വാഷിങ്ടൺ: മിഡിൽ ഈസ്റ്റിൽ സമാധാനം പുനസ്ഥാപിക്കാനുള്ള നയതന്ത്ര നീക്കങ്ങൾ പുതിയ ഘട്ടത്തിലേക്ക്. ഇറാനുമായുള്ള സമാധാന ചർച്ചകൾ വരും ദിവസങ്ങളിൽ പുനരാരംഭിക്കുമെന്ന് അമേരിക്കൻ പ്രസിഡന്റ് ഡോണാൾഡ് ട്രംപ് സൂചിപ്പിച്ചു. അടുത്ത രണ്ട് ദിവസത്തിനുള്ളിൽ പാകിസ്താനിൽ വെച്ച് ഇറാനുമായുള്ള ചർച്ചകൾ നടന്നേക്കുമെന്ന് ട്രംപ് വ്യക്തമാക്കി. "അടുത്ത രണ്ട് ദിവസത്തിനുള്ളിൽ നിർണ്ണായകമായ ചില നീക്കങ്ങൾ നടന്നേക്കാം. ചർച്ചകളുമായി മുന്നോട്ട് പോകാനാണ് ഞങ്ങൾ താൽപ്പര്യപ്പെടുന്നത്," ട്രംപ് ന്യൂയോർക്ക് പോസ്റ്റിനോട് പറഞ്ഞു. കഴിഞ്ഞ വാരാന്ത്യത്തിൽ ഇസ്ലാമാബാദിൽ വെച്ച് നടന്ന ചർച്ചകൾ പരാജയപ്പെട്ടതിനെത്തുടർന്ന് ഇറാനിയൻ തുറമുഖങ്ങൾക്ക് യു.എസ് ഉപരോധം ഏർപ്പെടുത്തിയിരുന്നു.
ഫെബ്രുവരി 28-ന് ആരംഭിച്ച യുദ്ധത്തെത്തുടർന്ന് ഹുർമുസ് കടലിടുക്ക് ഇറാൻ അടച്ചതോടെ ആഗോള ഊർജ്ജ വിപണി കടുത്ത പ്രതിസന്ധി നേരിടുകയായിരുന്നു. നിലവിലുള്ള വെടിനിർത്തൽ കരാർ അവസാനിക്കാൻ ഒരാഴ്ച മാത്രം ബാക്കിനിൽക്കെ പുതിയ ചർച്ചകൾക്ക് വലിയ പ്രാധാന്യമുണ്ട്.
യുറേനിയം സമ്പുഷ്ടീകരണം മരവിപ്പിക്കേണ്ട കാലാവധിയെച്ചൊല്ലിയാണ് ഇരുരാജ്യങ്ങളും തമ്മിൽ പ്രധാന തർക്കം നിലനിൽക്കുന്നത്. അഞ്ച് മുതൽ 10 വർഷം വരെ ഇത് നിർത്തിവെക്കാൻ ഇറാൻ സന്നദ്ധമാണെങ്കിലും 20 വർഷമോ അതിലധികമോ കാലം മരവിപ്പിക്കണമെന്നാണ് അമേരിക്കയുടെ ആവശ്യം. ഏറ്റുമുട്ടൽ സാഹചര്യം ഒഴിവാക്കാൻ ഇരുപക്ഷവും തുറന്ന മനസോടെയാണ് ചർച്ചകൾക്ക് ഒരുങ്ങുന്നത്. ഇതിനിടെ, ആണവായുധം നിർമിക്കാൻ ഇറാന് യാതൊരു നീക്കവുമില്ലെന്ന് അന്താരാഷ്ട്ര ആണവോർജ സമിതി ഡയറക്ടറും വ്യക്തമാക്കി.
ഹുർമുസ് കടലിടുക്കിൽ അമേരിക്കയുടെ നാവിക ഉപരോധം രണ്ടാം ദിവസത്തിലേക്ക് കടന്നിരിക്കുകയാണ്. എന്നാൽ ഇതുവരെ ഇരുവിഭാഗവും തമ്മിൽ ഏറ്റുമുട്ടലുകളൊന്നും ഉണ്ടായിട്ടില്ല. ട്രംപിന്റെ ഭീഷണികൾ മറികടന്ന് ചൈനയുടേത് ഉൾപ്പെടെ നിരവധി കപ്പലുകൾ ഇതിനോടകം ഹുർമുസ് കടന്നിട്ടുണ്ട്. ഇറാൻ തുറമുഖങ്ങളിലേക്കും തിരികെയും വരുന്ന വാണിജ്യ കപ്പലുകളെ ആക്രമിക്കില്ലെന്ന് യു.എസ് സേന തീരുമാനിച്ചതായാണ് പുതിയ റിപ്പോർട്ടുകൾ. സഖ്യകക്ഷികളുടെ കപ്പലുകൾക്ക് അകമ്പടി പോകാനുള്ള തീരുമാനത്തിൽ നിന്നും യു.എസ് സൈന്യം പിന്മാറിയിട്ടുണ്ട്.
അമേരിക്കൻ കോൺഗ്രസിലും യുദ്ധത്തിനെതിരായ നീക്കങ്ങൾ ശക്തമാണ്. ട്രംപിന്റെ യുദ്ധാധികാരം കുറക്കാൻ യു.എസ് സെനറ്റിൽ ഡെമോക്രാറ്റ് പ്രതിനിധികൾ കൊണ്ടുവന്ന പ്രമേയത്തിൽ ഇന്ന് വീണ്ടും വോട്ടെടുപ്പ് നടക്കും. ഇറാനുമായുള്ള യുദ്ധം അമേരിക്കൻ ജനതയെ അപകടത്തിലാക്കുന്നതാണെന്നും ആഭ്യന്തര വിപണിയിൽ വൻ വിലക്കയറ്റത്തിന് കാരണമാകുമെന്നുമാണ് പ്രമേയത്തിൽ ചൂണ്ടിക്കാണിക്കുന്നത്.
ഇറാൻ-യു.എസ് സംഘർഷത്തിന് സമാന്തരമായി ദക്ഷിണ ലബനാനിൽ ഹിസ്ബുല്ലയും ഇസ്രായേലും തമ്മിലുള്ള ഏറ്റുമുട്ടൽ അതിരൂക്ഷമായി തുടരുകയാണ്. ലബനാൻ യുദ്ധം ഉടൻ നിർത്തണമെന്ന് ബ്രിട്ടൻ, കാനഡ, ആസ്ട്രേലിയ തുടങ്ങി പത്തോളം രാജ്യങ്ങൾ ഇസ്രായേലിനോട് ആവശ്യപ്പെട്ടിട്ടുണ്ട്. യുദ്ധം അവസാനിപ്പിക്കുന്നതുമായി ബന്ധപ്പെട്ട് അമേരിക്കയിൽ വെച്ച് ലബനാൻ-ഇസ്രായേൽ പ്രതിനിധികൾ ചർച്ച നടത്തിയെങ്കിലും വെടിനിർത്താൻ ഇസ്രായേൽ വിസമ്മതിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.