, പ്രസിഡന്റ് ട്രംപ്. അത് മറക്കാനാവാത്തൊരു ബഹുമതിയാണ്' എന്നായിരുന്നു കാറ്റിയുടെ കുറിപ്പ്.  ‘ജോലിയിലുണ്ടായിരുന്നതിനേക്കാൾ നീളുന്നു വിടവാങ്ങൽ പര്യടനം’, 'നിങ്ങളുടെ വിടവാങ്ങൽ പര്യടനം ജോലിയിലുണ്ടായിരുന്ന കാലത്തേക്കാൾ നീളുകയാണല്ലോ', 'വൈറ്റ് ഹൗസിലെ ഒരു പദവിയിൽ സമയത്തെ അളക്കാൻ പുതിയൊരു മാനദണ്ഡം സൃഷ്ടിച്ചതിൽ നിങ്ങൾക്ക് അഭിമാനിക്കാം' തുടങ്ങിയ നിരവധി കമന്റുകളാണ് പോസ്റ്റിന് താഴെ നിറഞ്ഞത്.

ട്രംപുമായുള്ള കാറ്റിയുടെ രാഷ്ട്രീയ അടുപ്പത്തെയും കുടുംബത്തെ ഓവൽ ഓഫിസിലേക്ക് ക്ഷണിച്ചതിനെയും വിമർശിച്ച് ചിലർ രംഗത്തെത്തി. സ്ഥാനമൊഴിഞ്ഞ ശേഷവും ട്രംപിനെ പ്രശംസിച്ചുകൊണ്ടുള്ള കാറ്റിയുടെ പരാമർശങ്ങളാണ് ചിലരെ ചൊടിപ്പിച്ചത്. ഒക്ടോബർ 12-നാണ് മുൻ പ്രസ് സെക്രട്ടറി കരോലിൻ ലീവിറ്റിന് പകരക്കാരിയായി കാറ്റി സക്കറിയ ചുമതലയേറ്റത്. എന്നാൽ തന്റെ ആദ്യ വാർത്താസമ്മേളനത്തിൽ ചോദ്യങ്ങൾക്ക് വ്യക്തമായ മറുപടി നൽകാത്തതും യുക്രെയ്ൻ സംബന്ധിച്ച രഹസ്യാന്വേഷണ വിവരങ്ങളെപ്പറ്റി വിവരിക്കാത്തതും വിമർശനത്തിന് ഇടയാക്കി.

കാറ്റിയുടെ നിയമപരമായ യോഗ്യതകളെക്കുറിച്ചും വിമർശനമുണ്ടായി. കാലിഫോർണിയ ബാർ പരീക്ഷയിൽ വിജയിച്ചിട്ടില്ലെന്ന വിവരം പുറത്തുവന്നതോടെ, അഭിഭാഷകയാണോ എന്ന സംശയത്തിലേക്കും വഴിവെച്ചു. കാറ്റിയെ ട്രംപ് പുറത്താക്കിയതാണെന്ന് ചില യു.എസ് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തപ്പോൾ, മറ്റുചില മാധ്യമങ്ങൾ അവർ മറ്റൊരു പദവിയിലേക്ക് മാറുകയാണെന്നാണ് റിപ്പോർട്ട് ചെയ്തത്. ജോലി പ്രതീക്ഷിച്ചതിലും ബുദ്ധിമുട്ടേറിയതാണെന്നും തുടരാൻ താൽപര്യമുണ്ടോയെന്നും ട്രംപ് കാറ്റിയോട് ചോദിച്ചതായും റിപ്പോർട്ടുകളുണ്ട്.

 
Tags:    
News Summary - White House Press Secretary Departure

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.