വാഷിങ്ടൺ: നികുതി ഇളവുകളുടെയും ചെലവ് ചുരുക്കലിന്റെയും പാക്കേജിൽ ഒപ്പുവെച്ച് യു.എസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ്. റിപ്പബ്ലിക്കൻ കക്ഷിയുടെ പൂർണ പിന്തുണ ഇതിൽ ഉറപ്പാക്കാനായത് ട്രംപിന്റെ നേട്ടമായി. ഇതോടെ ചെലവ് ചുരുക്കൽ നിർദേശങ്ങളടങ്ങിയ ബിൽ നിയമമായി. സ്വാതന്ത്ര്യ ദിനാഘോഷങ്ങളുടെ വേളയിലാണ് പുതിയ നിയമം പാസാക്കിയത്. മുമ്പാരിക്കലുമില്ലാത്തവിധം അമേരിക്ക വിജയക്കുതിപ്പിലാണെന്ന് ട്രംപ് പറഞ്ഞു.
സമ്പന്നർക്കുവേണ്ടിയുള്ളതാണ് പുതിയ പാക്കേജ് എന്ന വിമർശനം ഉയരുന്നുണ്ട്. താഴ്ന്ന വരുമാനക്കാരുടെ ആരോഗ്യ ഇൻഷുറൻസിനെയും ഭക്ഷണ സഹായത്തിനെയും സാമ്പത്തിക സ്ഥിരതയെയും ഇത് ബാധിക്കുമെന്ന് വിമർശകർ പറയുന്നു. അമേരിക്കൻ ചരിത്രത്തിൽ ഏറ്റവും മോശമായ, തൊഴിലുകൾ നശിപ്പിക്കുന്ന ബില്ലിലാണ് ട്രംപ് ഒപ്പിട്ടതെന്ന് ‘അമേരിക്കൻ ഫെഡറേഷൻ ഓഫ് ലേബർ ആൻഡ് കോൺഗ്രസ് ഓഫ് ഇൻഡസ്ട്രിയൽ ഓർഗനൈസേഷൻ’ പ്രസിഡന്റ് ലിസ് ഷുലർ പറഞ്ഞു.
‘വൺ ബിഗ് ബ്യൂട്ടിഫുൾ’ എന്നറിയപ്പെടുന്ന ബില്ലാണ് നിയമമായത്. നികുതി ഇളവുകളും സൈന്യത്തിനായുള്ള കൂടുതൽ തുക വകയിരുത്തലും കുടിയേറ്റ നിയമങ്ങൾ കർശനമായി നടപ്പാക്കാനുള്ള കാര്യങ്ങളും ആരോഗ്യരംഗത്തെ ചെലവ് ചുരുക്കലും മറ്റുമാണ് ഇതിലുള്ളത്. തൊഴിലാളികൾക്ക് ‘ടിപ്പി’ലും ഓവർടൈമിനും മറ്റും നികുതി ഇളവ് ഏർപ്പെടുത്തിയിട്ടുണ്ട്. വ്യാപാര വ്യവസായ സ്ഥാപനങ്ങൾക്ക് ഗവേഷണ-വികസന കാര്യങ്ങൾക്കായുള്ള തുക ചുരുക്കാം.
അതിനിടെ, യു.എസിലേക്ക് സാധനങ്ങൾ കയറ്റുമതി ചെയ്യുന്ന 12 രാജ്യങ്ങൾക്കുള്ള നികുതി നിരക്കുകൾ വിശദീകരിച്ചുള്ള കത്തിൽ ഒപ്പിട്ടതായി ഡോണൾഡ് ട്രംപ് പറഞ്ഞു. ന്യൂജഴ്സിയിലേക്കുള്ള യാത്രക്കിടെ ‘എയർ ഫോഴ്സ് വൺ’ വിമാനത്തിൽ വാർത്ത ലേഖകരുമായി സംസാരിക്കുകയായിരുന്നു ട്രംപ്. ഏതൊക്കെ രാജ്യങ്ങൾക്കാണ് കത്ത് തയാറാക്കിയത് എന്നത് വ്യക്തമാക്കിയിട്ടില്ല. ഇത് തിങ്കളാഴ്ച വെളിപ്പെടുത്തുമെന്നാണ് ട്രംപ് പറഞ്ഞത്. ട്രംപിന്റെ നികുതി ഭീഷണി നേരിടുന്ന രാജ്യങ്ങളിൽ ഇന്ത്യയുമുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.