വാഷിങ്ടൺ: ജൂലെ നാലിനകം യു.എസുമായുള്ള കരാറിൽ ഒപ്പു വെച്ചില്ലെങ്കിൽ യൂറോപ്യൻ രാജ്യങ്ങളിൽ നിന്നുള്ള ഇറക്കുമതി ഉൽപ്പന്നങ്ങൾക്ക്, പ്രത്യേകിച്ച് വാഹനങ്ങൾക്ക് കനത്ത നികുതി ഏർപ്പെടുത്തുമെന്ന് മുന്നറിയിപ്പുമായി ട്രംപ് . അമേരിക്കയുടെ 250-ാം സ്വാതന്ത്ര്യദിനമായ ജൂലൈ 4-നകം വ്യാപാര കരാറിൽ അന്തിമ തീരുമാനമെടുക്കണമെന്നാണ് ട്രംപിന്‍റെ ആവശ്യം.
യൂറോപ്യൻ യൂനിയൻ പ്രസിഡൻ്റ് ഉർസുല വോൺ ഡെർ ലെയ്‌നുമായി നടത്തിയ ചർച്ചയ്ക്ക് ശേഷമാണ് ട്രംപ് ട്രൂത്ത് സോഷ്യലിലൂടെ മുന്നറിയിപ്പ് നൽകിയത്. യൂറോപ്യൻ വാഹനങ്ങളുടെ നികുതി നിലവിലെ 15 ശതമാനത്തിൽ നിന്ന് 25 ശതമാനമായി ഉയർത്താനാണ് നീക്കം. ട്രംപിന്റെ ഈ പ്രസ്താവനയെത്തുടർന്ന് സ്റ്റെല്ലാന്റിസ് പോലുള്ള പ്രമുഖ വാഹന നിർമ്മാതാക്കളുടെ ഓഹരികളിൽ ഇടിവുണ്ടായി.
2025 ജൂലൈയിൽ ഉണ്ടാക്കിയ കരാർ പ്രകാരം,യു.എസ് വ്യാവസായിക ഉൽപ്പന്നങ്ങളുടെ നികുതി ഒഴിവാക്കാൻ യൂറോപ്യൻ യൂനിയൻ സമ്മതിച്ചിരുന്നു. പകരം ഭൂരിഭാഗം യൂറോപ്യൻ ഉൽപ്പന്നങ്ങൾക്കും അമേരിക്ക 15 ശതമാനം നികുതി പരിധി നിശ്ചയിച്ചു. എന്നാൽ ഈ കരാർ നടപ്പിലാക്കുന്നതിൽ യൂറോപ്യൻ യൂനിയൻ കാലതാമസം വരുത്തുന്നു എന്നാണ് ട്രംപിന്റെ ആരോപണം. യൂറോപ്യൻ പാർലമെന്റും അംഗരാജ്യങ്ങളും കരാറിലെ ഭേദഗതികളെക്കുറിച്ച് ചർച്ചകൾ തുടരുകയാണെന്നും വരും ആഴ്ചകളിൽ ഇതിൽ കൂടുതൽ വ്യക്തത വരുമെന്നുമാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.